മട്ടൺ കറി കൂടുതൽ വേണമെന്നുപറഞ്ഞ് പൂജപ്പുര ജയിലിൽ തടവുകാരന്റെ കയ്യാങ്കളി; വീണ്ടും കേസ്
തിരുവനന്തപുരം: മട്ടൻ കറയുടെ പേരിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കയ്യാങ്കളി. ചോറിനൊപ്പം വിളമ്പിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞുപോയെന്ന് പറഞ്ഞായിരുന്നു തടവുകാരൻ ജയിലിൽ പ്രശ്നം ഉണ്ടാക്കിയത്. ഇയാൾ ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ലഹരിക്കേസിൽ ജയിലിൽ കഴിയുന്ന വയനാട് സ്വദേശി ഫൈജാസാണ് ആക്രമസക്തനായത്. ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിനേയും മറ്റൊരു ജയിൽ ഉദ്യോഗസ്ഥനേയും ഇയാൾ ആക്രമിച്ചു. സംഭവത്തിന് പിന്നാലെ ഇയാൾക്കെതിരെ പൂജപ്പുര പോലീസ് കേസെടുത്തു.
മട്ടൻ കറി കുറഞ്ഞുപോയെന്ന് പറഞ്ഞ് ഇയാൾ ജയിൽ ടവറിൽ കയറി ബഹളം വെയ്ക്കുകയായിരുന്നു. മറ്റുള്ളവർക്ക് നൽകിയതിനേക്കാൾ കറി തനിക്ക് വേണമെന്ന് പറഞ്ഞ് ഇയാൾ ബഹളമുണ്ടാക്കി. തുടർന്ന് ഇയാൾ ജയിൽ പരിസരത്ത് മുഴുവൻ നടന്ന് പ്രശ്നമുണ്ടാക്കിയെന്നാണ് മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞത്. ശനിയാഴ്ചയായിരുന്നു സംഭവം.

ജയിൽ മെനുവലിന്റെ ഭാഗമായി ശനിയാഴ്ച മട്ടൻ കറിയാണ് തടവുകാർക്ക് നൽകുന്നത്. മറ്റ് തടവുകാർക്ക് കൊടുക്കുന്ന പോലെ തന്നെയാണ് ഇയാൾക്കും മട്ടൻ കറി വിളമ്പിയത്. എന്നാൽ കറി വിളമ്പിയ കണ്ട പ്രതി ബഹളം വെയ്ക്കുകയും ആ കറി എടുത്ത് ചവറ്റുകൊട്ടയിലേക്ക് എറിയുകയും ചെയ്തു. ഇത് ആദ്യതവണയല്ല ഇയാൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മറ്റ് ജയിലുകളിലും ഇയാൾ സമാനമായ പ്രശ്നം ഉണ്ടാക്കിയിരുന്നു. നിലവിൽ ഇയാളെ പ്രത്യേക വാർഡിലേക്ക് മാറ്റിയതായി ജയിൽ അധികൃതർ പറഞ്ഞു.












Click it and Unblock the Notifications