13 കാരനെ പീഡിപ്പിച്ച കേസ്: ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഗിരീഷിന് 7 വർഷം കഠിന തടവ്
തിരുവനന്തപുരം: കൗൺസലിംഗിന് എത്തിയ 13 കാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. കെ. ഗിരീഷിന് 7 വർഷം കഠിന തടവ് വിധിച്ചു. മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിവന്ന 13 കാരനെയാണ് ഇയാൾ പീഡിപ്പിച്ചത്. ഒന്നരലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചു. പിഴയടയ്ക്കുന്ന തുക കുട്ടിക്ക് കൈമാറാനാണ് ഉത്തരവ്. പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കൂടി ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ആജ് സുദർശനാണ് കേസിൽ ശിക്ഷ വിധിച്ചത്.
സർക്കാർ ഉദ്യോഗസ്ഥൻ ആയിരിക്കുമ്പോൾ പീഡനം നടത്തി, മാനസിക അസ്വസ്ഥ്യമുള്ള കുട്ടിയെ പീഡിപ്പിച്ചു, ഒന്നിൽ കൂടുതൽ തവണയുള്ള പീഡനം, മുമ്പ് പോസ്കോ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും കുറ്റം ആവർത്തിച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശിക്ഷ നൽകിയത്. വിവിധ വകുപ്പുകൾ അനുസരിച്ച് 26 വർഷം തടവാണ് ലഭിച്ചത്. എന്നാൽ 7 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

ഇയാൾ നേരത്തെയും മറ്റൊരു ആണ്‌കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇതേ കോടതി തന്നെയാണ് ഇയാൾക്ക് ആറ് വർഷത്തെ കഠിന തടവ് വിധിച്ചിരുന്നത്. ഈ കേസിൽ ഇയാൾ ഹൈക്കോടതിയിൽ നിന്ന് ജാമ്യം എടുത്തിരുന്നു. ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് പ്രഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിലെ വീടായ തണലിനോട് ചേർന്നുള്ള സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
2015 ഡിസംബർ 6 മുതൽ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ കൗൺസിലിങ്ങിനായി എത്തിയപ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ മനോരോഗം വർധിച്ചു. തുടർന്ന്, പ്രതി കുട്ടിയെ മറ്റ് ഡോക്ടർമാരെ കാണിക്കാൻ പറയുകയായിരുന്നു. പീഡനം പുറത്ത് പറയരുത് എന്നും പ്രതി കുട്ടിയെ ഭീക്ഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ ഭീക്ഷണിയിൽ ഭയന്ന കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല.
വീട്ടുകാർ കുട്ടിയെ മറ്റ് പല മനോരോഗ വിദഗ്ധരെയും കാണിച്ചിരുന്നു. എന്നാൽ മാറ്റമൊന്നുമില്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രി സൈക്ക്യാട്രി വിഭാഗത്തിൽ ആ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. 2019 ജനുവരി 30ന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുത്തപ്പോഴായിരുന്നു രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം കുട്ടി പുറത്തുപറഞ്ഞത്. ഇയാൾ കുട്ടിക്ക് ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ചുകൊടുക്കുമായിരുന്നു എന്നും കുട്ടി പറഞ്ഞിരുന്നു.
മെഡിക്കൽ കോളേജ് അധികൃതർ പോലീസിനെ വിവരം അറിയതിനെ തുടർന്നാണ് ഫോർട്ട് പോലീസ് കേസെടുത്തത്. ആദ്യം എടുത്ത കേസിൽ ജാമ്യത്തിൽ നിൽക്കുന്നതിനിടയിലാണ് ഈ കേസിൽ അറസ്റ്റിലായത്. പീഡനത്തെ തുടർന്നാണ് കുട്ടിയുടെ അസുഖം അധികം ആയത് എന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ർ പറഞ്ഞിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. ഫോർട്ട് എസ്ഐമാരായ കിരൺ.ടി.ആർ., എ.അനീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.












Click it and Unblock the Notifications