ജാതിവിവേചനം... രാജിവച്ച ബിജെപി മണ്ഡലം സെക്രട്ടറി ബിന്ദുവിന്റെ പ്രതികരണം; സ്വതന്ത്രയായി മത്സരിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴേക്കും തിരുവനന്തപുരത്ത് ബിജെപി വലിയ പ്രതിസന്ധി നേരിടുകയാണ്. നേതാക്കളായ വലിയശാല പ്രവീണും പള്ളിത്താനും രാധാകൃഷ്ണനും രാജിവച്ചതിന് പിറകെ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം സെക്രട്ടറി ആര്‍ ബിന്ദുവും ബിജെപിയില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്.
നേതാക്കള്‍ക്കിടയില്‍ ജാതി വിവേചനമുണ്ട് എന്ന ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് ആര്‍ ബിന്ദുവിന്റെ രാജി. പത്ത് വര്‍ഷം പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച തന്നെ തഴഞ്ഞതിലുള്ള കടുത്ത പ്രതിഷേധമാണ് ബിന്ദു പ്രകടിപ്പിക്കുന്നത്. ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ബിന്ദു, വണ്‍ഇന്ത്യ മലയാളവുമായി പങ്കുവച്ച വിവരങ്ങള്‍...

പത്ത് വര്‍ഷമായി സംഘടന ചുമതലയില്‍
പത്ത് വര്‍ഷമായി ബിജെപിയുടെ സംഘടനാ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. ആദ്യം മത്സരിക്കുന്നത് 2010 ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടായിരുന്നു. അന്ന് വലിയവിള സംവരണ വാര്‍ഡില്‍ മത്സരിച്ചുകൊണ്ടായിരുന്നു തുടക്കം.

മികച്ച പ്രകടനം
ബിജെപിയ്ക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നില്ലാത്ത വലിയവിളയില്‍ മികച്ച പ്രകടം കാഴ്ച വച്ചു. അന്ന് തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. 90 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

വാഗ്ദാനം
2015 ലെ തിരഞ്ഞെടുപ്പില്‍ വലിയവിള, പൊതു വാര്‍ഡ് ആയി. ആ സമയത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം നേതാക്കള്‍ വീട്ടിലെത്തി വിവരം പറഞ്ഞിരുന്നു. അടുത്ത തവണ വനിത വാര്‍ഡ് ആകുമെന്നും സ്ഥാനാര്‍ത്ഥിയാക്കുമെന്നും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

അവസാന നിമിഷം മാറ്റി
ഇത്തവണ വനിത വാര്‍ഡ് ആയപ്പോള്‍ തന്നെ പരിഗണിക്കുമെന്നാണ് അവസാന നിമിഷം വരെ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് ഇത്തരം ഒരു അവഗണന നേരിട്ടതില്‍ മാനസികമായി വിഷമമുണ്ടായി. അതുകൊണ്ടാണ് രാജിവച്ചത്.

ജാതി തന്നെ പ്രശ്‌നം
എന്തുകൊണ്ടാണ് തന്നെ പരിഗണിക്കാതിരുന്നത് എന്നത് സംബന്ധിച്ച് വ്യക്തമായി അറിയില്ല. ജാതിവിവേചനം തന്നെയായിരിക്കും അതിന് കാരണം എന്നാണ് താന്‍ കരുതുന്നത് എന്ന് ആര്‍ ബിന്ദു വണ്‍ഇന്ത്യയോട് പറഞ്ഞു. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് വലിയവിള.

കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി
ഇത്തവണ വലിയവിളയില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയാണ് ബിജെപിയ്ക്കുള്ളത് എന്നും ആര്‍ ബിന്ദു പറഞ്ഞു. പാര്‍ട്ടിയ്ക്ക് വേണ്ടി മുക്കിലും മൂലയിലും പ്രവര്‍ത്തിക്കുന്ന വനിതകള്‍ വേറേയും ഉണ്ട്. തന്നെ സ്ഥാനാര്‍ത്ഥിയാക്കിയില്ല എന്നത് മാത്രമല്ല പ്രശ്‌നം, പ്രവര്‍ത്തകരായ മറ്റ് സ്ത്രീകളേയും അവഗണിച്ചു എന്ന് ആര്‍ ബിന്ദു പ്രതികരിച്ചു.

വാര്‍ഡില്‍ താമസക്കാരി പോലുമല്ല
ബിജെപി കെട്ടിയിറക്കിയിരിക്കുന്ന സ്ഥാനാര്‍ത്ഥി വാര്‍ഡിലെ താമസക്കാരി പോലും അല്ലെന്നും ആര്‍ ബിന്ദു പറഞ്ഞു. ഒപ്പം പ്രവര്‍ത്തിച്ചിരുന്ന മറ്റ് വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം കൊടുത്തിരുന്നെങ്കില്‍ പോലും എതിര്‍പ്പുണ്ടാവുമായിരുന്നില്ല എന്നും ആര്‍ ബിന്ദു വണ്‍ഇന്ത്യയോട് പറഞ്ഞു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി
വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ആര്‍ ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് നാട്ടുകാരുടെ പിന്തുണയുണ്ടെന്നും അതുകൊണ്ടാണ് മത്സരിക്കുന്നത് എന്നും അവര്‍ പറഞ്ഞു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും തന്ന ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല എന്നും ബിന്ദു വ്യക്തമാക്കി.

മറ്റ് പാര്‍ട്ടിയിലേക്ക്...
മറ്റ് ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല എന്നും ആര്‍ ബിന്ദു വ്യക്തമാക്കി. ആരും ഇതുവരെ അത്തരം വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നിട്ടില്ല എന്നും അവര്‍ പറഞ്ഞു.
Recommended Video

ബിജെപിയ്ക്ക് പ്രതിസന്ധി
നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് വലിയവിള. ആര്‍ ബിന്ദു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ അത് ബിജെപിയ്ക്ക് വലിയ പ്രതസിന്ധി തന്നെ ആകും സൃഷ്ടിക്കുക. എസ് മഞ്ജു ആണ് ഇത്തവണ ഇവിടത്തെ സിപിഎം സ്ഥാനാര്‍ത്തി.












Click it and Unblock the Notifications