ജ്യൂസ് നല്‍കിയതില്‍ യുവതിയുടെ ക്ഷമാപണം; വാട്‌സാപ്പ് ചാറ്റ് പുറത്ത്; നിര്‍ണായക തെളിവ്
തിരുവനന്തപുരം: വിഷാംശം കലര്‍ന്ന ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ജ്യീസ് നല്‍കിയതില്‍ യുവതി ക്ഷമാപണം ചോദിക്കുന്നതടക്കമുള്ള ചാറ്റുകളാണ് പുറത്തുവന്നത്. മരിച്ച ഷാരോണിന് ജ്യൂസ് നല്‍കിയ കാര്യം യുവതി ചാറ്റില്‍ സമ്മതിക്കുന്നുണ്ട്. ഛര്‍ദ്ദിക്കുന്നുണ്ടെങ്കില്‍ മരുന്ന് വാങ്ങണമെന്നും യുവതി പറയുന്നുണ്ട്. എന്നാല്‍ തനിക്ക് തീരെ വയ്യെന്നാണ് ഷാരോണ്‍ ചാറ്റില്‍ പറയുന്നത്.

യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. ഷാരോണിനെ കൊല്ലുന്നതിന് വേണ്ടി യുവതി നടത്തിയ ആസൂത്രിതമായ കൊലപാതകമാണിതെന്നാണ് കുടുംബം ആരോപിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാര്യമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു.

പൊലീസ് ആരെയോ ഭയക്കുന്നുണ്ടെന്നാണ് കുടുംബം പറയുന്നത്. ഷാരോണിന് വിഷാംശമുള്ള ഭക്ഷണം നല്‍കിയാകാമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. ഇതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റെത്തി ഷാരോണിന്റെ മരണമൊഴി രേഖപ്പെടുത്തിയത്.

ഷാരോണും തമിഴ്‌നാട് സ്വദേശിനിയുമായ പെണ്‍കുട്ടിയും തമ്മില്‍ ഒരു വര്‍ഷത്തിലേറയായി പ്രണയത്തിലാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയില്‍ വച്ച് താലി കെട്ടിയെന്നും കുടുംബം പറയുന്നു. തുടര്‍ന്ന് സ്വന്തം വീടുകളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ പെബ്രുവരിയില്‍ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. ഈ സൈനികനെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

പാറശ്ശാല മൂര്യങ്കര ജെ പി ഹൗസില്‍ ജയരാജിന്റെ മകന്‍ ഷാരോണ്‍ രാജ് ആണ് ഇക്കഴിഞ്ഞ 25ന് മരിച്ചത്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ അവാസന വര്‍ഷ ബി എസ് സി റേഡിയോളജി വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍. 14ാം തീയതിയായിരുന്നു ഷാരാണ്‍ പെണ്‍ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിക്കുന്നത്. തുടര്‍ന്ന് അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications