രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശനുമെതിരെയുള്ള അന്വേഷണം ഊർജിതമാക്കാൻ സർക്കാർ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള അന്വേഷണവുമായി സംസ്ഥാന സർക്കാർ. പുനർജനി പദ്ധതിയിലെ അഴിമതി ആരോപണം ഉയർന്ന സംഭവത്തിൽ വിഡി സതീശനെതിരെയും ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല, വിഎസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെയുള്ള അന്വേഷണത്തിനായി സ്പീക്കറിൽ നിന്ന് അനുമതി തേടുന്നതിനുള്ള നടപടിക്രമങ്ങളും ആഭ്യന്തര വകുപ്പ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. കേസന്വേഷണങ്ങളുമായി മുന്നോട്ടുപോകുന്നതിനായി ഉടൻ തന്നെ നിയമസഭാ സ്പീക്കറെ സമീപിക്കുമെന്നുമാണ് പുറത്തുവരുന്ന സൂചനകൾ.
എന്നാൽ ഗവർണറുടെ അനുമതി കൂടി ലഭിക്കുന്നതോടെ മാത്രമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള അന്വേഷണവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുക. ഗുജറാത്തിൽ നടക്കുന്ന സ്പീക്കർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പോയ പി ശ്രീരാമകൃഷ്ണൻ കേരളത്തിൽ തിരിച്ചെത്തിയ ശേഷമായിരിക്കും ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുക.

ബാർകോഴക്കേസിൽ ബാർ ഉടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് സർക്കാർ അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. ബാർകോഴക്കേസിൽ പണം കൈമാറിയത് സംബന്ധിച്ചുള്ള കണക്കുകളാണ് ബിജു രമേശ് പുറത്തുവിട്ടത്. കെ എം മാണിക്കെതിരായ ബാർ കോഴക്കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കേരള കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാന സർക്കാർ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള അന്വേഷണം ഊർജിതമാക്കുകയായിരുന്നു.












Click it and Unblock the Notifications