അന്തിയൂർക്കോണത്ത് ബസുകൾ കൂട്ടിയിടിച്ച് 38 പേർക്ക് പരിക്ക്: ഇടിച്ചത് കെഎസ്ആര്‍ടിസിയും സ്വകാര്യബസും!
മലയിൻകീഴ്: ഇന്നലെ രാവിലെ അന്തിയൂർക്കോണം പാലത്തിനു സമീപം കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 38 പേർക്ക് പരിക്കേറ്റു. കെഎസ്ആർടി സി കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ കൊമ്പാടിക്കൽ സ്വദേശി പ്രശാന്ത് (38), സ്വകാര്യ ബസ് ഡ്രൈവർ പേയാട് സ്വദേശി ശ്രീകാന്ത് (30)എന്നിവരുടെ നില ഗുരുതരമാണ്. കാട്ടാക്കട നിന്നു മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കാട്ടാക്കട ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും മുൻവശം പൂർണമായും തകർന്നു. ബസുകളിൽ കുടുങ്ങിപ്പോയ ഡ്രൈവർമാരെ മുൻ ഭാഗം പൊളിച്ച് വളരെ ശ്രമപ്പെട്ടാണ് നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്തത്.കെ.എസ്.ആർ.ടി.സി കണ്ടക്ടർ പത്മകുമാർ, യാത്രക്കാരായ പഞ്ചമി (22), ചെമ്പൂർ അജിത (30), മോനിഷ (26), മൂങ്ങോട് സൗമ്യ (30), പെരുമ്പഴുതൂർ, ലിനി (25), മീനച്ചൽ ഷീബ (30), കാട്ടാക്കട റീന (38), നദിയ (13), ജൂന (32), ജസ്റ്റിൻ രാജ് (52), വിളപ്പിൽശാല സ്വദേശി അൻഷു (22), കാട്ടാക്കട സ്വദേശി ക്രിസ്തുരാജ് (55), കാട്ടാക്കട സ്വദേശിനി വസന്ത (57), ഒറ്റശേഖരമംഗലം സ്വദേശി ഷിബിൻ (19), കാട്ടാക്കട സ്വദേശിനി കോമളം (62), കുരുതൻകോട് സ്വദേശിനി വിലാസിനി (65), വാഴിച്ചൽ സ്വദേശി മാധവൻ നായർ (75), പൂവച്ചൽ സ്വദേശിനി തങ്കി (60), ദിവ്യ കൃഷ്ണൻ (23), സുധാകരൻ (37), സുകന്യ (30), തങ്കപ്പൻ (65), ഉഷ (47), രമണി (55), പ്രതിഭ (30),ജനാർദ്ദനൻ (58)എന്നിവർക്കാണ് പരിക്കേറ്റത്.

പലർക്കും തലയിലും നെറ്റിയിലും മൂക്കിലും ചുണ്ടിലുമാണ് പരിക്ക് പറ്റിയത്. കാലിലും കൈയ്ക്കും പരിക്കേറ്റവരുമുണ്ട്. സ്വകാര്യ ബസിൽ ഡ്രൈവറും ക്ളീനറും മാത്രമാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ബസുകൾ ഇരുവശത്തേക്കും തെന്നിമാറി. കെ.എസ്.ആർ.ടി.സി ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും സ്വകാര്യ ബസ് മതിലിലും ഇടിച്ചാണ് നിന്നത്.കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് കാലിനും മുഖത്തുമാണ് പരിക്ക്.
കണ്ടക്ടർക്ക് മുഖത്തും നെഞ്ചിനും ചെവിയിലും പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ നിരങ്ങി നീങ്ങി മുന്നിലെ കമ്പിയിലിടിച്ചാണ് യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റത്. മുഖത്തും ചുണ്ടിനും കഴുത്തിനുമാണ് പരിക്കേറ്റത്. അപകട വിവരം അറിഞ്ഞയുടൽതന്നെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം.എസ് ഷർമ്മദ്, ആർ.എം.ഒ. ഡോ. റോയ് എന്നിവർ അത്യാഹിതത്തിലെത്തി പരിക്കേറ്റ് ചികിത്സ തേടിയെത്തിയവർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി. കൂടുതൽ ഡോക്ടർമാരേയും , സ്റ്റാഫുകളേയും അത്യാഹിത വിഭാഗത്തിൽ അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമാക്കിയിരുന്നു.












Click it and Unblock the Notifications