നവവധുവിന്റെ മരണം; ഭർത്താവ് മറ്റൊരു സ്ത്രീയെ ഫോൺ വിളിക്കുന്നതായി സംശയം; യുവതിയുടെ കുറിപ്പ് കണ്ടെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ നവവധു ഭർത്താവിന്റെ വീടിനകത്ത് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുളിലവിൻമൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ (23) ആണ് മരിച്ചത്.
കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഇവരുടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്ന സംശയത്തിലും മനോവിഷമത്തിലുമാണ് യുവതി ജീവൻ ഒടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഇത് വ്യക്തമാക്കുന്ന കുറിപ്പ് പോലീസ് കണ്ടെത്തി.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് രേഷ്മ ആത്മഹത്യ ചെയ്തത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽ പെട്ടപ്പോൾ വീട്ടുകാർ മുറി തുറന്നുനോക്കി, അപ്പോളാണ് രേഷ്മ മരിച്ച വിവരം അറിയുന്നത്. സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിൽ ഉണ്ടായിരുന്നില്ല എന്നാണ് വീട്ടുകാർ പറയുന്നത്. കിടപ്പ് മുറയിലെ ഫാനിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ പോലീസിനെ വിവരം അറിയിച്ചുവെന്നാണ് വീട്ടുകാർ പറയുന്നത്.
ഭർത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിക്കുന്നുവെന്ന സംശയം യുവതിക്ക് ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ജൂൺ 12 ന് ആയിരുന്നു അക്ഷയ് രാജുമായി ഉള്ള രേഷ്മയുടെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ഇത്തരം ഒരു സംഭവം ഉണ്ടായത് രേഷ്മയെ വല്ലാതെ മനോവിഷമത്തിലാക്കിയിരുന്നു എന്നാണ് കുടുംബം പറയുന്നത്, രേഷ്മയുടെ മരണം ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ആർ ഡി ഒ യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതിനിടെ രേഷ്മയുടെ ബന്ധുക്കളടക്കം വിവരമറിഞ്ഞ് അക്ഷയ് രാജിന്റെ വീട്ടിലേക്ക് എത്തി. ഇവരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.












Click it and Unblock the Notifications