സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങികിടന്ന രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങി കിടന്ന രണ്ട് വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. തിരുവനന്തപുരം ജില്ലയിലെ പേട്ടയിലാണ് സംഭവം. റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന നാടോടി ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. ഞായറാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് സംഭവം എന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് എല്‍ പി നഗര്‍ സ്വദേശികളായ അമര്‍ദ്വീപ് - റമീനദേവി ദമ്പതികളുടെ മകളായ മേരിയെ ആണ് കാണാതായത്.
മൂന്ന് സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടി ഉറങ്ങിയത്. നാല് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. പൊലീസ് രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തി. രാത്രി മുതല്‍ വ്യാപക പരിശോധനയിലാണ് പൊലീസ്. ഒരു ആക്ടീവ സ്‌കൂട്ടര്‍ സമീപത്ത് വന്നിരുന്നു എന്ന് രക്ഷിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ട് പേരുണ്ടായിരുന്നു. സ്‌കൂട്ടറിലെത്തിയവരാണ് മകളെ തട്ടിക്കൊണ്ടുപോയത് എന്നാണ് കുടുംബം പറയുന്നത്.

ഇത് കേന്ദ്രീകരിച്ചും സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നഗരത്തില്‍ മുഴുവന്‍ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.ഉറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതനില്ലെന്ന് മനസിലാക്കുന്നത്.
ഇവര്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ സംഭവ സ്ഥലത്തെത്തി. വൈകാതെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പേട്ടയില്‍ റോഡരികില്‍ വര്‍ഷങ്ങളായി ഇവര്‍ തമ്പടിച്ചു താമസിച്ചുവരികയായിരുന്നു ഇവര്‍. ഏറെ നാള്‍ ഹൈദരാബാദില്‍ കഴിഞ്ഞ കുടുംബം വര്‍ഷങ്ങളായി കേരളത്തിലെത്തിയിട്ട്.
ജില്ല അതിര്‍ത്തികളില്‍ പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്. മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0471-2743195 എന്ന നമ്പറിലോ 112 എന്ന പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറിലെ വിളിച്ച് വിവരം അറിയിക്കണം എന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications