Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ക്കല കൊലപാതകം: ജിഷ്ണു ലക്ഷ്യമിട്ടത് ശ്രീലക്ഷ്മിയെ; വിവാഹാലോചന നിരസിച്ചതിലുള്ള വൈരാഗ്യം

തിരുവനന്തപുരം: വര്‍ക്കലയില്‍ മകളുടെ വിവാഹത്തലേന്ന് പിതാവിനെ അടിച്ച കൊന്ന അക്രമികള്‍ ലക്ഷ്യമിട്ടത് വധുവിനെ. വടശ്ശേരിക്കോണം സ്വദേശി രാജുവാണ് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹത്തിന്റെ തലേന്ന് അയല്‍വാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശ്രീലക്ഷ്മിയെ വിവാഹം ആലോചിച്ച് അയല്‍വാസിയായ ജിഷ്ണു രണ്ട് വര്‍ഷം മുന്‍പ് എത്തിയിരുന്നെന്നും ഇത് നിരസിച്ചതിലുള്ള പകയാണ് അക്രമത്തിന് കാരണം എന്നും രാജുവിന്റെ സഹോദരിയുടെ മകളായ ഗുരുപ്രിയ പറയുന്നു.

ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമായതിനാലാണ് വിവാഹാലോചന വേണ്ടെന്ന് വെച്ചത് എന്നും ഗുരുപ്രിയ കൂട്ടിച്ചേര്‍ത്തു. വിവാഹവീട്ടില്‍ നിന്ന് എല്ലാവരും പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് ജിഷ്ണുവും സംഘവും വന്നത്. 12 മണിയോടെ തങ്ങള്‍ ലൈറ്റ് ഓഫ് ചെയ്ത് കിടന്നിരുന്നു എന്നും അപ്പോഴാണ് കല്യാണ വീട്ടില്‍നിന്ന് ബഹളം കേട്ടത് എന്നും ഗുരുപ്രിയ കൂട്ടിച്ചേര്‍ത്തു.

VARKALA

ഇതോടെ താനും അച്ഛനും പോയി നോക്കിയെന്നും അപ്പോള്‍ മാമനെ ബാത്ത്‌റൂമിന്റെ ഭിത്തിയില്‍ ചേര്‍ത്ത് നിര്‍ത്തി അടിക്കുന്നതാണ് കാണുന്നത് എന്നും ഗുരുപ്രിയ പറഞ്ഞു. ജിഷ്ണു ആ സമയം കല്യാണപ്പെണ്ണിനെ നിലത്തിട്ട് ചവിട്ടുകയായിരുന്നു. അതുകണ്ട് അച്ഛനും അമ്മയും പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അവരെയും അടിച്ചു. ഇവിടെ നിന്ന് ഒറ്റയെണ്ണത്തിനെ വെറുതെ വിടില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ആക്രമിച്ചത് എന്നും ഗുരുപ്രിയ പറയുന്നു.

തടയാന്‍ ചെന്ന കന്റെ അച്ഛന്റെ തലയ്ക്ക് മണ്‍വെട്ടിയുടെ കൈകൊണ്ട് അടിക്കുകയായിരുന്നു എന്നും ഗുരുപ്രിയ കൂട്ടിച്ചേര്‍ത്തു. 'രണ്ട് വര്‍ഷം മുന്‍പ് ശ്രീലക്ഷ്മിയെ ജിഷ്ണു പ്രൊപ്പോസ് ചെയ്തിരുന്നു. അവള്‍ ഡിഗ്രി കഴിഞ്ഞവളാണ്. അവന്റെ കുടുംബ പശ്ചാത്തലം മോശമായതിനാല്‍ ആലോചന നിരസിച്ചു. വീട്ടില്‍ തന്നെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സാധനങ്ങളൊക്കെ തല്ലിപ്പൊളിക്കുന്ന മാനസികാവസ്ഥയുള്ള ആളാണ്,' ഗുരുപ്രിയ പറഞ്ഞു.

വിവാഹലോചന നിരസിച്ചപ്പോള്‍ എന്നെങ്കിലും കല്യാണം കഴിക്കുമ്പോള്‍ കാണിച്ച് തരാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു എന്നും തങ്ങള്‍ അത് കാര്യമാക്കിയില്ല എന്നും ഗുരുപ്രിയ പറഞ്ഞു. കേസും വഴക്കുമായാല്‍ മകളുടെ കുടുംബജീവിതത്തെ ബാധിക്കും എന്ന് കരുതി. പിടിച്ചുമാറ്റാന്‍ ചെന്ന എല്ലാവരേയും അവര്‍ അടിച്ചു. ഒടുവില്‍ ഇവര്‍ തീര്‍ന്നെന്ന് തോന്നുന്നു നമുക്ക് രക്ഷപ്പെടാം എന്ന് പറഞ്ഞാണ് അക്രമികള്‍ പോയത് എന്നും ഗുരുപ്രിയ കൂട്ടിച്ചേര്‍ത്തു.

'ഞങ്ങളുടെ മാമനെ നഷ്ടപ്പെട്ടു. അവരില്‍ ഒരാള്‍ അവര്‍ക്കും നഷ്ടപ്പെടണം. ഇനിയാര്‍ക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാന്‍ പാടില്ല,' ഗുരുപ്രിയ പറഞ്ഞു. സഹോദരന്‍ ജിജിന്‍, സുഹൃത്തുക്കളായ ശ്യം, മനു എന്നിവര്‍ക്കൊപ്പമാണ് ജിഷ്ണു ആക്രമണം നടത്തിയത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനു മുന്നോടിയായി വീട്ടില്‍ ഇന്നലെ രാത്രി ഒമ്പതര വരെ ഇവരുടെ വീട്ടില്‍ പാര്‍ട്ടിയുണ്ടായിരുന്നു.

നിരവധി പേര്‍ ഇതിനോട് അനുബന്ധിച്ച് എത്തിയിരുന്നു. ഈ തിരക്കെല്ലാം ഒഴിഞ്ഞ് ബന്ധുക്കളെല്ലാം പോയ ശേഷം വിരുന്നിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു രാജു. ഇളയ മകന്‍ ശ്രീഹരി വിവാഹം നടക്കേണ്ട ശിവഗിരിയിലേക്കു പോകുകയും ചെയ്തിരുന്നു. ഈ തക്കത്തിലാണ് ജിഷ്ണുവും സംഘവും ആക്രമണവുമായി എത്തിയത്. അക്രമികളെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം ആക്രമണം ചെറുക്കാന്‍ ശ്രമിച്ച ഗുരുപ്രിയയുടെ അച്ചന്‍ ദേവദത്തന്‍ അടക്കം മൂന്ന് ബന്ധുക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 25 വര്‍ഷത്തോളം വിദേശത്തായിരുന്ന രാജു പ്രവാസം അവസാനിപ്പിച്ച് ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുകയായിരുന്നു. രാജുവിന്റെ ഭാര്യ ജയ ആശാ വര്‍ക്കറാണ്. ഇന്നലെ രാത്രി വരെ ഉത്സവാന്തരീക്ഷത്തിലായിരുന്ന വിവാഹ വീട് മരണ വീടായതിന്റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+