ചുവടുവെച്ച് പാപ്പമാര്‍, ചെങ്കടലായി പൂരനഗരി; ബോണ്‍ നത്താലെയ്ക്ക് ഫ്‌ളാഗ് ഓഫ്
തൃശ്ശൂര്‍: തൃശൂര്‍ പൗരാവലിയും തൃശൂര്‍ അതിരൂപതയും സംയുക്തമായി നടത്തുന്ന ബോണ്‍ നത്താലെ ആരംഭിച്ചു. പതിനായിരത്തോളം പാപ്പമാരാണ് ഈ വര്‍ഷത്തെ ബോണ്‍ നത്താലെ ഗാനത്തോടൊപ്പം നഗരത്തില്‍ ചുവടുവെച്ച് നഗരത്തില്‍ ഇറങ്ങിയിരിക്കുന്നത്. ബോണ്‍ നത്താലെയുടെ പത്താം പതിപ്പാണ് ഇത്. നൂറിലേറെ ഇടവകകളില്‍ നിന്നുള്ള ആളുകളാണ് പാപ്പമാരായി വേഷം കെട്ടി എത്തിയിരിക്കുന്നത്.
രാത്രി ഒമ്പത് മണിയോടെയാണ് സമാപനം. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ മന്ത്രിമാരായ അഡ്വ. കെ രാജന്‍, ആര്‍ ബിന്ദു, കെ രാധാകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദ്ദിഖ് അലി തങ്ങള്‍, പുറനാട്ടുകര ശ്രീരാമ കൃഷ്ണ മിഷന്‍ രക്ഷാധികാരി, ടി എന്‍ പ്രതാപന്‍ എം പി, കെ ബാലചന്ദ്രന്‍ എം എല്‍ എ എന്നിവര്‍ പങ്കെടുക്കും.

സമാപന സമ്മേളനത്തില്‍ കഴിഞ്ഞ വര്‍ഷം തറക്കല്ലിട്ട ബോണ്‍ നത്താലെ വീടിന്റെ താക്കോല്‍ദാനം ഗവര്‍ണര്‍ നിര്‍വഹിക്കും. മതസൗഹാര്‍ദ്ദം, തിരുപ്പിറവി, ചലിക്കുന്ന പുല്‍ക്കൂട്, ചലിക്കുന്ന ക്രിസ്മസ് ട്രീ തുടങ്ങി ഇരുപതോളം നിശ്ചല ദൃശ്യങ്ങള്‍ ആണ് ഘോഷയാത്രയില്‍ അണിനിരക്കുന്നത്. വീല്‍ചെയര്‍ പാപ്പമാര്‍, റോളര്‍ സ്‌കേറ്റിംഗ് പാപ്പമാര്‍, ഹോണ്ടാ ബൈക്കുമായി വരുന്ന പാപ്പമാര്‍, പൊയ്കാല്‍ പാപ്പമാര്‍, മാലാഖമാര്‍ തുടങ്ങിയവര്‍ ഘോഷയാത്രയുടെ ആകര്‍ഷണമാണ്.
2014 ലെ ബോണ്‍ നത്താലെയ്ക്ക് ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കാനായിരുന്നു. അന്ന് പരിപാടിയില്‍ 18122 പാപ്പമാരെ അണിനിരത്തിയാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. 13000 സാന്താക്ളോസുമാരെ അണിനിരത്തിയ നോര്‍ത്ത് അയര്‍ലന്‍ഡിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് തകര്‍ക്കപ്പെട്ടത്.
അതേസമയം ബോണ്‍ നത്താലെയുടെ ഭാഗമായി ഇന്ന് സ്വരാജ് റൗണ്ടിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും അനുബന്ധ റോഡുകളിലും പാര്‍ക്കിംഗ് അനുവദിച്ചിരുന്നില്ല. ഉച്ചയ്ക്ക് രണ്ട് മുതല്‍ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നില്ല.












Click it and Unblock the Notifications