രണ്ട് കിലോയിലധികം സ്വര്‍ണം, 28 കിലോ വെള്ളി.. ഗുരുവായൂരില്‍ ഭണ്ഡാര വരവ് 4.58 കോടി
ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസം ഭണ്ഡാര വരവായി ലഭിച്ചത് 4,57,89,842 രൂപ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസം ഭണ്ഡാര വരവായി ലഭിച്ചത് 4,57,89,842 രൂപ. രണ്ട് കിലോ 504 ഗ്രാം 900 മില്ലിഗ്രാം സ്വർണവും 28 കിലോ വെള്ളിയും ലഭിച്ചു. ഇതിനുപുറമെ ഇ-ഹുണ്ടി വഴി 1,39,631 രൂപയും ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. നിരോധിച്ച 1000ത്തിന്റെ 13 നോട്ടും 500ന്റെ 38 നോട്ടും ലഭിച്ചിട്ടുണ്ട്. ധനലക്ഷ്മി ബാങ്കിനായിരുന്നു എണ്ണൽ ചുമതല.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി 6,86,88,183 രൂപ ലഭിച്ചിരുന്നു. ഇതിന് പുറമെ നാല് കിലോ 619 ഗ്രാം 400 മില്ലിഗ്രാം സ്വർണം, 18കിലോ 300 ഗ്രാം വെള്ളി എന്നിവയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 24 നോട്ടും 500ന്റെ 155 നോട്ടും ഭണ്ഡാരത്തിലുണ്ടായിരുന്നു. സി.എസ്.ബി ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണലിന്റെ ചുമതല.
അതേസമയം, ഏറെ നാളത്തെ പരിശ്രമത്തിന് ശേഷം ശബരിമലയിൽ കാണിക്കയായി ലഭിച്ച നാണയങ്ങൾ എണ്ണിത്തീർത്തു. ആകെ 10 കോടിയുടെ നാണയങ്ങളാണ് ഭണ്ഡാരത്തിൽ ഉണ്ടായിരുന്നത്. മകര വിളക്ക് കഴിഞ്ഞ് ഒരു മാസത്തോട് അടുക്കുമ്പോഴാണ് നാണയങ്ങൾ എണ്ണിതീർത്തത്. കാണിക്കയെണ്ണൽ ദിവസങ്ങളോളമെടുത്താണ് ജീവനക്കാർ പൂർത്തിയാക്കിയത്. രണ്ട് ഘട്ടമായി 1220 ജീവനക്കാരാണ് നാണയങ്ങൾ എണ്ണാൻ വേണ്ടിയിരുന്നത്. നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കുഴഞ്ഞായിരുന്നു കാണിക്കയുണ്ടായിരുന്നത്.
ശബരിമല സീസണിന് മുന്നേയുള്ള മാസപൂജകൾ മുതലുള്ള നാണയങ്ങൾ ഇതിലുണ്ടാകും. ദേവസ്വം ബോർഡിന്റെ ഫിനാൻസ് ഓഫിസർ ബി എസ് ശ്രീകുമാർ, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ആർ എസ് ഉണ്ണിക്കൃഷ്ണൻ എന്നിവർ സ്‌പെഷ്യൽ ഓഫീസറായി 11 അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർമാരുടെ നേതൃത്വത്തിലാണ് കാണിക്ക എണ്ണിയിരുന്നത്. ദേവസ്വം ബോർഡിന് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീർത്ഥാടനമാണ് ഇത്തവണത്തേത് എന്നാണ് റിപ്പോർട്ട്.
നോട്ട് എണ്ണുന്നതിനായി ധനലക്ഷ്മി ബാങ്ക് ആറ് ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചിരുന്നു. നാണയങ്ങളുടെ മൂന്ന് കൂനകളായിരുന്നു ഉണ്ടായിരുന്നത്. നാണയം എത്രയെന്ന് കണക്കാക്കാൻ ഒരു വേള തൂക്കി എടുക്കണോ എന്ന് പോലും ദേവസ്വം ഉദ്യോഗസ്ഥർ സംശയിച്ചിരുന്നു. എന്നാൽ ഒരേ മൂല്യമുള്ള നാണയങ്ങൾ പലതരത്തിലുള്ളതിനാൽ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.












Click it and Unblock the Notifications