കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അംഗത്വമില്ലാതെ കിരണ്‍ തട്ടിയത് 22 കോടി, മുഖ്യസൂത്രധാരന്‍ കാണാമറയത്ത്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെല്ലാം ദിവസങ്ങള്‍ക്ക് മുമ്പ് കീഴടങ്ങിയിരുന്നു. എന്നാല്‍ തട്ടിപ്പിന്റെ സൂത്രധാരനും എല്ലാ നീക്കങ്ങളും പദ്ധതിയിട്ട കിരണ്‍ എവിടെ ആണെന്ന കാര്യം അഞ്ജാതമായി തുടരുകയാണ്. അന്വേഷണ സംഘത്തിന് ഇതുവരെ കിരണിനെ കണ്ടെത്താന്‍ സാധിച്ചില്ല. ക്രൈം ബ്രാഞ്ച് തിരച്ചില്‍ നോട്ടീസ് പുറത്തിറക്കി ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഇയാള്‍ ആന്ധ്രയിലാണ് ഒളിവില്‍ കഴിയുന്നതെന്ന വിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല,

ബാങ്കില്‍ അംഗത്വം പോലുമില്ലാതെയാണ് കിരണ്‍ തന്റെ പേരിലും ബിനാമി പേരിലും 22 കോടിയോളം രൂപ വായ്പയെടുത്തത്. ബാങ്കിന്റെ ഒട്ടു മിക്ക തട്ടിപ്പുകളുടെയും സൂത്രധാരന്‍ കിരണായിരുന്നു. ഇക്കാര്യം ഓഡിറ്റ് പരിശോധന സംഘവും പിന്നീട് അന്വേഷണ സംഘവും കണ്ടെത്തിയിരുന്നു. ബാങ്കില്‍ കിരണിന് അംഗത്വം ഉണ്ടെന്ന് തെളിയിക്കുന്ന ഒരു രേഖയും ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നിട്ടും കിരണിന്റെ പേരിലുള്ളത് 50 ലക്ഷം രൂപയുടെ വായ്പയാണ്. കൂടാതെ 45 ഓളം ബിനാമി ഇടപാടുകളുമുണ്ട്. ഇതില്‍ പലതും 50 ലക്ഷം രൂപയുടെ വീതം എടുത്തവയാണ്.
കിരണ്‍ മൂലം ബാങ്കിനുണ്ടായത് 22.85 കോടിയുടെ ബാധ്യതയാണ്. കിരണിന്റെ ബന്ധുക്കളുടെയും ബിസ്‌നസ് പങ്കാളികളുടേതും പേരിലാണ് വായ്പ. ഈ വായ്പകള്‍ ഒന്നും തന്നെ കൃത്യമായ ഈട് രേഖകള്‍ നല്‍കിയല്ല. ഓഡിറ്റ് നടത്തുന്നതിനിടെ പരിശോധന സംഘം കിരണിനോട് വിവരങ്ങള്‍ തേടിയിരുന്നു എന്നാല്‍ ബിനാമി വായ്പകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കിരണ്‍ തയ്യാറായിരുന്നില്ല. പിന്നീട് ഇതര ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ ഇടപാടികള്‍ നടന്നതായി കണ്ടെത്തിയത്. കേസില്‍ ഇപ്പോള്‍ കീഴടങ്ങിയ മുഖ്യപ്രതികളുമായി ബിസ്‌നസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ എല്ലാം മുന്‍കയ്യെടുത്തത് കിരണായിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നപ്പോള്‍ തന്നെ കിരണിനെ കാണാനില്ലായിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കേരളത്തിലുണ്ടെന്ന് മനസിലായി. കൊച്ചിയിലും ബംഗളൂരുവിലുമായി ഇയാള്‍ മാറി മാറി താമസിക്കുകയാണ്. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഇയാള്‍ ആന്ധ്രയിലേക്ക് കടന്നെന്ന റിപ്പോര്‍ട്ടുമുണ്ട്.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഫയല്‍ വിവരങ്ങള്‍ കൈമാറത്തതിനെ തുടര്‍ന്ന് ഇ ഡി വീണ്ടും ക്രൈം ബ്രാഞ്ചിന് നോട്ടീസ് അയച്ചു. ഒരു മാസം മുമ്പും ഇക്കാര്യം ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതിന് ക്രൈം ബ്രാഞ്ച് മറുപടി നല്‍കിയില്ല. കേസ് അന്വേഷണത്തിന് വിശദവിവരങ്ങളും പ്രിതിപ്പട്ടികയും ഫയലുകളുമാണ് ഇപ്പോള്‍ ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ഇ ഡിയും വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ്.
Recommended Video
തിരയും തീരവും തഴുകി അഹാനയുടെ ഫോട്ടോഷൂട്ട്; തിര എണ്ണുകയാണോ എന്ന് ആരാധകര്‍
നേരത്തെ ബാങ്കിലെത്തിയ ഇ ഡി ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഹാജരാക്കാനും ഇ ഡി ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.നേരത്തെ ഇരിങ്ങാലക്കുട പൊലീസില്‍ നിന്ന് ഇ ഡി പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നു. 300 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണവുമായി മുന്നോട്ടു പോകുന്നത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള ഹര്‍ജി നിലവില്‍ ഹൈക്കോടതിയില്‍ ഉണ്ട്. ഇ ഡി അന്വേഷണത്തോട് സര്‍ക്കാരിന് മുഖം തിരിക്കുന്ന നിലപാടാമെന്ന ആക്ഷേപം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം കേസില്‍ ക്രൈം ബ്രാഞ്ച് കൂടുതല്‍ പേരെ പ്രതി ചേര്‍ത്തിരുന്നു.












Click it and Unblock the Notifications