മഴ: ചാലക്കുടി പുഴയിലെ ഒഴുക്ക് അതീവഗൗരവതരം, 5000 പേരെ മാറ്റിപ്പാര്‍പ്പിച്ചു; അനാവശ്യ ഭീതി വേണ്ട
തൃശൂര്‍: ചാലക്കുടിയില്‍ ശക്തമായ മഴ തുടരുന്നു. മഴ ശക്തമായതിനെ തുടര്‍ന്നുള്ള പുഴയിലെ ഒഴുക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തി. ചാലക്കുടി പുഴയിലെ ഒഴുക്ക് ഗൗരവതരമാണെന്ന് നാളെ അതീവ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. ചാലക്കുടി പുഴയുടെ തീരത്ത് നിന്ന് 5000 പേരെ ഇതുവരെ ഒഴിപ്പിച്ചു. ആളുകള്‍ ക്യാമ്പില്‍ തുടരണം. ചാലക്കുടിയില്‍ 33 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അനാവശ്യ ഭീതിയുണ്ടാക്കരുത്. വാഹനങ്ങളില്‍ ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റും. ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ എറണാകുളത്തും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുത്തന്‍വേലിക്കര, കുന്നുകര, ചേന്ദമംഗലം പഞ്ചായത്തുകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. തീരപ്രദേശത്തുള്ളവരുടെ വിലകൂടിയ രേഖകള്‍ സീല്‍ചെയ്തു മാറ്റും. മൃഗസംരക്ഷണ വകുപ്പ് ഇടപെട്ട് ഫാമുകളിലുള്ള മൃഗങ്ങളെയടക്കം മാറ്റി താമസിപ്പക്കാനുള്ള സൗകര്യം ഒരുക്കും. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ആവശ്യമെങ്കില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ട് തയാറാക്കിനിര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.

വ്യോമ, നാവിക സേനകള്‍ തയാറായി നില്‍ക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും ഉണ്ട്. ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അനാവശ്യമായി അറിവില്ലാത്ത കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുത്. ഇതിനെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, മഴയുടെ സാഹചര്യത്തില്‍ മലമ്പുഴ ഡാം നാളെ തുറക്കും. ഡാമിലെ വെള്ളത്തിന്റെ ഇപ്പോഴത്തെ നില വൈകീട്ട് 8 മണിക്ക് 112.11 അടിയായി. ഡാമിലെ വെള്ളത്തിന്റെ പരമാവധി അളവ് 115.06 അടിയാണ്. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വരും ദിവസങ്ങളിലും മഴ തുടരും. മുന്നറിയിപ്പുകള്‍ പ്രാധാന്യത്തോടെ കാണണം. അടുത്ത ആഴ്ചയോടെ ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ രൂപീകരണ സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൂടി മുന്നില്‍ കണ്ടുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇനി അവധിക്കാലം അമേരിക്കയിൽ: അടിപൊളി ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ












Click it and Unblock the Notifications