കനത്ത തോൽവിക്ക് പിന്നാലെ കുഴൽപ്പണ വിവാദവും; തൃശൂർ ബിജെപിയിൽ ചേരിതിരിഞ്ഞ് നേതാക്കൾ
പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്തെക്കൂടി പ്രതിരോധത്തിലാക്കിയിരിക്കുകയാണ് കൊടകര കുഴൽപ്പണ കേസ്. ഇതിന് പിന്നാലെ ബിജെപി തൃശൂർ ഘടകത്തിലും ചേരിപോര് രൂക്ഷമായി. ആരോപണ വിദേയരായ ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കൊപ്പം ചോദ്യം ചെയ്യലിന് ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാറും എത്തിയതാണ് പ്രശ്നങ്ങൾ ഗുരുതരമാക്കിയത്. പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

ജില്ലാ പ്രസിഡന്റിനെതിരെ ആർഎസ്എസ് നേതൃത്വത്തിനും പരാതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. വിവിധ മണ്ഡലം, ജില്ലാ നേതാക്കളാണ് ആർഎസ്എസിന് പരാതി നൽകിയത്. കുഴൽപണ കവർച്ച കേസിൽ ആരോപണ വിധേയരായ ജില്ല ജനറൽ സെക്രട്ടറി കെ.ആർ ഹരി, ട്രഷറർ സുജയ് സേനൻ, മേഖല സെക്രട്ടറി ജി കാശിനാഥൻ എന്നിവരെ ചോദ്യം ചെയ്യലിനായി തൃശൂർ പൊലീസ് ക്ലബിലേക്ക് വിളിച്ചപ്പോഴായിരുന്നു ഇവർക്കൊപ്പം അനീഷും എത്തിയത്. പാർട്ടി വാഹനത്തിലാണ് ഇവരെത്തിയെന്നതും നേതാക്കൾ ചൂണ്ടികാട്ടുന്നു.
കുഴൽപണ കവർച്ച കേസിന് പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പിസമാണെന്നും ജില്ല നേതാക്കളെ കുടുക്കാൻ ജില്ലയിലെ സംസ്ഥാന നേതാവിെൻറ നേതൃത്വത്തിൽ നടത്തിയ നീക്കമാണെന്നുമുള്ള ആരോപണത്തിലായിരുന്നു ജില്ല നേതൃത്വം. ഡിജിറ്റൽ ഇടപാടുകൾ മാത്രമാണ് ബിജെപി ഈ തിരഞ്ഞെടുപ്പിൽ ചെലവുകൾക്കായി നടത്തിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും നേതാക്കൾ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത് ദേശീയ തലത്തിലടക്കം ബിജെപിക്ക് അപകീർത്തിക്ക് കാരണമാകുമെന്നും നേതാക്കൾക്ക് ആശങ്കയുണ്ട്.
ഇതിനിടയിലാണ് തൃശൂരിൽ ചേരിപോരും മൂത്തിരിക്കുന്നത്. കേസിനേക്കാളും സംസ്ഥാന നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നതും ജില്ലയിൽ പാർട്ടിക്ക് അകത്ത് തന്നെയുള്ള പ്രശ്നങ്ങളാണ്. ഇരിങ്ങാലക്കുടയിൽ പാർട്ടി അംഗമല്ലാത്തയാളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പ്രതികരണത്തിലും നേതാക്കൾക്കെതിരെ രൂക്ഷ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.












Click it and Unblock the Notifications