തൃശൂര്‍ കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്,പൊട്ടിക്കരഞ്ഞ് ഡിസിസി സെക്രട്ടറി; 'കഴുത്തിന് പിടിച്ച് തള്ളി, ശബ്ദം പോയി'
തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലേറ്റ കോണ്‍ഗ്രസിന്റെ പരാജയത്തെ ചൊല്ലിയുള്ള ഭിന്നത കയ്യാങ്കളിയിലേക്ക്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അനുകൂലികളും കെ മുരളീധരന്‍ അനുകൂലികളും തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്. ഡിസിസി ഓഫീസില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. മുരളീധരന്‍ അനുകൂലിയായ സജീവന്‍ കുര്യച്ചിറയെ ജോസ് വള്ളൂരും അനുയായികളും പിടിച്ച് തള്ളി എന്നാണ് ആരോപണം.
യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം എന്നും തന്റെ കഴുത്തിന് പിടിച്ച് തള്ളിയതോടെ ശബ്ദം പോയെന്നും സജീവന്‍ കുര്യച്ചിറ പറഞ്ഞു. ഡിസിസി സെക്രട്ടറിയാണ് സജീവന്‍ കുര്യച്ചിറ. സജീവന്‍ ഡിസിസി ഓഫീസിന്റെ താഴത്തെ നിലയില്‍ ഇരുന്ന് പ്രതിഷേധിച്ചിരുന്നു. ഇത് അറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ മുരളീധരന്‍ അനുകൂലികളും സംഘടിച്ചെത്തി.

ഇതിനിടെ വിവാദ പോസ്റ്ററുകള്‍ക്ക് പിന്നില്‍ താനാണല്ലെ എന്ന് പറഞ്ഞ് ജോസ് വള്ളൂര്‍ പിടിച്ചുതള്ളിയെന്നാണ് സജീവന്‍ പറയുന്നത്. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് തമ്മില്‍ത്തല്ലുകയായിരുന്നു. ഡിസിസി ഓഫീസിലെ കരുണാകരന്റെ ചിത്രത്തിന് താഴെ ഇപ്പോഴും സജീവന്‍ കുര്യച്ചിറ പ്രതിഷേധിക്കുകയാണ്. തൃശൂരില്‍ കെ മുരളീധരന്റെ തോല്‍വിക്ക് പിന്നില്‍ ടി എന്‍ പ്രതാപനും ജോസ് വള്ളൂരും ആണ് എന്നാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം.
ജോസ് വള്ളൂര്‍ രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലയില്‍ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് ജോസ് വള്ളൂര്‍ വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ കാരണം. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയില്‍ ചേരിപ്പോരിന് കളമൊരുക്കിയത്. ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു.
തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയില്‍ പൊട്ടിത്തെറി ഉടലെടുത്തത്. 2019 നെ അപേക്ഷിച്ച് കോണ്‍ഗ്രസിന് മണ്ഡലത്തില്‍ ഒരുലക്ഷത്തിന് അടുത്ത് വോട്ട് നഷ്ടമായിരുന്നു. സംസ്ഥാനത്ത് ഇത്തവണ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപിമാരില്‍ ടിഎന്‍ പ്രതാപന്‍ മാത്രമാണ് മാറ്റി നിര്‍ത്തപ്പെട്ടത്. ബാക്കിയെല്ലാവര്‍ക്കും വീണ്ടും സീറ്റ് ലഭിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയിരുന്നു. ഇതിന്റെ ക്ഷീണം മാറ്റാനാണ് വടകരയിലെ സിറ്റിംഗ് എംപിയായ കെ മുരളീധരനെ കോണ്‍ഗ്രസ് തൃശൂരില്‍ മത്സരിപ്പിക്കുകയും തൃശൂരിലെ സിറ്റിംഗ് എംപി ടിഎന്‍ പ്രതാപനെ മാറ്റുകയും ചെയ്തത്. ഇതില്‍ ടിഎന്‍ പ്രതാപനും അനുകൂലികള്‍ക്കും ഉണ്ടായ പ്രതിഷേധമാണ് മുരളീധരന്റെ തോല്‍വിയിലേക്ക് നയിച്ചത് എന്നാണ് ആരോപണം












Click it and Unblock the Notifications