സന്ദീപിന് ജോലി റഷ്യൻ സൈനിക കാന്റീനിൽ, പാസ്‌പോർട്ടും ഫോണും കളഞ്ഞെന്ന് പറഞ്ഞു; കുടുംബം കണ്ണീരിൽ
തൃശൂർ: റഷ്യയിൽ ഉക്രൈൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി സന്ദീപ് നാട്ടിൽ നിന്ന് പോയിട്ട് നാല് മാസം മാത്രം. റസ്‌റ്റോറന്റ് ജോലി തേടിയാണ് സന്ദീപ് റഷ്യയിലേക്ക് പോയതെന്നാണ് ലഭ്യമായ വിവരം. ചാലക്കുടിയിലെ ഏജന്‍സി വഴിയാണ് സന്ദീപ് റഷ്യയിലേക്ക് പോയത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റ് ഏഴു പേരും കടൽ കടന്നത്. തൃക്കൂർ നായരങ്ങാടി സ്വദേശിയായിരുന്നു 36കാരനായ സന്ദീപ്.
റഷ്യൻ തലസ്ഥാന നഗരമായ മോസ്‌കോയില്‍ റസ്‌റ്റോറന്റിലെ ജോലിക്കാണ് പോവുന്നതെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് പറഞ്ഞിരുന്നു. എന്നാൽ ഇടയ്ക്ക് വിളിച്ചപ്പോള്‍ പാസ്‌പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്നായിരുന്നു സന്ദീപ് പറഞ്ഞത്. ബന്ധുക്കളാണ് ഇക്കാര്യം പറയുന്നത്.

അതിനിടെ കൂടുതൽ വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഏപ്രിലിൽ നാട്ടിൽ നിന്ന് റഷ്യയിൽ എത്തിയ സന്ദീപ് അവിടുത്തെ പൗരത്വം സ്വീകരിച്ചതായാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനായാണ് സൈന്യത്തിൽ ചേർന്നതെന്നും വിവരമുണ്ട്. റഷ്യൻ പൗരത്വം ലഭിക്കാൻ സൈന്യത്തിൽ ചേരുന്ന സമ്പ്രദായം നിലവിലുണ്ട്.
എന്നാൽ ഇതോടെ കുടുംബം വിഷമത്തിലാണ്. പൗരത്വ പ്രശ്‌നം സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസമാവുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. എംബസി ഇടപെടലിലാണ് കുടുംബത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടുംബവുമായി യാതൊരു വിധത്തിലുള്ള ആശയവിനിമയവും സന്ദീപ് നടത്തിയിരുന്നില്ല.
സൈനിക പരിശീലനത്തിൽ ആയിരുന്നതിനാലാണ് നാട്ടിലേക്ക് ബന്ധപ്പെടാൻ കഴിയാതിരുന്നത് എന്നാണ് സൂചന. അതിനിടെയാണ് അപ്രതീക്ഷിതമായി മരണവാർത്ത കുടുംബത്തിന് കേൾക്കേണ്ടി വന്നത്. ഇതിന് പിന്നാലെ സന്ദീപിനെക്കുറിച്ച് വിവരങ്ങള്‍ തേടി ബന്ധുക്കള്‍ കേന്ദ്ര മന്ത്രിമാരായ എസ് ജയശങ്കര്‍, സുരേഷ്‌ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
നോർക്ക വഴിയും ബന്ധുക്കൾ തേടുന്നുണ്ട്. അതിനിടെ സംഭവത്തില്‍ എംബസിയില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്ന് ലഭിക്കുമെന്നാണ് റഷ്യയില്‍ നിന്നുള്ള മലയാളി സംഘടനകള്‍ അറിയിച്ചത്. സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യന്‍ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായും ആശുപത്രിയില്‍ മൃതദേഹങ്ങള്‍ റഷ്യന്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ തിരിച്ചറിഞ്ഞതായുമാണ് സന്ദീപിന്റെ കുടുംബത്തെ അറിയിച്ചത്.
റഷ്യയിലെ റൊസ്‌തോവില്‍ സന്ദീപ് ഉള്‍പ്പെട്ട പട്ടാള സംഘത്തിന് നേരെ ആക്രമണമുണ്ടായെന്ന് റഷ്യന്‍ മലയാളി ഗ്രൂപ്പുകളില്‍ വാട്‌സാപ്പ് സന്ദേശം പ്രചരിച്ചതോടെയാണ് വിഷയം നാട്ടുകാരും വീട്ടുകാരും അറിയുന്നത്. ഇതിന് പിന്നാലെയാണ് കുടുംബം സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും സഹായം തേടിയത്.












Click it and Unblock the Notifications