മാധ്യമങ്ങള്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നു: വിവാഹത്തില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്ന് മന്ത്രി
തൃശൂര്‍: കരുവന്നൂര്‍ ബാങ്കു തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളില്‍ മറുപടിയായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. തന്റെ വിദ്യാര്‍ഥിയുടെ വിവാഹമാണ് നടന്നതെന്നും അതില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്നുമാണ് മന്ത്രി ചോദിക്കുന്നത്. മാധ്യമങ്ങള്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. വരന്റെ വീട്ടില്‍ കല്യാണ റിസപ്ഷനാണ് പോയത് ഞാന്‍ പോയത്. വരന്‍ എന്റെ വിദ്യാര്‍ത്ഥി കൂടിയാണ്. അവന്റെ അമ്മ ലത ചന്ദ്രനുമായി സംഘടന രംഗത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ദീര്‍ഘകാല പരിചയമുണ്ട്. സിപിഐഎം ഏരിയാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്റെ നേതാവുമാണ് അവര്‍.
അവരോ, മകനോ കേസില്‍ പ്രതിയൊന്നും അല്ല. ഇതൊരു മിശ്ര വിവാഹമാണ്. . ഇപ്പോഴത്തെ ഈ വാര്‍ത്തകള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. മാധ്യമങ്ങള്‍ പറയുന്നത് പോലെ വധുവിന്റെ വീട്ടിലല്ല ഞാന്‍ കല്യാണത്തിന് പോയത്. പിന്നെ കുട്ടികള്‍ പ്രണയിച്ചാണ് കല്യാണം കഴിച്ചത്. കുട്ടികള്‍ ഡിവൈഎഫ്‌ഐയില്‍ ഒക്കെ ഉള്ളവരാണെന്നും ദി ക്യൂവിന് കൊടുത്ത പ്രത്യേക അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

സംഭവത്തില്‍ മന്ത്രിയെ പിന്തുണച്ചുകൊണ്ട് പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ ഉള്‍പ്പടേയുള്ളവര്‍ രംഗത്ത് എത്തി. നിരപരാധികളായ കുട്ടികളെ അവരുടെ വിവാഹഫോട്ടോ ഉപയോഗിച്ച് കുറ്റവിചാരണ ചെയ്യുന്ന പരിപാടിയിൽ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
മുൻ മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടും ഇപ്പോൾ ജില്ലാ പഞ്ചായത്ത് മെമ്പറുമായ ശ്രീമതി ലതാ ചന്ദ്രൻ്റെ മകൻ്റെ വിവാഹത്തിൽ പ്രദേശത്തെ എം.എൽ.എ.യായ മന്ത്രി ആർ.ബിന്ദു പങ്കെടുത്തതിനെയാണ് മാതൃഭൂമി വിമർശിക്കുന്നത്. ലതയുടെ വീട്ടിൽ നടന്ന സൽക്കാരത്തിലാണ് മന്ത്രി പങ്കെടുത്തത്. വരൻ കേരളവർമ്മ കോളേജിൽ മന്ത്രിയുടെ സ്റ്റുഡൻ്റായിരുന്നു. പക്ഷേ വധു കരുവന്നൂർ സ്വദേശിയും അവിടത്തെ ബാങ്കിലെ മുൻ ഡയറക്ടറുടെ മകളുമാണ് എന്നതാണത്രെ പ്രശ്നം. കരുവന്നൂർ പ്രദേശത്തു നിന്ന് ആരും വിവാഹം ചെയ്യരുത് എന്നാണോ ധ്വനി?
ഈ ലേഖകൻ്റെ ജന്മദേശമാണത്. കൃഷിക്കാരും കൈവേലക്കാരുമായ ഒരുപാട് പേർ ജീവിക്കുന്ന സ്ഥലം. അമ്മയോ അച്ഛനോ എന്തെങ്കിലും കേസുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ പാവം മക്കൾ എന്തുപിഴച്ചു? നിരപരാധികളായ കുട്ടികളെ അവരുടെ വിവാഹഫോട്ടോ ഉപയോഗിച്ച് കുറ്റവിചാരണ ചെയ്യുന്ന പരിപാടിയിൽ നിന്ന് മാതൃഭൂമി പത്രം പിന്മാറണം. രാഷ്ട്രീയ വൈരാഗ്യം ഉണ്ടെന്ന് വെച്ച് ഇത്രക്കും ക്രൂരത കാണിക്കരുത്. നവദമ്പതികളെ ജീവിക്കാൻ അനുവദിക്കണം.












Click it and Unblock the Notifications