ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി മുകേഷ് അംബാനി, കാണിക്കയായി 1.51 കോടി രൂപ
ഗുരുവായൂര്‍: റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാൻ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ദര്‍ശനത്തിന് ശേഷം 1.51 കോടി രൂപയും അദ്ദേഹം കാണിക്കയായി നൽകി. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
1.51 കോടി രൂപയുടെ ചെക്ക് ദര്‍ശനത്തിന് ശേഷം അദ്ദേഹം ദേവസ്വം ഭാരവാഹികൾക്ക് കൈമാറി. അന്നദാനഫണ്ടിലേക്കാണ് തുക നൽകിയത്. മുകേഷിനൊപ്പം മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചൻ്റ്, റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ മനോജ് മോദി എന്നിവരും ദര്‍ശനത്തിന് എത്തിയിരുന്നു.

ക്ഷേത്രത്തിലെത്തിയ അംബാനി നമസ്‌കാരമണ്ഡപത്തിനു സമീപത്തെ വിളക്കില്‍ നെയ്യര്‍പ്പിച്ച ശേഷം ഗുരുവായൂരപ്പനെ തൊഴുതു. ക്ഷേത്രകാര്യങ്ങള്‍ എല്ലാം ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയനോട് ചോദിച്ചറിഞ്ഞു. 'കുറച്ചു കാലമായി ഇവിടെ വന്നിട്ട്. ഇപ്പോള്‍ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദി' മുകേഷ് അംബാനി പറഞ്ഞു. 20 മിനിറ്റോളം ക്ഷേത്ര ദർശനം നടത്തിയ ശേഷം അംബാനി മടങ്ങി.
കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലും മുകേഷ് അംബാനിയും രാധിക മെര്‍ച്ചൻ്റും ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്ത മുകേഷ് പിന്നീട് ഒന്നരക്കോടിയുടെ ചെക്ക് അവിടെ കാണിക്കയായി സമര്‍പ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാനിലെ നതാഡ്‍വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലും മുകേഷ് ദര്‍ശനം നടത്തിയിരുന്നു.












Click it and Unblock the Notifications