തൃശൂരിലെ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍; ഒടുവില്‍ ട്വിസ്റ്റ്, ഡ്രൈവര്‍ക്കെതിരെ പോക്‌സോ കേസ്
കൂലി നല്‍കാതെ ലോറി ഡ്രൈവറെ സിമന്റ് കമ്പനി ഉടമ മര്‍ദ്ദിക്കുന്നു എന്ന തലക്കെട്ടോട് കൂടിയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂരിലെ മര്‍ദന ദൃശ്യങ്ങളിലെ ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയിലാണ് ലോറി ഡ്രൈവറായ ആലപ്പുഴ സ്വദേശി സുരേഷ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. പോക്‌സോ വകുപ്പ് പ്രകാരമാണ് ഒല്ലൂര്‍ പൊലീസ് കേസെടുത്തത്.
കൂലി നല്‍കാതെ ലോറി ഡ്രൈവറെ സിമന്റ് കമ്പനി ഉടമ മര്‍ദ്ദിക്കുന്നു എന്ന തലക്കെട്ടോട് കൂടിയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എന്നാല്‍ ദൃശ്യങ്ങള്‍ വൈറലായതോടെ ഡ്രൈവറെ മര്‍ദ്ദിച്ചയാള്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. പൊലീസും സംഭവത്തില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഒല്ലൂര്‍ വ്യവസായ കേന്ദ്രത്തിന് സമീപം ഡിസംബര്‍ നാലാം തീയതിയാണ് സംഭവം നടന്നത്.
പത്താംക്ലാസ്സില്‍ പഠിക്കുന്ന മകനെ ലോറി ഡ്രൈവര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ഡ്രൈവറെ മര്‍ദിച്ചയാള്‍ പറഞ്ഞത്. കുട്ടി സംഭവം പറഞ്ഞപ്പോള്‍ പിതാവ് ലോറി ഡ്രൈവറെ പിന്തുടര്‍ന്ന് ചെറുശ്ശേരിയിലെ വര്‍ക്ക് ഷോപ്പില്‍വെച്ച് പിടികൂടി. അവിടെവെച്ച് ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ നാട്ടുകാര്‍ പകര്‍ത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ഇത് വൈറലായി മാറുകയായിരുന്നു. അതേസമയം, ലോറി ഡ്രൈവറെ മര്‍ദിച്ചതിന് കുട്ടിയുടെ പിതാവിനെതിരേയും കേസെടുത്തേക്കും.












Click it and Unblock the Notifications