തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ലിഫ്റ്റിൽ കുടുങ്ങിയത് 13 മണിക്കൂർ; രക്ഷയായത് ഐഡികാർഡ്
കൊടുങ്ങല്ലൂർ: സെക്യൂരിറ്റി ജീവനക്കാരൻ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് 13 മണിക്കൂർ. പടിഞ്ഞാറേനടയിലെ ഒ.കെ. ഹാളിലെ സെക്യൂരിറ്റി ജീവനക്കാരൻ കാരൂർ മഠത്തിന് സമീപം വെള്ളാപ്പള്ളി ഭരതൻ (60) ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണി മുതൽ ബുധനാഴ്ച രാവിലെ 10 വരെ ഭരതൻ ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിക്ക് എത്തിയ ഇദ്ദേഹം ലിഫ്റ്റിൽ കയറി മുകളിലേക്ക് പോയി. എന്നാൽ പ്രതീക്ഷിക്കാതെ ലിഫ്റ്റ് പ്രവർത്തന രഹിതമായി. ഹാളിൽ മറ്റ് ജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. മൊബൈൽഫോൺ താഴത്തെ നിലയിൽ ചാർജ് ചെയ്യാൻ വെച്ച ശേഷമായിരുന്നു ഭരതൻ മുകളിലേക്കു പോയത്. അതിനാൽ ആരേയും വിളിക്കാൻ കഴിഞ്ഞില്ല.

പ്രതീകാത്മക ചിത്രം
രാവിലെ ഭരതൻ ജോലി കഴിഞ്ഞ് എത്തേണ്ട സമയം ആയിട്ടും എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ ഹാളിലേക്ക് അന്വേഷിച്ച് ചെന്നത്. കഴുത്തിൽ ഉണ്ടായിരുന്ന തിരിച്ചറിയൽ കാർഡിന്റെ വള്ളി ലിഫ്റ്റിന്റെ വാതിലിനിടയിലൂടെ പുറത്തേക്ക് തള്ളിയിട്ടിരുന്നു.
ഇത് കണ്ടാണ് വീട്ടുകാർ അദ്ദേഹം ലിഫ്റ്റിനുള്ളിൽ ഉണ്ടെന്ന് മനസ്സിലാക്കിയത്. ഉടനെ താക്കോൽ ഉപയോഗിച്ച് തുറന്ന് പുറത്തെത്തിച്ചു. അവശനിലയിൽ ആയിരുന്ന ഭരതനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഭരതൻ ഏഴ് വർഷമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്












Click it and Unblock the Notifications