ഈ വര്‍ഷത്തെ പൂരം കളറാകും; വെടിക്കെട്ടിന് പരമ്പരാഗത ഇനങ്ങള്‍ ഉയോഗിക്കാം
തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് പരമ്പരാഗത വെടിക്കെട്ട് ഇനങ്ങള്‍ ഉപയോഗിക്കാന്‍ പെട്രോളിയും ആന്‍ഡ് സേഫ്റ്റി പ്രൊട്ടക്ഷന്‍ ( പെസോ) പ്രത്യേക അനുമതി നല്‍കി. ഓലപ്പടക്കം, കുഴിമിന്നല്‍, അമിട്ട്, ഗുണ്ട് എന്നീ പരമ്പരാഗത ഇനങ്ങള്‍ വെടിക്കെട്ടുകളില്‍ ഉപയോഗിക്കാന്‍ 2008 മുതല്‍ നിയന്ത്രണങ്ങളുണ്ട്. 2016ലെ പൂറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് ശേഷമാണ് ഇത് കര്‍ശനമാക്കിയത്.
എന്നാല്‍ തൃശൂര്‍ പൂരത്തിന് പരമ്പരാഗത വെടികെട്ട് ഇനങ്ങള്‍ ഉപയോഗിക്കാന്‍ പെസോ അനുമതി നല്‍കിയിരിക്കുകയാണ്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വമാണ് ഇക്കാര്യം അറിയിച്ചത്. തൃശൂര്‍പൂരം 30ന് ആണ്. 28ന് സാമ്പിള്‍ വെടിക്കെട്ട് നടക്കും. മേയ് ഒന്നിന് പുലര്‍ച്ചെയാണ് പ്രധാന വെടിക്കെട്ട്. അന്ന് പുലര്‍ച്ചെ ഉപചാരം ചൊല്ലിന് സേഷം പകല്‍ വെടിക്കെട്ടും നടക്കും.

അതേസമയം, ഈ വര്‍ഷത്തെ പൂരത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണത്തെ പൂരവും വെടിക്കെട്ടും കൂടുതല്‍ പേര്‍ക്ക് കാണാനാവും വിധം സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി സ്വരാജ് റൗണ്ടിന്റെ ചില ഭാഗങ്ങളില്‍ നിന്നും റൗണ്ടിലെ സുരക്ഷിതമായ കെട്ടിടങ്ങളില്‍ നിന്നും ആസ്വദിക്കുന്നതിന് നിബന്ധനകള്‍ക്കു വിധേയമായി അനുമതി നല്‍കും.
പെസോയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വെടിക്കെട്ട് നടക്കുന്ന ഫയര്‍ ലൈനില്‍ നിന്ന് 100 മീറ്റര്‍ അകലെ നിന്ന് സുരക്ഷിതമായി വെടിക്കെട്ട് കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി അധികൃതര്‍ പ്രദേശം അളന്ന് സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും കാണുന്നതിന് ആളുകള്‍ക്ക് നില്‍ക്കാവുന്ന പ്രദേശങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിയ സ്‌കെച്ചുകള്‍ തയ്യാറാക്കി.
പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലെ ജോസ് തിയേറ്ററിന്റെ മുന്‍ഭാഗം മുതല്‍ പാറമേക്കാവ് ക്ഷേത്രം വരെയുള്ള ഭാഗത്ത് റോഡിലും കുറുപ്പം റോഡ് മുതല്‍ എംജി റോഡ് വരെയുള്ള ഭാഗത്ത് റോഡ് കഴിഞ്ഞുള്ള നടപ്പാതയ്ക്ക് പുറത്തും കാണികള്‍ക്ക് പ്രവേശനം അനുവദിക്കും. സാമ്പിള്‍ വെടിക്കെട്ടിന് എംജി റോഡ് മുതല്‍ കുറുപ്പം റോഡ് വരെയും ജോസ് തിയേറ്റര്‍ മുതല്‍ പാറമേക്കാവ് വരെയുമുള്ള ഭാഗത്ത് റോഡിലേക്കും പ്രവേശനം നല്‍കും.












Click it and Unblock the Notifications