എക്‌സ്‌റേ എടുക്കാൻ എത്തിയ വയോധികയെ പറ്റിച്ച് 5 പവൻ ഊരിവാങ്ങി മുങ്ങിയ യുവതി പിടിയിൽ
തൃശൂർ: ചികിത്സയ്‌ക്കെത്തിയ വയോധികയുടെ സ്വർണം കവർന്ന യുവതി അറസ്റ്റിൽ. ആശുപത്രി ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആണ് യുവതി സ്വർണാഭരണങ്ങൾ കവർന്നത്. കനകമല സ്വദേശിനിയും മുംബെയിൽ താമസക്കാരിയുമായ മടത്തിക്കാടൻ വീട്ടിൽ ഷീബ എന്ന ശിൽപയെ ആണ് പൊലീസ് പിടികൂടിയത്.
നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ഇരുപത്തിനാലാം തീയതിയാണ് മുരിങ്ങൂർ സ്വദേശിയായ വയോധിക ചികിത്സ തേടി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിയത്.

എക്‌സ്‌റേ എടുക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് എക്‌സ്‌റേ എടുക്കുന്ന സ്ഥലത്തെത്തിയ വൃദ്ധയെ ആശുപത്രി ജീവനക്കാരിയെന്ന് പരിചയപ്പെടുത്തി അടുത്തുകൂടിയ യുവതി എക്‌സ്‌റേ എടുക്കുമ്പോൾ ആഭരണങ്ങളൊന്നും പാടില്ലെന്ന് പറഞ്ഞ് അഞ്ചു പവൻ ഊരി വാങ്ങുകയായിരുന്നു.
ഇവരോട് കാത്തിരിക്കാൻ പറഞ്ഞ് സമീപത്തു നിന്നും തന്ത്രത്തിൽ മാറിയ യുവതി പിന്നീട് അവിടെ നിന്നും സ്ഥലം വിടുകയായിരുന്നു. ഏറെ നേരം ആയിട്ടും യുവതിയെ കാണാതായതോടെ ആശുപത്രി അധികൃതരോട് വിവരം ചോദിച്ചപ്പോഴാണ് യുവതി തന്നെ പറ്റിച്ചതാണെന്ന് ഇവർക്ക് മനസ്സിലായത്. ഇതിന് തൊട്ടുപിന്നാലെ തന്നെ ആശുപത്രി അധികൃതർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു.
ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും യുവതിയെ കണ്ടെത്തിയെങ്കിലും ചിത്രങ്ങൾ വ്യക്തതമല്ലായിരുന്നു. അതുകൊണ്ട് തന്നെ ഇവരെ തിരിച്ചറിയാനായില്ല. തുടർന്ന് യുവതിയെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം രൂപികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കണ്ടുപിടിച്ചത്.
അതേസമയം, ഇന്ന് കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ വൃദ്ധയെ പറ്റിച്ച് മോഷണത്തിന് ശ്രമിച്ച ഒരു യുവതിയെ നാട്ടുകാർ പിടികൂടിയിരുന്നു. ഇവർ വിവരം പൊലീസിനെ അറിയിച്ചു. സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇവരിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് കണ്ടെടുക്കുകയും ചെയ്തു.












Click it and Unblock the Notifications