തൃശൂര്‍: പറപ്പൂക്കര സര്‍വീസ് സഹകരണ സംഘത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ഇരകളായത് കൂടുതല്‍ സ്ത്രീകള്‍!
തൃശൂര്‍: ജില്ലയില്‍ വീണ്ടും ചിട്ടി തട്ടിപ്പ്. ഇത്തവണ സര്‍വീസ് സഹകരണ ബാങ്ക് നടത്തിയ ചിട്ടിയാട്ട് പൊട്ടിയത്. പുതുക്കാപറപ്പൂക്കര സര്‍വീസ് സഹകരണ സംഘത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. അമ്പതിനായിരം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെ സ്ഥിര നിക്ഷേപം നടത്തിയവരും ചിട്ടി ചേര്‍ന്നവരുമായ നൂറുകണക്കിന് ആളുകളുടെയാണ് പണം നഷ്ടപ്പെട്ടത്. സഹകരണ സംഘം അടച്ചു പൂട്ടിയതോടെ നിരവധി പേരാണ് പരാതിയുമായി എത്തുന്നത്. പണം നഷ്ടപ്പെട്ട അമ്പതിലേറെ പേര്‍ വ്യഴാഴ്ച രാവിലെ പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ തടിച്ചുകൂടി.
ഭൂരിഭാഗം സ്ത്രീകളാണ് വഞ്ചിതരായത്.പ്രാഥമിക കണക്കനുസരിച്ച് ഒന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി കരുതുന്നു. സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചതറിഞ്ഞ് കൂടുതല്‍ പേര്‍ തുടര്‍ ദിവസങ്ങളില്‍ പരാതിയുമായി എത്താന്‍ സാധ്യതയുണ്ട്.ഭരണ സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടായ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു.പണം നഷ്ടപ്പെട്ടവര്‍ ഒന്നടങ്കം എത്തിയതോടെ സഹകരണ സംഘം അടച്ചുപൂട്ടി ഭരണ സമിതിയംഗങ്ങള്‍ ഒളിവില്‍ പോയിരിക്കുകയാണ്. സംസ്ഥാന സഹകരണ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്താതാണ് സഹകരണ സംഘം പ്രവര്‍ത്തിക്കുന്നത്.

ഒരു വര്‍ഷത്തേക്കാണ് നിക്ഷേപം സ്വീകരിക്കുന്നത്. പതിമൂന്ന് ശതമാനം പലിശ നല്‍കാമെന്ന് പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. പണം നിക്ഷേപിച്ചവര്‍ക്ക് സഹകരണ സംഘത്തിന്റെ രേഖകളും പാസ് ബുക്കും കൈമാറിയിട്ടുണ്ട്. കൂടാതെ നിരവധി സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദിവസേന നിക്ഷേപവും സ്വീകരിച്ചിട്ടുണ്ട്. ഒരു വര്‍ഷം പൂര്‍ത്തിയായ നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിയതോടെയാണ് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയതായി അറിയുന്നത്. കുറേപേര്‍ക്ക് ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാതെ അതെല്ലാം മടങ്ങുകയായിരുന്നു. ചെക്ക് മടങ്ങിയതോടെ ചില സഹകാരികള്‍ സംഘത്തിനെതിരെ കോടതിയെ സമീപിച്ചു.
സഹകാരികളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ സംഘം ഭരണ സമിതി അംഗങ്ങളും നിക്ഷേപകരും ചേര്‍ന്ന് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുത്തവരോട് വ്യാഴാഴ്ച രാവിലെ പുതുക്കാട് സ്‌റ്റേഷനില്‍ എത്താന്‍ പറഞ്ഞിരുന്നുവെങ്കിലും ഭരണ സമിതി അംഗങ്ങള്‍ എത്തിയില്ല.
രാവിലെ മുതല്‍ തടിച്ചുകൂടിയ നിക്ഷേപകര്‍ ക്ഷുഭിതരായി. നിക്ഷേപകരെ വഞ്ചിച്ച ഭരണ സമിതി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും,പണം തിരിച്ചു നല്‍കാന്‍ അധികൃതര്‍ ഇടപെടണമെന്നും നിക്ഷേപകര്‍ പറഞ്ഞു സഹകരണ സംഘം നല്‍കിയ വായ്പകള്‍ തിരിച്ചുപിടിക്കുന്നതിനായുള്ള ഓഡിറ്റിംഗ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും, തിങ്കളാഴ്ച രാവിലെ പണം നഷ്ടപ്പെട്ടവരോട് പുതുക്കാട് സ്‌റ്റേഷനില്‍ എത്താന്‍ പറഞ്ഞിട്ടുണ്ടെന്നും സി.ഐ. എസ്.പി. സുധീരന്‍ അറിയിച്ചു.












Click it and Unblock the Notifications