മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് ബൈക്ക് മോഷണം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരടക്കം നാലുപേര്‍ അറസ്റ്റില്‍
തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ: മെഡിക്കല്‍ കോളജ് ആശുപത്രി പരിസരം കേന്ദ്രീകരിച്ച് ബൈക്ക് മോഷണം നടത്തിവന്നിരുന്ന സംഘത്തിലെ നാലംഗങ്ങള്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ കൗമാരപ്രായക്കാരാണ്. കൗമാര പ്രായക്കാരായ രണ്ടുപേരെ ജുവനൈല്‍ കോടതി ജാമ്യത്തില്‍ വിട്ടു. മറ്റു രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ മോഷണം നടത്തിയ നാല് ബൈക്കുകള്‍ പോലീസ് കണ്ടെടുത്തു. പെരിങ്ങോട്ടുകര കോരമ്പി വീട്ടില്‍ അജീഷ് (30), തളിക്കുളം തമ്പാന്‍ കടവ് പണിക്കവീട്ടില്‍ അബ്ദുള്‍ സലാദ് (25) എന്നിവരെയാണ് വടക്കാഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തത്.
മെഡിക്കല്‍ കോളജ് പരിസരത്തും സ്‌റ്റേഷന്‍ പരിധിയിലും ബൈക്ക് മോഷണങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ വെളപ്പായ റോഡിലെ സന പാര്‍ക്ക് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയയാളുടെ ബൈക്ക് മോഷണം പോകുകയായിരുന്നു. മുളങ്കുന്നത്തുകാവ് അമ്മാന്‍ കുഴി ചുള്ളിക്കാട്ടില്‍ സതീഷ് രാജിന്റെ യമഹ ബൈക്കാണ് മോഷണം പോയത്. പിന്നീട് ബൈക്ക് കെല്‍ട്രോണ്‍ നഗറിലുള്ള ലാവിഷ് ഹോട്ടലിനു മുന്നില്‍നിന്ന് ബൈക്കുടമയും നാട്ടുകാരും ചേര്‍ന്ന് കണ്ടെടുക്കുകയും ബൈക്ക് മോഷ്ടിച്ച കൗമാരപ്രായക്കാരായ രണ്ടുപേരെ പിടിച്ച് മെഡിക്കല്‍ കോളജ് പോലീസിന് കൈമാറുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മോഷണത്തിന്റെ സൂത്രധാരകരായ രണ്ടുപേരെ പിടികൂടിയതും അറസ്റ്റ് ചെയ്തതും. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

കൗമാരപ്രായക്കാരെ ഉപയോഗിച്ച് ബൈക്ക് മോഷണം നടത്തുന്ന രീതി ജില്ലയില്‍ വ്യാപകമാകുന്നു. കഴിഞ്ഞദിവസം വെളപ്പായയില്‍നിന്ന് ബൈക്ക് മോഷ്ടിച്ചവരെ പിടികൂടിയപ്പോഴാണ് ഇത് വെളിവായത്.
പണത്തിന് ആവശ്യമുള്ള കൗമാര പ്രായക്കാരായവരെ മോഷണത്തിന് ഉപയോഗിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ ഇവര്‍ നല്‍കിയ വിവരമനുസരിച്ച് പിടിയിലാകുകയും ചെയ്തു. ബൈക്ക് പുലര്‍ച്ചെ ഹോട്ടലിനു മുന്നില്‍നിന്നാണ് മോഷ്ടിച്ചത്. മോഷണം പോയ ബൈക്ക് തിരഞ്ഞുനടക്കുമ്പോഴാണ് മറ്റൊരു ഹോട്ടലിന്റെ മുന്നില്‍നിന്ന് ഭക്ഷണം കഴിക്കാന്നെന്ന വ്യാജേനയെത്തിയ മോഷ്ടാക്കളെ ബൈക്കുടമതന്നെ കണ്ടെത്തി നാട്ടുകാരുടെ സഹായത്തോടെ പോലീസില്‍ ഏല്പിച്ചത്.
ജില്ലയില്‍ പലയിടത്തും ഇത്തരത്തില്‍ കൗമാരപ്രായക്കാരെ ഉപയോഗിച്ച് മോഷണം നടത്തുന്ന സംഘമുണ്ടെന്ന് പോലീസ് പറഞ്ഞു. വെളപ്പായയില്‍ പിടിയിലായവര്‍ എങ്ങണ്ടിയൂര്‍, തളിക്കുളം എന്നിവിടങ്ങളിലുള്ളവരാണ്. പണത്തിന്റെ ആവശ്യമുള്ള കുട്ടികളാണ് ഇത്തരം സംഘത്തിന്റെ കൈയില്‍ കുടുങ്ങുന്നത്. മെഡിക്കല്‍ കോളജ് എസ്.ഐ. അരുണ്‍ ഷാ, എ.എസ്.ഐമാരായ എബ്രഹാം വര്‍ഗീസ്, അശോകന്‍, ബിജു, കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് മോഷണ സംഘത്തെ പിടികൂടിയത്.












Click it and Unblock the Notifications