വോട്ടെണ്ണല്‍; വയനാട്ടില്‍ വിപുലമായ സജ്ജീകരണങ്ങള്‍, പ്രവേശനത്തിന് നിയന്ത്രണം, നിരീക്ഷകര്‍ ജില്ലയിലെത്തി
കല്‍പ്പറ്റ: ഏറെ നിര്‍ണായകമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ വോട്ടെണ്ണുന്നതിനുള്ള എല്ലാവിധ ഒരുക്കങ്ങളും വയനാട്ടില്‍ പൂര്‍ത്തായി. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് നടക്കുക.
ദേശീയ തലം വിടാതെ ചന്ദ്രബാബു നായിഡു, ലക്ഷ്യം 1996ലെ നേട്ടം, 2002ലെ മാസ്റ്റര്‍ സ്ട്രോക്കും പരിഗണന
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി കോരങ്ങാട് അല്‍ഫോണ്‍സ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നിലമ്പൂര്‍ ഗവ. മാനവേദന്‍ വി.എച്ച്. എസ്.എസിലുമാണ് നടക്കുക. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യഫല സൂചനകള്‍ പുറത്തുവരും. ഓരോ മണ്ഡലത്തിനും 14 വീതം ടേബിളുകള്‍ വോട്ടെണ്ണുന്നതിനായി പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഇതിലൊന്നില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും.
ഒരോ ടേബിളിലും ഒരു മൈക്രോ ഒബ്സര്‍വറും സൂപ്പര്‍വൈസറും അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടാവുക. ഓരോ കൗണ്ടിങ് ഹാളിന്റെയും ചുമതല അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫിസര്‍മാര്‍ക്കാണ്. ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ, ട്രെന്റ് എന്നീ ആപ്ലിക്കേഷനുകളിലൂടെ അതാതു സമയങ്ങളില്‍ ഫലമറിയാം. അതേസമയം, വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.
വോട്ടെണ്ണലിനു നിയോഗിച്ച ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥി ചീഫ് കൗണ്ടിങ് ഏജന്റ്, വരണാധികാരിയുടെയോ ഉപ വരണാധികാരിയുടെയോ അനുമതിപത്രം ലഭിച്ചിട്ടുള്ള കൗണ്ടിങ് എജന്റുമാര്‍, തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം ലഭിക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരഞ്ഞെടുപ്പുഫലം അതാത് സമയങ്ങളില്‍ ജനങ്ങളിലെത്തിക്കുന്നതിന് വിപുലമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമാണ് മീഡിയ സെന്ററില്‍ പ്രവേശനം. വോട്ടെണ്ണലിന് വയനാട് മണ്ഡലത്തില്‍ നിയോഗിക്കപ്പെട്ട നിരീക്ഷകര്‍ ജില്ലയിലെത്തി. എസ്.കെ.എം.ജെ യിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഹരിഷ് ഗഡ്ജു, മാനന്തവാടിയില്‍ ടാഷി സന്തൂപ്, സുല്‍ത്താന്‍ ബത്തേരിയില്‍ രാഗേഷ് കുമാര്‍ കൊര്‍ള എന്നിവരാണ് നിരീക്ഷകര്‍. എസ്‌കെഎംജെ ഹൈസ്‌കൂളില്‍ ഒബ്സര്‍വര്‍മാര്‍ സന്ദര്‍ശനം നടത്തി. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് രാജ്യശ്രദ്ധ ആകര്‍ഷിച്ച മണ്ഡലം കൂടിയാണ് വയനാട്. എല്‍ ഡി എഫിലെ പി പി സുനീറും, എന്‍ ഡി എയിലെ തുഷാര്‍വെള്ളാപ്പള്ളിയുമാണ് രാഹുലിന്റെ മുഖ്യ എതിരാളികള്‍.