നരഭോജി കടുവയെ കണ്ടെത്താനായില്ല, കാടുകയറിയിട്ടില്ലെന്ന് വനംവകുപ്പ്, തിരച്ചില്‍ തുടരുന്നു
കല്‍പ്പറ്റ: വയനാട് വാകേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഇതുവരെ കടുവയെ കണ്ടെത്താനായിട്ടില്ല. ക്യാമറയില്‍ ഇവ കുടുങ്ങിയിട്ടുണ്ടെങ്കിലും പിടിക്കാനായിട്ടില്ല. ജനവാസ മേഖലയില്‍ ഇവ എത്തിയതും ആശങ്ക വര്‍ധിപ്പിക്കുന്നു. കടുവയെ പിടിക്കാനുള്ള ദൗത്യം ഒരാഴ്ച്ച പിന്നിട്ടിരിക്കുകയാണ്.
മുത്തങ്ങ ആനപ്പന്തിയില്‍ നിന്നെത്തിച്ച കുങ്കിയാനകളെ ഉപയോഗിച്ചും ക്യാമറ ട്രാപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചുമെല്ലാം തിരച്ചില്‍ നടത്തുന്നത്. വനംവകുപ്പിന്റെ ഡാറ്റ ബേസിലുള്ള ഡബ്ല്യുഡബ്ല്യുഎല്‍ 45 എന്ന ആണ്‍കടുവയാണ് യുവാവിന്റെ ജീവനെടുത്തതെന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം കടുവ കാടുകയറിയിട്ടില്ലെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്.അതേസമയം കടുവ കൂട്ടില്‍ കയറാന്‍ തയ്യാറാവുന്നില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

കെണിയുടെ പരിസരത്ത് കൂടി പോയ കടുവ പക്ഷേ കൂട്ടില്‍ കയറിയതേയില്ല. സമയവും സന്ദര്‍ഭവും നോക്കി മയക്കുവടി വെക്കുന്നതിലേക്ക് ദൗത്യ സംഘം കടക്കും. കടുവയ്ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ ജനവാസ മേഖലയില്‍ ഇവയുടെ കാല്‍പ്പാടുകള്‍ വീണ്ടും കണ്ടെത്തി. യുവാവിനെ കടുവ കൊന്ന വാകേരിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
വനംവകുപ്പ് ഇവിടെ പരിശോധന നടത്തി. ഒരു വീട്ടുമുറ്റത്താണ് കടുവയുടെ കാല്‍പ്പാടുകള്‍ ഉള്ളത്. സമീപത്തെ വയലിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് ഇവ കടുവയുടേതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.കടുവയെ കണ്ടെത്തി വെടിവെക്കാനായി അഞ്ച് പട്രോളിംഗ് ടീമും ഷൂട്ടര്‍മാരും രംഗത്തുണ്ട്. വെറ്ററിനറി ഡോക്ടര്‍മാര്‍ അടക്കം വലിയ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ കടുവ ഇവര്‍ക്കൊന്നും പിടികൊടുക്കാതെ രക്ഷപ്പെടുകയാണ്.
കടുവയെ നിരീക്ഷിക്കാന്‍ 25 ക്യാമറകള്‍ നേരത്തെ തന്നെ പ്രദേശത്ത് സ്ഥാപിച്ചിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലും നടക്കുന്നുണ്ട്. കടുവയെ തിരിച്ചറിയാനായാല്‍ വേഗത്തില്‍ പിടികൂടാമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ കടുവ കാട് കയറിട്ടില്ല. അതുകൊണ്ട് പ്രദേശത്തെ നിരോധനാജ്ഞ ഈ മാസം 19 വരെ നീട്ടിയിട്ടുണ്ട്.












Click it and Unblock the Notifications