പുൽപ്പള്ളിയിൽ പ്രതിഷേധം അക്രമാസക്തം; എൽഎൽഎമാർക്കെതിരെ കുപ്പിയേറും ഗോബാക്ക് വിളിയും, പോലീസ് ലാത്തിവീശി
വയനാട്: പുൽപ്പളളിയിൽ കാട്ടാന-വന്യജീവി ആക്രമണങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രദേശത്ത് നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ഇതോടെ പ്രതിഷേധം അക്രമാസക്തമായി. മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം പിന്നീട് അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു.
പ്രതിഷേധക്കാർ പോലീസിന് നേരെയും കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെ കുപ്പിയേറുമുണ്ടായി. ഇതിന് പിന്നാലെ ആക്രമാസക്തമായ ജനക്കൂട്ടത്തെ ശാന്തരാക്കാൻ പോലീസ് ലാത്തിവീശി. നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്.

സ്ത്രീകളും പ്രതിഷേധ രംഗത്തുണ്ട്. നിലവിൽ ആവശ്യത്തിന് വനിതാ പോലീസിന്റെ കുറവ് സ്ഥലത്തുണ്ട്. നേരത്തെ ഹർത്താൽ ദിനത്തിൽ ഹർത്താൽ ദിനത്തിൽ കൂട്ടം ചേർന്നെത്തിയ ജനങ്ങൾ വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പിന്റെ കാറ്റ് അഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്യുകയുണ്ടായി. ജീപ്പിന് മുകളിൽ റീത്ത് വെച്ചും അവർ പ്രതിഷേധിച്ചു.
ഇതിന് പുറമെ കേണിച്ചിറയിൽ നിന്ന് കണ്ടെത്തിയ പാതി ഭക്ഷിച്ച നിലയിലുളള പശുവിന്റെ ജഡവും പ്രതിഷേധക്കാർ ജീപ്പിന് മുകളിൽ കെട്ടിവെച്ചു. വനംവകുപ്പ് ജീവനക്കാർക്കെതിരെയും പോലീസിനെതിരെയുമാണ് ജില്ലയിൽ ജനരോഷം ആളിക്കത്തുന്നത്. പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറുന്ന കാഴ്‌ചയ്ക്കാണ് പുൽപ്പള്ളി സാക്ഷ്യം വഹിക്കുന്നത്.
അതേസമയം, വയനാട്ടിൽ സമരത്തിന്റെ പേരിൽ നടക്കുന്ന അക്രമ സംഭവങ്ങളെ വിമർശിച്ചുകൊണ്ട് വനംമന്ത്രി എകെ ശശീന്ദ്രൻ രംഗത്ത് വന്നു. അക്രമാസക്തമായ സമരം സ്വാഭാവിക പ്രതിഷേധമല്ലെന്നാണ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞത്. ഇന്നത്തെ ഹർത്താലിനെ എല്ലാവരും പിന്തുണക്കുന്നുണ്ട്, അവരുടെ ആവശ്യം ന്യായവുമാണ്. എന്നാൽ അക്രമസമരം സ്വാഭാവികമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങാതെ സമര നേതൃത്വം ശ്രദ്ധിക്കണം. സംഘർഷമുണ്ടാക്കി യഥാർഥ പ്രശ്‌നം മാറിപ്പോകുന്ന സാഹചര്യം സൃഷ്‌ടിക്കരുതെന്നും ശശീന്ദ്രൻ മുന്നറിയിപ്പ് നൽകി. ജനങ്ങൾ സർക്കാരുമായി സഹകരിക്കണം, അല്ലാതെ ഒരു പ്രശ്‌ന പരിഹാരം സാധ്യമല്ലെന്നും വനംമന്ത്രി തന്റെ നിലപാട് വ്യക്തമാക്കി.
രാജി ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമരത്തെ രാഷ്ട്രീയ ആവശ്യങ്ങളിലേക്ക് തിരിച്ചുവിട്ടാൽ കർഷക പ്രശ്‌നത്തിന് പരിഹാരമാകില്ല. ചികിത്സാ വീഴ്‌ചയെക്കുറിച്ച് ബന്ധുക്കളുടെ പരാതി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി മൂന്ന് മന്ത്രിമാർ വയനാട്ടിലേക്ക് പോകും. ഇവിടെ ദീർഘ-ഹ്രസ്വ കാല പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications