വയനാട്ടില്‍ കുഴിമന്തിയും അല്‍ഫാമും കഴിച്ച 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ; അന്വേഷണം
കല്‍പ്പറ്റ: പനമരത്ത് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് 15ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ച രാത്രി എട്ടരയോടെ കല്‍പ്പറ്റയിലെ ഒരു റസ്‌റ്റോറന്റില്‍ നിന്നും കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം സി എച്ച് സിയിലും സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഭക്ഷണം കഴിച്ച് വീട്ടിലെത്തി അല്‍പനേരം കഴിഞ്ഞപ്പോഴാണ് അസ്വസ്ഥതയും വലയറിളക്കവും തലവേദനയും അനുഭവപ്പെട്ടത്. ഇതോടെയാണ് എല്ലാവരും ചികിത്സ തേടിയത്. ഒരേ കുടുംബത്തിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുടുംബം പരാതി ഉന്നയിച്ച റസ്റ്റോറന്റില്‍ നിന്ന് തന്നെയാണോ ഭക്ഷ്യവിഷബാധയേറ്റത് എന്ന കാര്യം ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്.

അതേസമയം, വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന വയനാട്ടില്‍ ഭക്ഷ്യവിഷബാധ സ്ഥിരം സംഭവമായി മാറുകയാണ്. ആരോഗ്യ വകുപ്പ് ഗൗരവത്തോടെ വിഷയത്തെ കാണാത്തതാണ് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ബന്ധപ്പെട്ടവരുടെ യോഗങ്ങള്‍ വിളിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പനമരത്ത് കഴിഞ്ഞവര്‍ഷം മെയില്‍ പെരുന്നാള്‍ ദിനത്തില്‍ വീട്ടിലുണ്ടാക്കിയ കുഴിമന്തിയില്‍ നിന്നു വിഷബാധയേറ്റ് 12 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
'ഇവ പാലിക്കുന്നുണ്ടോ എന്നിവ ഉള്‍പ്പെടെയറിയാന്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ സംസ്ഥാനത്ത് നടന്നു വരികയാണ്. ഇതുകൂടാതെയാണ് പ്രത്യേക പരിശോധന ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 606 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. അതില്‍ 101 സ്ഥാപനങ്ങളില്‍ പോരായ്മകള്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ശക്തമായ പരിശോധന തുടരും. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരേയും പാഴ്സലില്‍ മുന്നറിയപ്പോടു കൂടിയ സ്റ്റിക്കര്‍ പതിക്കാത്തവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്'- മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.












Click it and Unblock the Notifications