'ഞങ്ങളുടെ വീടൊന്നും കാണാനില്ല, ഇന്നലെ മാറിയത് കൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു'; ശകുന്തള പറയുന്നു
കല്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുകയാണ്. നിരവധി പേരാണ് പരിക്ക് പറ്റി ആശുപത്രിയിൽ ഉള്ളത്. ജീവന് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് ആളുകൾ. വലിയ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ചൂരൽമല വില്ലേജ് റോഡിലെ ശകുന്തളയ്ക്ക് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.
ഇന്നലെ മഴ ശക്തമായി പെയ്തപ്പോൾ എന്തോ ദുസ്സൂചന തോന്നിയ ശകുന്തളയും ഭർത്താവും ഉയർന്ന പ്രദേശത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. ഉരുൾപൊട്ടലിൽ തങ്ങളുടെ പുഴ പോലെ നിരപ്പായി കിടക്കുന്നതാണ് കണ്ടതെന്നാണ് ശകുന്തള മീഡിയ വണ്ണിനോട് പറഞ്ഞത്.

നാത്തൂന്റെ വീട്ടിൽ സുരക്ഷിതമായി നിൽക്കുകയാണിപ്പോൾ. ഇന്നലെ രാത്രി ഏഴ് മണി സമയത്ത് ശക്തമായ മഴയാണ് പെയ്തിരുന്നത്. അതുകൊണ്ട് ഞാനും ഭർത്താവും മുകളിലുള്ള അദ്ദേഹത്തിന്റെ പെങ്ങളുടെ വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. തലേന്ന് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് ഇന്നലെ അവിടെ നിൽക്കേണ്ടെന്ന് തീരുമാനിച്ചുപോയത്. ഒരു മാെബൈലും ടോർച്ചും എടുത്താണ് വീട്ടിൽ നിന്ന് പോന്നത്, ശകുന്തള പറഞ്ഞു.
'' ഭീകരമായ അവസ്ഥയാണ് അവിടെ ഇപ്പോൾ. ഞങ്ങളുടെ വീടൊന്നും കാണാനില്ല. പറമ്പിൽ മൂന്ന് നാല് ബോഡികൾ അവിടെ വന്നുകിടക്കുന്നുണ്ട്. ഒരുപാട് മരങ്ങൾ കുത്തിയൊലിച്ച് വന്ന് ഒരു പുഴുയുടെ ആകൃതിയിൽ ആയി മാറിയിട്ടുണ്ട്. വീടുള്ള ഭാഗത്തെല്ലാം മരങ്ങൾ അടിഞ്ഞുപുഴ പോലെയായിട്ടുണ്ട്. ഇന്നലെ മാറിയത് കൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു. ഇപ്പോൾ നിൽക്കുന്ന ഭാഗത്ത് ഒന്ന് രണ്ട് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. കുറെ വീടുകളിൽ ചെളിയും വെള്ളവും വന്നുനിറഞ്ഞിരിക്കുകയാണ്.
അയൽവീട്ടുകാരോടും മാറാൻ പറഞ്ഞിരുന്നു. വരാമെന്ന് പറഞ്ഞെങ്കിലും അവർ മാറിയിരുന്നില്ല. ചൂരൽമല വില്ലേജ് റോഡിന്റെ ചുറ്റുമായി പത്ത് പതിനഞ്ച് വീടുകളുണ്ടായിരുന്നു. പലരും ഇപ്പോൾ മാറിത്താമസിച്ചിട്ടുണ്ട് എന്നാണ് അറിയാനായത്. വില്ലേജ് ഓഫീസും മുങ്ങിപ്പോയിട്ടുണ്ട്. ആകെ സുരക്ഷിതമായി പ്രദേശത്ത് ഒരു വീട് മാത്രമെയുള്ളൂ. അവിടെയാണ് ഇപ്പോൾ തങ്ങൾ നിൽക്കുന്നതെന്നും ശകുന്തള പറഞ്ഞു.
അതേ സമയം മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ 84 ആയി. ഉരുൾപൊട്ടലിനെ തുടർന്ന് ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ സംസ്ഥാനം ഒട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സർക്കാര് നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവെയ്ക്കേണ്ടതുമാണ്.












Click it and Unblock the Notifications