വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ ജൈനക്ഷേത്രങ്ങളുടെ പരിപാലനത്തിന് നടപടി വേണമെന്ന് വിശ്വാസികള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ ജൈനക്ഷേത്രങ്ങളുടെ പരിപാലനത്തിന് നടപടി സ്വീകരിക്കണമെന്ന് വിശ്വാസികള്‍. ജൈനമതത്തില്‍പ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ. എ ബി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. വയനാട്ടില്‍ ജൈന മതവിഭാഗത്തിന് ഒന്‍പതോളം ക്ഷേത്രങ്ങളാണുള്ളത്.

ഇതില്‍ പ്രധാനക്ഷേത്രമായ സുല്‍ത്താന്‍ബത്തേരി ജൈനക്ഷേത്രമടക്കം പുരാവസ്തു വകുപ്പിന്റെ കൈവശമാണുള്ളത്. വര്‍ഷത്തിലൊരിക്കല്‍ മഹാവീര ജയന്തി ദിവസം ഈ ക്ഷേത്രത്തില്‍ പൂജ ചെയ്യാനുള്ള അവസരം ജൈനമത വിശ്വാസികള്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ട്. യോഗത്തിനെത്തിയ ജൈന സമാജം പ്രതിനിധികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡയറക്ടര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു.

Jains issue

യുവതലമുറയുടെ സംരക്ഷണത്തിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും, ജൈന ക്ഷേത്രങ്ങളുടെ പരിപാലനത്തിനും, കമ്മ്യൂണിറ്റി സെന്റര്‍ സ്ഥാപിക്കാനും സര്‍ക്കാരില്‍ നിന്നും ധനസഹായവുമാണ് പ്രതിനിധികള്‍ ആവശ്യപ്പെട്ടവയില്‍ പ്രധാനപ്പെട്ടത്. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ കമ്മ്യൂണിറ്റി സെന്റര്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് വിശദാംശങ്ങള്‍ സര്‍ക്കാരിനു കൈമാറാമെന്നും ഡയറക്ടര്‍ പറഞ്ഞു.

അനൗദ്യോഗിക കണക്കനുസരിച്ച് കേരളത്തിലെ ജൈനവിഭാഗക്കാരുടെ 90 ശതമാനവും വയനാട്ടിലാണ്. ജൈനമതക്കാരുടെ പ്രധാന ജോലി കൃഷിയായിരുന്നു. വീട്ടില്‍ മാതൃഭാഷയും പുറത്ത് പ്രാദേശികഭാഷയും ഉപയോഗിക്കുന്ന കേരളത്തിലെ ജൈനമതസ്ഥര്‍ ഭാഷ ന്യൂനപക്ഷങ്ങള്‍ കൂടിയാണ്. വയനാട്ടില്‍ 420 ഓളം ജൈന കുടുംബങ്ങളില്‍ 1800 ഓളം പേര്‍ താമസിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നു.

ഇതില്‍ 250 ഓളം പേര്‍ വിദ്യാര്‍ത്ഥികളാണ്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജില്ലയില്‍ നിന്നുള്ള 15 ജൈന മതസ്ഥര്‍ ജോലി ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സഹായമുള്ള വിവിധ ന്യൂനപക്ഷ ഫണ്ടുകളുടെ ഭൂരിഭാഗവും ചെലവഴിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. ഈ സാഹചര്യത്തില്‍ ജൈനമതക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തിയായിരുന്നു ന്യൂനപക്ഷ ക്ഷേമവകുപ്പ് ജില്ലയില്‍ സിറ്റിംഗ് നടത്തിയത്.

ജൈന മതവിഭാഗക്കാര്‍ക്ക് ഭാഷാ ന്യൂനപക്ഷ പദവി ലഭിക്കുന്നതിന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും, ന്യൂനപക്ഷ വിഭാഗത്തിലെ പിന്നോക്കക്കാരെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ സംവരണ പദവിക്ക് അപേക്ഷിക്കാമെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി മൊയ്തീന്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ മൈനോറിട്ടി കോച്ചിംഗ് സെന്റര്‍ പ്രിന്‍സിപ്പാള്‍ സി. യൂസഫ്, വയനാട് ജൈന സമാജം സെക്രട്ടറി മഹേന്ദ്ര കുമാര്‍, പ്രസിഡന്റ് വനമാല സനത്കുമാര്‍, പഞ്ചാക്ഷരി മഹിള സമാജം പ്രസിഡന്റ് ജയശ്രീ ശീതള്‍ നാഥ്, ജൈന ബന്ധു മാഗസിന്‍ എഡിറ്റര്‍ എം. രാജേഷ്, വി.പി ജീനേന്ദ്രപ്രസാദ്, എല്‍. ജയകുമാര്‍, എന്‍. പ്രവിരാജ് ജയകുമാരി, മാഹിന്‍ ഷഹീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
Wayanad Local News about Jains issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X