കുറുക്കന്‍മൂലയെ വിറപ്പിച്ച് കടുവ, കഴുത്തില്‍ ആഴത്തില്‍ മുറിവ്, കെണിയില്‍ വീണ പരിക്കേറ്റെന്ന് നിഗമനം
കോഴിക്കോട്: വയനാട്ടില്‍ വീണ്ടും ഭീതി പരത്തി കടുവ. വളര്‍ത്തുമൃഗങ്ങളെ മുഴുവന്‍ കൊന്നൊടുക്കുന്ന കടുവയുടെ ചിത്രം ആദ്യമായി പുറത്തുവന്നിരിക്കുകയാണ്. കുറുക്കന്‍മൂലയെ ഭീതിയിലാഴ്ത്തിയ കടുവയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് തയ്യാറാക്കിയ കെണിയില്‍ വീണാണ് കടുവയ്ക്ക് സാരമായ പരിക്കേറ്റതെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുവരെ കടുവയെ പിടിക്കാനായിട്ടില്ല. മുയലിനെയും പന്നിയെയും കുടുക്കാന്‍ ഇവിടെ കെണി ഒരുക്കിയിട്ടുണ്ട്. ഇതില്‍ കടുവ കുടുങ്ങിയിരുന്നുവെന്നാണ് കരുതുന്നത്. അതേസമയം ഇത്തരം കുരുക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ വനംവകുപ്പും രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം കൃഷി ഇടങ്ങില്‍ കുടുക്കുകള്‍ സ്ഥാപിക്കുന്നത് ഇത്തരം അപകടങ്ങളുണ്ടാക്കുമെന്ന് പലതവണ ചൂണ്ടിക്കാണിച്ചതാണെന്ന് വനംവകുപ്പ് പറയുന്നു. എന്നിട്ടും ഇതേ രീതിയാണ് തുടരുന്നത്. ഹൈക്കോടതിയുടെ ശ്രദ്ധയില്‍ അടക്കം ഇത് കൊണ്ടുവന്നിട്ടുണ്ട്. മൂന്നാമത്തെ കടുവാണ് ഇതേ രീതിയിലുള്ള ദുരന്തം നേരിടുന്നത്. കുടുക്കുകള്‍ സ്ഥാപിക്കുന്ന ഭൂവുടമകള്‍ക്കെതിരെ കേസെടുക്കേണ്ടി വരുമെന്ന് വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ നാട്ടുകാരുടെ രോഷം അതിനേക്കാള്‍ മുകളിലാണ്. കുറുക്കന്‍മൂലയില്‍ ഒരുമാസത്തോളമായി നേരിടുന്ന പ്രശ്‌നമാണ് കടുവാഭീതി. വനംവകുപ്പാണെങ്കില്‍ കടുവയെ പിടിക്കുന്ന കാര്യത്തില്‍ വന്‍ പരാജയമാണ്.
നാട്ടുകാര്‍ നേരത്തെ ഹൈവേ ഉപരോധവും വനംവകുപ്പ് ഓഫീസ് ഉപരോധവും നടത്തിയാണ് പ്രതിഷേധിച്ചത്. കടുവയെ പിടിക്കാന്‍ അഞ്ചിടത്തായി കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കുടുക്കില്‍ ഒരുതവണ വീണ കടുവ വീണ്ടും കൂട്ടിലുള്ള മൃഗത്തെ പിടിക്കാനായി വരുമോ എന്നത് സംശയമാണ്. ഇനി കുങ്കിയാനകളുടെ നേതൃത്വത്തിലുള്ള തിരച്ചിലാണ് കടുവയ്ക്കായി നടത്താന്‍ പോകുന്നത്. ഒളിയോട്ട്, ഒണ്ടയങ്ങടി റിസര്‍വ് വനങ്ങളില്‍ കടുവ ഉണ്ടാകുമെന്നാണ് വനംവകുപ്പ് കരുതുന്നത്. പകല്‍ നേരത്തെ കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടിവെച്ച് ശുശ്രൂഷിക്കുമെന്ന് വനംവകുപ്പ് പറയുന്നു. കഴിഞ്ഞ ദിവസം കൂട് തകര്‍ത്ത കടുവ ആടിനെ വലിച്ച് കൊണ്ടുപോയിരുന്നു.
പയ്യമ്പള്ളി, കുറുക്കന്‍മൂല, പടമല, ചെറൂര്‍, പ്രദേശങ്ങളാകെ കടുവാ ഭീതിയിലാണ്. കടുവ കാട്ടിലേക്ക് മടങ്ങുകയോ കൂട്ടിലകപ്പെടുകയോ ചെയ്യാത്തതാണ് ആകെ ആശങ്കപ്പെടുത്തുന്നത്. കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം പതിനാല്ആയിരിക്കുകയാണ്. നഗരസഭാ പരിധിയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് നീട്ടിയിരിക്കുകയാണ്. കടുവയെ പിടിക്കാനായി കുറുക്കന്‍മൂലയിലും ചെങ്ങോത്ത് കോളനിക്ക് സമീപത്തുമായി രണ്ട് കൂടുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മൊത്തം അഞ്ച് കൂടുകളാണ് ഇതുവരെ സ്ഥാപിച്ചിരിക്കുന്നത്. കടുവയുടെ സഞ്ചാരപാത കണക്കാക്കിയാണ് കൂടുതല്‍ സ്ഥാപിച്ചിട്ടുള്ളത്. ഇരുപതോളം ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications