ഒന്നര വര്‍ഷത്തിനുള്ളില്‍ സൗദി വിസ ഉപേക്ഷിച്ച് മടങ്ങിയത് എട്ട് ലക്ഷത്തിലേറെ പ്രവാസികള്‍

  • Posted By: Desk
Subscribe to Oneindia Malayalam

ജിദ്ദ: സൗദിയില്‍ നിന്ന് ദിനംപ്രതി ആയിരത്തി അഞ്ഞൂറോളം വിദേശികള്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്ന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്ട്‌സ് (ജവാസാത്ത്) വെളിപ്പെടുത്തി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 8,11,000 വിദേശികള്‍ വിസ ഒഴിവാക്കി മടങ്ങി. പുതിയ സ്വദേശീവല്‍ക്കരണ പദ്ധതികള്‍, വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി തുടങ്ങിയ കാരണങ്ങളാണ് പ്രവാസികളുടെ തിരിച്ചുപോക്കിന് ആക്കംകൂട്ടിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം ആദ്യത്തെ നാല് മാസം പന്ത്രണ്ട് ലക്ഷം വിദേശികള്‍ മാത്രമാണ് തിരികെ വരാനാവുന്ന വിസയില്‍ നാട്ടിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് മുപ്പത് ലക്ഷമായിരുന്നുവെന്നും ജവാസാത്ത് വെളിപ്പെടുത്തി.

 saudi-map

അതിനിടെ, തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യത്ത് കഴിയുന്ന 928,857 പേര്‍ ഇതിനകം പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നവംബര്‍ പതിനേഴിന് 19 സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. ഇതില്‍ 674,033 ഇഖാമ നിയമലംഘകരും, 177,230 തൊഴില്‍ നിയമലംഘകരും, 77,594 അതിര്‍ത്തി സുരക്ഷാ നിയമലംഘകരും ഉള്‍പ്പെടും.

അതിര്‍ത്തി വഴി സൗദിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ 13,468 പേരാണ് പിടിയിലായത്. യമനികളും എത്യോപ്യക്കാരുമാണ് ഇതില്‍ കൂടുതലും. അനധികൃത താമസക്കാരില്‍ 10,768 പുരുഷന്‍മാരും 2,014 സ്ത്രീകളും വിവിധ താല്‍ക്കാലിക തടവ് കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ടെന്നും സുരക്ഷാ അധികൃതര്‍ വെളിപ്പെടുത്തി. വിവിധ കേസുകളില്‍ പോലീസ് തിരയുന്ന 21,374 പ്രതികളും ഒരാഴ്ചക്കുള്ളില്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി മന്ത്രാലയം വെളിപ്പെടുത്തി. 13 യന്ത്രത്തോക്കുകളും 119 പിസ്റ്റളുകളും ഉള്‍പ്പെടെ 3726 ആയുധങ്ങളും പരിശോധനകളില്‍ കണ്ടെത്തി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
As many as 811,000 expatriates have left the Kingdom on final exit visa in the past 18 months, Al-Hayat Arabic newspaper reported on Wednesday quoting the Directorate General of Passports

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്