ജോലി തേടി സൗദിയിലേക്കാണോ? ആദ്യം ഡല്‍ഹിയില്‍ പോകേണ്ടി വരും... പരീക്ഷ എഴുതണം
റിയാദ്: മലയാളി പ്രവാസികള്‍ കൂടുതല്‍ ജോലി തേടി പോകുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. കേരളത്തിന്റെ ഇന്നത്തെ വികസനത്തില്‍ ഈ അറബ് രാജ്യത്തിനുള്ള പങ്ക് ചെറുതല്ല. മാത്രമല്ല, ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ ബന്ധമുള്ള രാജ്യം കൂടിയാണ് സൗദി. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നും സൗദി തന്നെ.
എന്നാല്‍ സൗദിയിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്ക് ഇനി അല്‍പ്പം പ്രയാസം നേരിടേണ്ടിവരും. ഇതുസംബന്ധിച്ച വിവരമാണ് സൗദി പ്രസ് ഏജന്‍സി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജോലി വിസ തേടുന്നവര്‍ ആദ്യം സൗദി നടത്തുന്ന പരീക്ഷ എഴുതണം. വിശദാംശങ്ങള്‍ അറിയാം...

സൗദിയിലേക്ക് ജോലി തേടി പോകുന്ന ഇന്ത്യക്കാര്‍ര്‍ക്ക് പരീക്ഷ നടത്താനാണ് തീരുമാനം. യോഗ്യരായവര്‍ക്കാകും വിസ അനുവദിക്കുക. പരീക്ഷ പാസാകണം. ജനുവരി മുതല്‍ പരീക്ഷാ നടപടികള്‍ ആരംഭിക്കും. ഇന്ത്യയില്‍ തന്നെയാണ് പരീക്ഷ നടത്തുക. രണ്ട് തരത്തിലുള്ള കാര്യങ്ങളാണ് പരീക്ഷയായുണ്ടാകുക. കഴിവില്ലാത്തവര്‍ സൗദിയില്‍ ജോലിക്കെത്തുന്നത് തടയാനാണ് ഭരണകൂടത്തിന്റെ നീക്കം.

ന്യൂഡല്‍ഹിയിലും മുംബൈയിലുമാകും പരീക്ഷാ കേന്ദ്രങ്ങള്‍. വിസ തേടുന്നവര്‍ ആദ്യം ഇവിടെ എത്തി പരീക്ഷ എഴുതേണ്ടി വരും. ആദ്യ ഘട്ടത്തിലാണ് ഇന്ത്യയില്‍ രണ്ട് പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ വൈകാതെ വരും. എല്ലാ തൊഴിലിനും ഇത്തരത്തില്‍ പരീക്ഷ നടത്തില്ല എന്ന കാര്യവും എടുത്തുപറയേണ്ടതാണ്.

അഞ്ച് ജോലികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരീക്ഷ നടത്തുക. പ്ലംബര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, എസി-ഫ്രിഡ്ജ് ടെക്‌നീഷ്യന്‍, ഓട്ടോ മെബൈല്‍ ഇലക്ട്രീഷ്യന്‍ എന്നീ അഞ്ച് ജോലികള്‍ക്കാകും പരീക്ഷ. കൂടുതല്‍ തൊഴില്‍ മേഖലയിലേക്ക് പരീക്ഷ നടത്തുന്നത് സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകും. എഴുത്ത് പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയുമാണ് നടത്തുക.

പരീക്ഷയില്‍ പാസായവര്‍ക്കാകും സൗദി ജോലി വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുക. പരീക്ഷയുടെ രേഖയും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടി വരുമെന്നാണ് സൂചന. സൗദിയിലെത്തിയ ശേഷം തൊഴില്‍ പഠിക്കുന്നവര്‍ വരെയുണ്ട് എന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. ഇതേ തുടര്‍ന്നാണ് പരീക്ഷ നടത്തി യോഗ്യരായവര്‍ക്ക് മാത്രം വിസ നല്‍കുന്ന സമ്പ്രദായം വരുന്നത്.

സൗദി തൊഴില്‍വിപണി കൂടുതല്‍ കഴിവുറ്റതാക്കുക എന്ന ലക്ഷ്യമാണ് സൗദി ഭരണകൂടത്തിനുള്ളത്. ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുകയും ലക്ഷ്യമാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് വിദഗ്ധ തൊഴിലുകള്‍ക്ക് പരീക്ഷ നടത്താന്‍ സൗദി തീരുമാനിച്ചത്. ഇപ്പോള്‍ ഇന്ത്യയിലും പരീക്ഷയ്ക്ക് സൗകര്യം ഒരുക്കുകയാണ്. ഇന്ത്യയില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് സൗദിയിലെത്തിയാല്‍ പ്രത്യേകം പരീക്ഷ ആവശ്യമുണ്ടാകില്ല.

23 തൊഴില്‍ രംഗത്ത് പരീക്ഷ നടത്താനാണ് സൗദിയുടെ തീരുമാനം. കഴിഞ്ഞ സെപ്തംബറില്‍ പാകിസ്താനില്‍ പരീക്ഷ എഴുതുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നിരവധി പരീക്ഷാ കേന്ദ്രങ്ങളും പാകിസ്താനില്‍ സ്ഥാപിച്ചു കഴിഞ്ഞു. പരീക്ഷ എഴുതിയ ശേഷമാണ് വിദഗ്ധ തൊഴില്‍ മേഖലയിലേക്കുള്ള വിസ പാകിസ്താനികള്‍ക്ക് അനുവദിക്കുന്നത്. ഇതേ കാര്യം ഇന്ത്യയിലും നടപ്പാക്കുകയാണിപ്പോള്‍.

പാകിസ്താനില്‍ എട്ട് നഗരങ്ങളില്‍ പരീക്ഷാ സൗകര്യം സൗദി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യ ഘട്ടമെന്നോളം ന്യൂഡല്‍ഹിയിലും മുംബൈയിലും മാത്രമാണ് സൗകര്യം. വൈകാതെ കൂടുതല്‍ നഗരങ്ങളിലേക്ക് സൗകര്യം വ്യാപിപ്പിക്കും. മലയാളികള്‍ കൂടുതല്‍ ജോലി തേടുന്നതിനാല്‍ വൈകാതെ കേരളത്തിലും സൗകര്യം ഒരുക്കിയേക്കും. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് സാധ്യതയുണ്ട്.












Click it and Unblock the Notifications