സ്വര്‍ണവില കത്തിക്കയറി; ഇനി യുഎഇയിലേക്ക് വിട്ടോ... രണ്ടുദിവസം കൊണ്ട് 520 രൂപ കൂടി
ഏതൊരാളും വളരെ താല്‍പ്പര്യത്തോടെ അറിയാന്‍ കൊതിക്കുന്ന വിവരമാണ് സ്വര്‍ണ വില. ഇടയ്ക്കിടെ കൂടിയും കുറഞ്ഞുമുള്ള സ്വര്‍ണവില ഇപ്പോള്‍ 40000 പിന്നിട്ട് കുതിക്കുകയാണ്. ആഭരണമായും ആസ്തിയായും വാങ്ങി സൂക്ഷിക്കുന്ന സ്വര്‍ണമില്ലാതെ മലയാളികള്‍ക്ക് വിവാഹ ആഘോഷങ്ങളില്ല. ഇനിയുള്ള കാലം ആഭരണം എന്നതില്‍ കവിഞ്ഞ് ആസ്തിയായി സൂക്ഷിക്കുന്ന വസ്തുവായി സ്വര്‍ണം മാറിയേക്കും.
ലോക രാജ്യങ്ങളുടെ സാമ്പത്തിക ശക്തി പോലും അളക്കുന്നതിന്റെ ഒരു ഘടകം ആ രാജ്യത്തിന് എത്രമാത്രം സ്വര്‍ണം കൈവശമുണ്ട് എന്ന് കണക്കാക്കിയാണ്. ഈ ഘട്ടത്തിലാണ് സ്വര്‍ണവില കുത്തനെ കയറുന്നത്. സംസ്ഥാനത്ത് 41000ത്തിലേക്ക് അടുക്കുകയാണ് സ്വര്‍ണം. എന്നാല്‍ കേരളത്തിലേക്കാള്‍ വില കുറവാണ് ഗള്‍ഫില്‍. അറിയാം വിശദാംശങ്ങള്‍...

2023ല്‍ സ്വര്‍ണം പത്ത് ഗ്രാമിന് 60000 എത്തുമെന്നാണ് അടുത്തിടെ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തിയ വിലയിരുത്തല്‍. ഇതിന്റെ പ്രകടമായ സൂചനയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണുന്നത്. ജനുവരി ഒന്ന് മുതല്‍ സ്വര്‍ണ വില തുടര്‍ച്ചയായി ഉയരുകയാണ്. ചൊവ്വാഴ്ച ഒറ്റയടിക്ക് 400 രൂപ കൂടി. ഇന്ന് 120 രൂപയും. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് പ്രവചനങ്ങള്‍.

ജനുവരി ഒന്നിന് കേരളത്തില്‍ സ്വര്‍ണം പവന് 40480 രൂപയായിരുന്നു വില. തൊട്ടടുത്ത ദിവസം നേരിയ കുറവ് വന്നു. എന്നാല്‍ ഇന്നലെ 400 രൂപ ഒറ്റയടിക്ക് വര്‍ധിച്ചു. ഇന്നും വില കൂടി. ഇതോടെ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5110 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 40880 രൂപയുമായി. ഇനി 120 രൂപ കൂടി ഉയര്‍ന്നാല്‍ ഒരു പവന്‍ സ്വര്‍ണത്തിന് വില 41000 ആകും.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ബുധനാഴ്ചത്തേത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് കേരളത്തിലും സ്വര്‍ണവില ഉയരാന്‍ കാരണം. ഡോളറിനേക്കാള്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിവരികയാണ്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്ന ആശങ്കയാണ് സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിക്കാന്‍ ഒരു പ്രധാന കാരണം.

ആഗോള സാമ്പത്തിക രംഗം വരുമാസങ്ങളില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് പ്രവചനങ്ങള്‍. ഒട്ടേറെ വന്‍കിട കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടതും ശമ്പളം കുറച്ചതുമെല്ലാം ഈ ആശങ്ക ഇരട്ടിയാകാന്‍ കാരണമായി. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വലിയ ആശങ്കയ്ക്ക് വകയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വര്‍ണത്തിന്റെ കാര്യത്തിലും ഗള്‍ഫില്‍ ആശ്വാസമാണ്.

ദുബായില്‍ 24 ക്യാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5045 രൂപയാണ്. ഒരു പവന് 40360 രൂപയും. ശുദ്ധമായ സ്വര്‍ണം ഗള്‍ഫ് രാജ്യങ്ങളില്‍ ലഭിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ സ്വര്‍ണം വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മാത്രമല്ല, ഗോള്‍ഡ് കോയിന്‍ വാങ്ങുന്ന പ്രവാസികളുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണെന്ന് ദുബായില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കാന്‍ ഒരു കാരണമാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ 82.89 എന്ന നിരക്കിലാണ്. രൂപ അതിവേഗം തിരിച്ചുവരില്ല എന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലുള്ളവര്‍ക്ക് പല പ്രതിസന്ധികള്‍ സൃഷ്ടിക്കുമെങ്കിലും ഇത് പ്രവാസികളെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഇരട്ട നേട്ടമാണ് എന്ന് പറയാം.

രൂപയുടെ മൂല്യം ഇടിഞ്ഞു നില്‍ക്കുന്നതിനാല്‍ പ്രവാസികളുടെ അധ്വാനത്തിന് മൂല്യം കൂടും. മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണവില കേരളത്തിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവുമാണ്. എന്നാല്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന സ്വര്‍ണത്തിന് പരിധിയുണ്ട്. പരിധി കടന്നാല്‍ നികുതി അടച്ച ശേഷം കൊണ്ടുവരുന്നതിന് തടസവുമില്ല. നികുതി വെട്ടിച്ച് നാട്ടിലേക്ക് സ്വര്‍ണമെത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണ് വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിവീഴുന്നത്.












Click it and Unblock the Notifications