പരാജിതനെന്ന് വിധിയെഴുതി; പരിശ്രമം തുടർന്നു, ഈ യുവാവ് മുളയിൽ കരകൗശലം തീർത്ത് സമ്പാദിക്കുന്നത് ലക്ഷങ്ങൾ
ജീവിത കാലം മുഴുവൻ ഒരു വൈറ്റ് കോളർ ജോലി എന്നത് എല്ലാവർക്കും അത്ര താത്പര്യമുള്ള കാര്യമായിരിക്കില്ല. ജീവിതത്തിൽ കാര്യമായ റിസ്‌ക് എടുക്കാൻ താൽപര്യമില്ലാത്ത ആളുകൾ മാത്രമേ അത്തരത്തിൽ ഒതുങ്ങിക്കൂടുകയുള്ളൂ. എന്നാൽ സ്വന്തമായി ഒരു ബിസിനസ് നടത്തി അതിലൂടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റിലും.
അത്തരത്തിലുള്ള ആളുകൾക്ക് പ്രചോദനമാവുന്ന നൂറുകണക്കിന് പേരുടെ കഥകളാണ് നാം കേട്ടു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒരാളാണ് ബീഹാർ സ്വദേശിയായ സത്യം സുന്ദരം. തന്റെ എംബിഎ പഠന കാലത്ത് മുള വ്യവസായത്തെ കുറിച്ചറിഞ്ഞ ശേഷം 'മണിപ്പൂരി ബാംബൂ ആർട്ടിഫാക്‌ട്‌സ്' സ്ഥാപിച്ച് തന്റെ ജീവിതം മാറ്റിമറിച്ചയാളാണ് സത്യം സുന്ദരം.

നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല, എങ്കിൽ പറയാം. വെറും വഴിയോര കച്ചവടത്തിൽ നിന്ന് ചെറുതായി തുടങ്ങിയ അദ്ദേഹം ഇപ്പോൾ 25 ലക്ഷം രൂപ വാർഷിക വരുമാനം നേടുന്ന നിലയിലേക്ക് വളരാൻ കാരണം തോൽക്കാൻ മടിയുള്ള മനസും, കഠിനാധ്വാനവും അർപ്പണബോധവും കൈമുതലാക്കിയ മനോഭാവവുമാണ്. പ്ലാസ്‌റ്റിക് ഉത്പന്നങ്ങൾക്കുള്ള ഏറ്റവും മികച്ച ബദലായി മുളയുടെ ജനപ്രീതി ഉയരുന്നതിന് ഇടയിലാണ് സത്യത്തെ ബിസിനസ് കൂടുതൽ മെച്ചപ്പെടുന്നത്.
2022ലാണ് സത്യം തന്റെ സ്വപ്‌നമായ 'മണിപ്പൂരി ബാംബൂ ആർട്ടിഫാക്‌ട്‌സ്' എന്ന ബിസിനസ് സംരംഭം ആരംഭിച്ചത്, അവിടെ അദ്ദേഹം പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ വിൽക്കുന്നു. റോഡരികിൽ 15 മുള കുപ്പികൾ കച്ചവടം ചെയ്‌താണ് തുടങ്ങിയത്.
എന്നാൽ ഇന്ന് അദ്ദേഹം കുറഞ്ഞത് 150 ഇനം മുള ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ടംഗ് ക്ലീനർ, ടൂത്ത് ബ്രഷുകൾ, പേന സ്‌റ്റാൻഡുകൾ, നെക്ക്പീസുകൾ, കൊത്തുപണികൾ, ലാമ്പ് ഷെയ്‌ഡുകൾ, ദാണ്ഡിയ സ്‌റ്റിക്കുകൾ, താപനില നിലനിർത്തുന്ന ഫ്ലാസ്‌കുകൾ എന്നിവയുൾപ്പെടെ നിരവധി ഉത്പന്നങ്ങളാണ് ഈ കമ്പനി മുഖേന വിൽക്കുന്നത്.
രണ്ട് വർഷത്തിനുള്ളിൽ, തെലങ്കാന, കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലായി രാജ്യത്തുടനീളം ഒരു ഉപഭോക്തൃ അടിത്തറ സ്ഥാപിച്ചെടുക്കാൻ ഈ 27കാരന് കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ നേട്ടം. ഇന്ന് 25 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ വാർഷിക വരുമാനം എന്ന് കൂടി അറിയുമ്പോഴാണ് ഈ മേഖലയുടെ ആഴം എത്രയെന്ന് നാം തിരിച്ചറിയുന്നത്.


Click it and Unblock the Notifications