കോഴിയെ അകത്താക്കിയ പുലിയെ നാട്ടുകാര്‍ കൂട്ടിലാക്കി; ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പുലി 'പൂച്ച'യായി
ഈ പുലിയെ എന്ത് ചെയ്യണമെന്ന് ആലോചിച്ചപ്പോള്‍ വനം വകുപ്പിന് കൈമാറാമെന്ന തീരുമാനത്തില്‍ എത്തി.

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലെ ഒരു കോഴി ഫാമില്‍ പുലിയിറങ്ങിയെന്ന വാര്‍ത്ത വളരെ വേഗത്തിലായിരുന്നു പ്രചരിച്ചത്. മഹ്ദൂദ് കല്‍മി ഗ്രാമത്തിലെ മച്ചന്‍ സിംഗിന്റ കോഴി ഫാമില്‍ പുലിയിറങ്ങിയെന്നാണ് വാര്‍ത്തയില്‍ പറഞ്ഞത്. ഇതോടെ നാട്ടുകാര്‍ എല്ലാവരും ഒന്ന് ഞെട്ടി. എന്താണ് സംഭവിച്ചതെന്നും ആരെയെങ്കിലും പുലി ആക്രമിച്ചോ എന്ന ആശങ്കയും എല്ലാവരും പങ്കുവച്ചു. പുലര്‍ച്ചെ ഫാമില്‍ കയറിയ പുലി ഒരു കോഴിയെ അകത്താക്കിയെന്നും എല്ലാവരും അറിഞ്ഞു. കോഴിയുടെ കരച്ചില്‍ കേട്ട മച്ചന്‍ സിംഗിന്റെ മകനാണ് പുലിയെന്ന് പറയുന്ന ഈ ജിവിയെ ആദ്യം കണ്ടത്.

പുലിയെ പിടികൂടി കൂട്ടിലടച്ചു
തങ്ങളുടെ ഫാമില്‍ പുലിയിറങ്ങിയെന്ന് പറഞ്ഞ് അദ്ദേഹം നാട്ടുകാരെ മൊത്തം വിളിച്ചുകൂട്ടി. അങ്ങനെ എല്ലാവരുടെയും പ്രേയത്‌നത്തില്‍ പുലിയെ പിടികൂടി കൂട്ടിലടച്ചു. ഈ പുലിയെ എന്ത് ചെയ്യണമെന്ന് ആലോചിച്ചപ്പോള്‍ വനം വകുപ്പിന് കൈമാറാമെന്ന തീരുമാനത്തില്‍ എത്തി. അങ്ങനെ നാട്ടുകാര്‍ വനംവകുപ്പിന് വിളിച്ച് തങ്ങള്‍ ഒരു പുലിയെ പിടികൂടിയെന്ന് അറിയിച്ചു.

ഒരു കൂട്ടം നാട്ടുകാരും അവിടേക്ക് ഓടിയെത്തി
പുലിയ നേരില്‍ കാണാന്‍ വേണ്ടി ഒരു കൂട്ടം നാട്ടുകാരും അവിടേക്ക് ഓടിയെത്തി. പിന്നാലെ വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചര്‍ പുഷ്‌പേന്ദ്ര സിംഗിന്റെ നേതൃത്വത്തില്‍ പുലിയെ പിടികൂടാനുള്ള സന്നാഹവുമായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടിലുള്ള ജീവിയെ കണ്ട് ഞെട്ടി. കൂട് പരിശോധിച്ചപ്പോള്‍ ആ സത്യം എല്ലാവരും അറിഞ്ഞു.

പുലിയല്ല കാട്ടുപൂച്ച
തങ്ങള്‍ പിടികൂടിയത് പുലിയല്ലെന്നും അത് ഒരു കാട്ടുപൂച്ചയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇത് പുള്ളിപ്പുലിയല്ലെന്നും മീന്‍ പിടിക്കുന്ന പൂച്ചയാണെന്നും നാട്ടുകാര്‍ക്ക് മനസിലാക്കി കൊടുത്തു. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന വലുപ്പമുള്ള കാട്ടുപൂച്ചയുടെ ഇനത്തില്‍പ്പെട്ട ഫിഷിംഗ് ക്യാറ്റായിരുന്നു ഇത്. ഇതിനെ കണ്ടാല്‍ ശരിക്കും പുള്ളിപ്പുലിയോട് സാമ്യം തോന്നും. എന്നാല്‍ പുള്ളിപ്പുലിയേക്കാള്‍ വലുപ്പം കുറവായിരിക്കും.

കാട്ടുപൂച്ചയെ കണ്ട് തൃപ്തിപ്പെടേണ്ടി വന്നു
തുടര്‍ന്ന് നാട്ടുകാരില്‍ നിന്നും ഈ കാട്ടുപൂച്ചയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു. പിന്നീട് ഈ കാട്ടുപൂച്ചയെ മൊറാദാബാദിലെ ഡീര്‍ പാര്‍ക്കില്‍ തുറന്നുവിട്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുലിയെ കാണാനായി ഓടിയെത്തിയ നാട്ടുകാര്‍ക്ക് കാട്ടുപൂച്ചയെ കണ്ട് തൃപ്തിപ്പെടേണ്ടി വന്നു.












Click it and Unblock the Notifications