കൃഷിമന്ത്രി നിങ്ങൾ ഇതൊന്നും കാണുന്നില്ലേ; ഈ രണ്ടായിരം കിലോ നെല്ല് എന്തു ചെയ്യണം?
തിരുവനന്തപുരം: ഓണം പടിവാതിൽക്കലെത്താറായിട്ടും കൃഷി ചെയ്ത നെല്ല് വിൽക്കാൻ കഴിയാതെ തിരുവനന്തപുരം കാട്ടാക്കട സ്വദേശി മോഹൻകുമാർ. രണ്ടായിരത്തോളം കിലോ വരുന്ന നെല്ലാണ് വീട്ടിനുള്ളിൽ ചാക്കുകളിലും വലിയ പാട്ടുകളിലുമൊക്കെ നിറച്ച് വച്ച് കാത്തിരിക്കുന്നത്. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകൻ കൂടിയായ മോഹൻകുമാർ.
ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന.

ലോക്ഡൗണും കൊവിഡ് പ്രതിസന്ധിയും കാരണം കഴിഞ്ഞ മൂന്നു വർഷത്തോളമായി കൊയ്തെടുത്ത നെല്ല് നിൽക്കാൻ കഴിയാതെ വീടിനുള്ളിൽ വലിയ ചാക്കുകളിലും പാട്ടകളിലുമൊക്കെ കുത്തിനിറച്ചു വച്ചിരിക്കുകയാണ് മോഹൻകുമാർ. നെല്ല് വിൽപ്പന നടത്താനാകാത്തതിനാൽ വീടിനുള്ളിൽ കുമിഞ്ഞുകൂടി നശിക്കുകയാണ്.
പലതവണ സഹായമഭ്യർത്ഥിച്ച് പഞ്ചായത്ത് അധികൃതരെയും കൃഷി ഓഫീസർമാരെയും വിളിച്ചിട്ടും യാതൊരു നടപടിയും ഇതുവരെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് മോഹൻകുമാർ പറയുന്നു.

സേവനങ്ങളെല്ലാം ഓൺലൈനാക്കിയതോടെ നെല്ല് വിൽപ്പന നടത്തണമെങ്കിൽ പോലും കൃഷി വകുപ്പിൻ്റെ കാർഷിക പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഈ ആവശ്യവുമായി ഉദ്യോഗസ്ഥർക്കു മുമ്പാകെ പലതവണ ആവശ്യമുന്നയിച്ചിട്ടും തിരുവനന്തപുരം ജില്ലക്കാർക്ക് രജിസ്റ്റർ ചെയ്യേണ്ട സമയമായിട്ടില്ല എന്നാണ് ലഭിക്കുന്ന മറുപടി.
കാര്‍ഷിക പദ്ധതികളൊക്കെ നടപ്പാക്കി കര്‍ഷകരെ സംരക്ഷിക്കുന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നുവെന്ന് പറയുമ്പോഴാണ് തലസ്ഥാന നഗരത്തിലെ ഒരു കര്‍ഷകന് ഇത്തരത്തിലൊരു ദുരവസ്ഥ നേരിടേണ്ടിവരുന്നത് എന്നതാണ് ഗൗരവതരമായ സംഭവം.

വർഷങ്ങളായി മരിച്ചീനി,നെല്ല്,വാഴകൃഷി, പശുവളര്‍ത്തൽ തുടങ്ങിയ പരമ്പരാഗത കാർഷികവൃത്തിയിലൂടെയാണ് മോഹൻകുമാർ കടന്നു പോകുന്നത്.കാട്ടാക്കട പാറച്ചല്‍ മോഹനഭവനത്തില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് തിരുവനന്തപുരത്ത് ഓഫീസ് ആവശ്യങ്ങൾക്കായി എത്തണമെങ്കിൽ പോലും കിലോമീറ്ററുകൾ താണ്ടേതുണ്ട്.
അമ്മയും ഭാര്യയും മകനുമടങ്ങുന്ന മോഹന്‍കുമാറിന്റെ കുടുംബം കൃഷിയെ ആശ്രയിച്ചു മാത്രമാണ് കഴിയുന്നത്. മറ്റ് ജോലികൾ ചെയ്യാൻ പോകാത്തതിനാൽ കൃഷിയിലൂടെയാണ് കുടുംബത്തിന് വരുമാനം ലഭിക്കുന്നത്.

ഇപ്പോള്‍ കൃഷിയിറക്കിയ പാടത്ത് സെപ്റ്റംബര്‍ മാസത്തില്‍ കൊയ്ത്ത് നടക്കുന്നതോടെ വീണ്ടും ആയിരത്തോളം കിലോ നെല്ല് വീടിനുള്ളില്‍ സൂക്ഷിക്കേണ്ട സാഹചര്യമാണ്. ഇത് യഥാ സമയം വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ നശിച്ചു പോവുമെന്നും മോഹൻകുമാർ പങ്കുവെക്കുന്നു. അടുത്ത വിതയും ഞാറു നടീലുമൊക്കെ ഇനി നടക്കണമെങ്കില്‍ ഇപ്പോള്‍ സംഭരിച്ച നെല്ല് മുഴുവന്‍ വിറ്റ് കാശാക്കാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

സർക്കാരിൻ്റെ കൃഷിവകുപ്പ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. മോഹൻകുമാറിനെ പോലെ നിരവധി കർഷകരാണ് കൃത്യസമയത്ത് കൊയ്തെടുത്ത നെല്ല് വില്പന നടത്താൻ കഴിയാതെ ദുരിതമനുഭവിക്കുന്നത്. പഞ്ചായത്തിൻ്റെ മികച്ച കർഷകനുള്ള പുരസ്കാരം കൂടി നേടിയിട്ടുള്ള ഇദ്ദേഹത്തിൻ്റെ കൃഷിയിലൂടെയുള്ള ജീവിതത്തിന് കൈത്താങ്ങായി കൈപിടിച്ചുയർത്താൻ സർക്കാർ ഇടപെടൽ കൂടിയേ മതിയാകൂ.

കൃഷി മാത്രമാണ് തനിക്ക് ജീവിതം എന്നാണ് മോഹൻകുമാർ പറയുന്നത്. ആധുനിക സമൂഹത്തിലെ ജനത കൃഷിയോട് ചെറിയ രീതിയിലെങ്കിലും വൈരുദ്ധ്യം പ്രകടിപ്പിക്കുമ്പോൾ പരമ്പരാഗതമായ കർഷകരെ ഒഴിവാക്കാതെ അവർക്കുവേണ്ട സാന്ത്വനമേകേണ്ട കടമ ഭരണകൂടത്തിനുണ്ടെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട് ഈ സംഭവം.
കഴിഞ്ഞ കുറേ നാളുകളായി നിരവധി വ്യാപാരികളാണ് വ്യാപാര സംരഭങ്ങൾ തകർന്നതുമൂലം കേരളത്തിൽ ആത്മഹത്യ ചെയ്തത്. കാർഷികവൃത്തിയിലൂടെ പട്ടിണിയില്ലാതെ അന്നുള്ള അന്നത്തിനു വക തേടി ജീവിക്കുന്ന നിരവധി കർഷകരും ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നുണ്ട്.

കാർഷികരംഗത്ത് നൂതനാശയങ്ങൾ നടപ്പിലാക്കുകയും കൃഷിയെ കൂടുതൽ ജനകീയമാക്കുന്നതിനായി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെടുമ്പോഴും ഇതുപോലുള്ള സംഭവങ്ങൾ കൃഷിവകുപ്പിന് കൂടി ചെറിയതോതിലെങ്കിലും ഭംഗം വരുത്തും. അതിനാൽ, ഓണക്കാലമെത്തുന്ന വേളയിൽ കാർഷിക സമൃദ്ധി വീണ്ടും മലയാളിയോട് അരക്കിട്ട് ഊട്ടിയുറപ്പിക്കാൻ സർക്കാരിൻ്റെ സാന്ത്വനം ഈ കുടുംബത്തിന് ഉണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.












Click it and Unblock the Notifications