നെഹ്റു അങ്ങനെ പറഞ്ഞിട്ടേ ഇല്ല; ബിജെപി ഫാക്ടറിയിലെ മറ്റൊരു നുണയാണത്; കുറിപ്പുമായി സുധ മേനോന്
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ച് എഴുത്തുകാരി സുധ മേനോന്. 'ഞാന്‍ വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷുകാരനും, സാംസ്കാരികമായി മുസ്ലിമും, യാദൃച്ഛികത കൊണ്ടുമാത്രം ഹിന്ദുവുമാണ്' എന്ന തരത്തില്‍ നെഹ്റു പറഞ്ഞുവെന്നാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.
എന്നാല്‍ വാസ്തവത്തില്‍ നെഹ്റു അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്ന് സുധ മേനോന് പറയുന്നു. ഹിന്ദു മഹാസഭാനേതാവായ എന്‍. ബി. ഖരെയാണ് നെഹ്രുവിനെ ഇങ്ങനെ വിശേഷിപ്പിച്ചത്. അത് സമര്‍ത്ഥമായി നെഹ്രുവിന്റെ സ്വന്തം വാചകങ്ങള്‍ ആയി അവതരിപ്പിക്കാന്‍ നുണഫാക്ടറികള്‍ക്ക് കഴിഞ്ഞെന്നും സുധ മേനോന് ഫേസ്ബുക്കില്‍ കുറിച്ചു. സുധ മേനോന്റെ കുറിപ്പ് ഇങ്ങനെ..

'ഞാന്‍ വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷുകാരനും, സാംസ്കാരികമായി മുസ്ലിമും, യാദൃച്ഛികത കൊണ്ടുമാത്രം ഹിന്ദുവുമാണ്''.
ജവഹര്‍ലാല്‍ നെഹ്റു, സ്വയം ഇങ്ങനെയാണ് തന്നെ വിശേഷിപ്പിക്കുന്നത് എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു നുണയാണിത്. ബിജെപി നേതാക്കന്മാര് ആവര്‍ത്തിക്കാറുള്ള കാര്യം. നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കോടിക്കണക്കിനു ജനങ്ങളില്‍ ഇത് എത്തിക്കുവാന്‍ അജ്ഞാതകേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞു. ഇത് വായിക്കുന്ന ഒരാള്‍ എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടും.
വാസ്തവത്തില്‍ നെഹ്റു അങ്ങനെ പറഞ്ഞിട്ടേ ഇല്ല. ഹിന്ദു മഹാസഭാനേതാവായ എന്‍. ബി. ഖരെയാണ് നെഹ്രുവിനെ ഇങ്ങനെ വിശേഷിപ്പിച്ചത്. അത് സമര്‍ത്ഥമായി നെഹ്രുവിന്റെ സ്വന്തം വാചകങ്ങള്‍ ആയി അവതരിപ്പിക്കാന്‍ നുണഫാക്ടറികള്‍ക്ക് കഴിഞ്ഞു. നെഹ്റു അദ്ദേഹത്തിന്റെ ആത്മകഥയില്‍ അങ്ങനെ പറയുന്നതായി ഖരെ അവകാശപ്പെട്ടത് ശുദ്ധ നുണയായിരുന്നു. അങ്ങനെയൊരു വാചകം ആ പുസ്തകത്തില്‍ എവിടെയും ഇല്ല. നെഹ്റു എഴുതിയ ഒരു പുസ്തകത്തിലും ഇല്ല.
എന്തായിരുന്നു ഹിന്ദുമതത്തോടും, ഇസ്ലാമിനോടും ഇന്ത്യയോടും നെഹ്രുവിന്റെ സമീപനം? ''മതം പ്രായോഗിക ജീവിതത്തില്‍ കണ്ടിടത്തോളം അത് ഹിന്ദുമതമായാലും ഇസ്ലാമായാലും ബുദ്ധമതമോ ക്രിസ്തുമതമോ ആയാലും എന്നെ ഒട്ടും ആകര്‍ഷിക്കുന്നില്ല എന്നാണു നെഹ്റു ഇന്ത്യയെ കണ്ടെത്തലില്‍ എഴുതിയത്. മനുഷ്യജീവിതത്തിലെ പ്രശ്നങ്ങളോടുള്ള മതങ്ങളുടെ സമീപനം ശാസ്ത്രീയമല്ല; അതില്‍ ജാലവിദ്യയുടെ ഒരംശമുണ്ട് എന്നായിരുന്നു അദ്ദേഹം കരുതിയത്. നെഹ്റു ആഗ്രഹിച്ചത് ജാതിയും മതവും ഒക്കെ കടന്നു നില്ക്കുന്ന ഒരു സാര്‍വലൌകികത ആയിരുന്നു. ഇന്ത്യ ജാതിയുടെയും മതത്തിന്റെയും ഒരു കോണ്‍ഫെഡറേഷന്‍ അല്ല; പകരം വ്യക്തികളുടെ സമൂഹമാണെന്ന് അദ്ദേഹം എഴുതി. ഓരോ സ്വതന്ത്ര വ്യക്തിയും, ആ വ്യക്തിയുടെ അടങ്ങാത്ത സ്വാതന്ത്ര്യദാഹവുമാണ് നെഹ്രു വിഭാവനം ചെയ്ത ഇന്ത്യ. നാനൂറു മില്ല്യന്‍ വ്യത്യസ്ത മനുഷ്യരുടെ ഒരു പ്രപഞ്ചം! അവരുടെ വൈവിധ്യമാര്‍ന്ന ചിന്ത, വികാരം, സംസ്കാരം... ഈ അനന്യമായ ഇന്ത്യന്‍ വ്യക്തിത്വം ആണ് നമ്മുടെ ശക്തിയും സൌന്ദര്യവും എന്ന് അദ്ദേഹം വിശ്വസിച്ചു.
ഹിന്ദുക്കളും മുസ്ലിങ്ങളും ഇടകലര്‍ന്നു ജീവിക്കുന്ന സങ്കലനനാഗരീകതയുടെ കളിത്തൊട്ടില്‍ ആയിരുന്നു പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലെ അലഹബാദ് നഗരം. ജവഹര്‍ലാല്‍ വളര്‍ന്നത് ആ സമ്മിശ്രസംസ്കാരത്തിന്റെ സാമൂഹ്യഭൂമികയില്‍ ആണ്. അലഹബാദിന്റെ ബഹുസ്വരതയും പാരസ്പര്യവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം എക്കാലത്തും ഇന്ത്യക്കാരന് മാത്രമായിരുന്നു. ഹിന്ദുവോ, മുസ്ലിമോ ആയിരുന്നില്ല.
അതുപോലെ, ഒരിക്കലും യൂറോപ്പ് ആയിരുന്നില്ല അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഇടം. മറിച്ച്, ഗംഗയും,ഭാരതവും ആയിരുന്നു.
ജവഹര്‍ലാലിന് ഈ ലോകത്തില്‍ ഏറ്റവും പ്രിയപ്പെട്ട കാഴ്ച, നിറഞ്ഞൊഴുകുന്ന ഗംഗാനദി തന്നെയായിരുന്നു. ഋതുഭേദങ്ങള്‍ക്ക് അനുസരിച്ച് നദി വന്യവും, അലസവും,ശാന്തവുമാകുന്നത് ആനന്ദഭവനത്തിന്റെ മട്ടുപ്പാവില്‍ നിന്നും ജവഹര്‍ലാല്‍ അത്ഭുതത്തോടെ നോക്കിക്കണ്ടു. നിലാവുള്ള രാത്രികളില്‍ നിശബ്ദയായി ഒഴുകുന്ന ഗംഗാനദിയും, നൈനിജയിലിന്റെ നിഴല്‍ കാഴ്ചയും, സ്വപ്നജീവിയായ ജവഹര്‍ലാലിന് അവാച്യമായ അനുഭൂതി പകര്‍ന്നു എന്ന് അദ്ദേഹം ആത്മകഥയില്‍ എഴുതുന്നുണ്ട്. മാഘ്മേളയില്‍ പങ്കെടുക്കാനും, ത്രിവേണി സംഗമം കാണാനും തീര്ഥത്തില് കുളിക്കാനും വിദൂരദേശത്തു നിന്നും എത്തുന്ന അസംഖ്യം മനുഷ്യരുടെ അവസാനിക്കാത്ത നിര... മഴക്കാലത്ത്, ആകാശത്തില്‍ ശ്യാമമേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ വിരഹത്തിന്റെയും മോഹത്തിന്റെയും നാടോടിപ്പാട്ടുകള്‍ ആയ 'കജ്രി'കള്‍ പാടുന്ന യുവാക്കള്‍.. ജവഹര്‍ലാലിനെ സ്വപ്നജീവിയാക്കിയത് ആ ഗംഗാതടം ആയിരുന്നു .
അലഹബാദിലെ ജനജീവിതം നിര്‍വചിക്കുന്നതും നയിക്കുന്നതും ഗംഗയാണ്. അനാദിയായ ഹിമവാനില്‍ നിന്നും ഉറവയെടുത്ത്, നിരവധി ജനപദങ്ങളിലൂടെ ഒഴുകി, സംസ്കാരങ്ങളെ തകര്‍ത്തും, സൃഷ്ടിച്ചും, നിരവധി നാട്ടു രാജ്യങ്ങളുടെ രാഷ്ട്രീയഭാഗധേയങ്ങളെ നിയന്ത്രിച്ചും, ആര്‍ത്തിരമ്പിയൊഴുകി ഒടുവില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അനന്തജലരാശിയില്‍ ലയിക്കുന്ന മഹാനദിയായ ഗംഗയെ അനുദിനം മാറിക്കൊണ്ടിരിക്കുന്നതും സചേതനവുമായ ഭാരതീയസംസ്കാരത്തിന്റെ പ്രതീകമായിട്ടാണ് ജവഹര്‍ലാല്‍ കണ്ടത്. വിശാലമായ ഭാവിയുടെ മഹാസമുദ്രത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ആധുനികഇന്ത്യയുടെ പ്രയാണത്തെ അദ്ദേഹം ഗംഗയില്‍ കണ്ടു.
Recommended Video
ചുരുക്കത്തില്‍, ഇന്ത്യയിലെ പുഴകളോടും, പ്രകൃതിയോടും, പര്‍വതങ്ങളോടും,ബഹുസ്വരസംസ്കാരത്തോടും ഉള്ള അദ്ദേഹത്തിന്റെ നിര്‍മലമായ സ്നേഹമാണ്, ഇന്ത്യയെന്ന ഉപഭൂഖണ്ഡത്തിനോടുള്ള അസാധാരണമായ പ്രണയമായി ജവഹര്‍ലാലില്‍ പടര്‍ന്നു പന്തലിച്ചത്. അതുകൊണ്ടാണ് തന്റെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കണമെന്ന് അദ്ദേഹം മരിക്കുന്നതിനു മുന്‍പ് എഴുതി വെച്ചത്. ഗംഗയില്‍ മാത്രമല്ല, ഇന്ത്യന്‍ കര്ഷകന് വിയര്‍പ്പൊഴുക്കുന്ന വയലുകളിലും തന്റെ ചിതാഭസ്മം വിതറണം എന്ന് നിര്‍ദ്ദേശിച്ച ജവഹര്‍ലാല്‍ ആഗ്രഹിച്ചത്, മരണശേഷവും ഇന്ത്യയുടെ പൊടിയിലും മണ്ണിലും ഇഴുകിച്ചേര്‍ന്ന് ഈ ദേശത്തിന്റെ ആത്മാവിന്റെ അവിഭാജ്യമായ ഘടകമാകാനായിരുന്നു...
ആ മനുഷ്യന്റെ ഹൃദയഹാരിയായ ഓര്‍മകളെയാണ് കുറെ ഒറ്റബുദ്ധികള്‍ ചേര്‍ന്ന് നുണകളുടെ പെരുമഴയിലൂടെ ഒഴുക്കിവിടാന്‍ ശ്രമിക്കുന്നത് എന്ന് കുറഞ്ഞപക്ഷം ജവഹര്‍ലാലിന്റെ പിന്മുറക്കാര് എങ്കിലും തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണം. അതുകൊണ്ട്, എത്ര പരിഹസിക്കപ്പെട്ടാലും, ഞാന്‍ ഇത് വീണ്ടും വീണ്ടും എഴുതിക്കൊണ്ടിരിക്കും.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications