Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം കൊണ്ട് മുറിവേറ്റവള്‍: ഐതീഹ്യവും മിത്തും കോട്ടകെട്ടിയ ചിത്രദുർഗ്ഗ; ഒപ്പം ചില ചരിത്ര സത്യങ്ങളും

ചിത്രദുര്‍ഗ്ഗ കോട്ടയിലെ ഓരോ കാഴ്ചകള്‍ക്ക് പിന്നിലും മറഞ്ഞിരിക്കുന്നത് വലിയ ചരിത്രവും ഐതീഹ്യങ്ങളും കെട്ടുകഥകളുമെല്ലാമാണ്. ബൃഹത്തായ കോട്ടയുടെ നിര്‍മ്മാണത്തിന്റെ ചരിത്രം തുടങ്ങുന്നത് ചാലൂക്യ, ഹൊയ്സാല രാജാക്കന്‍മാരില്‍ നിന്നാണ്. 13 നൂറ്റാണ്ടിലാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. പിന്നീട് വിജയനഗരം സമ്രാജ്യത്തിന് കീഴില്‍ വന്ന കോട്ടയുടെ ഭരണം അവരുടെ സാമന്തന്‍മാരായ നായകാസിന്റെ കീഴിലായി. വിജയന നഗര സാമ്രാജ്യത്തിന്റെ പതനത്തോടെ നായകാസ് കോട്ടബലപ്പെടുത്തുകയും പ്രദേശം ഭരിച്ചു പോരുകയും ചെയ്തു.

chithradurga

അക്രമത്തിന്റേതല്ല, പ്രതിരോധത്തിന്റെ പ്രതീകമാണ് ഓരോ കോട്ടയുമെന്നാണ് 'മരുഭൂമികള്‍ ഉണ്ടാവുന്നത്' എന്ന നോവലില്‍ ആനന്ദ് പറയുന്നത്. കോട്ട പണിയുന്നതോടു കൂടി രാജാവ് അക്രമത്തില്‍ നിന്ന് തിരിഞ്ഞ് പ്രതിരോധത്തിനൊരുങ്ങുന്നു. പിന്നീടയാള്‍ വേട്ടയാടപ്പെടാന്‍ ആരംഭിക്കുന്നു എന്നും ആനന്ദ് പറയുന്നു. ഇവിടെയും മറിച്ചൊന്നും സംഭവിച്ചില്ല.

കോട്ട ബലപ്പെടുത്തി ഭരണം തുടങ്ങിയ നായകാസ് 200 വര്‍ഷങ്ങള്‍ക്കപ്പുറം ഹൈദരാലിയാല്‍ വേട്ടയാടപ്പെടാന്‍ തുടങ്ങി. 1760 ല്‍ ഹൈദരാലി ആദ്യമായി കോട്ട ആക്രമിച്ചെങ്കിലും കോട്ട കീഴടക്കാന്‍ കഴിഞ്ഞത് 1779 ലാണ്. പിന്നീട് ഹൈദരാലിയില്‍ നിന്ന് ബ്രിട്ടീഷുകാരിലേക്കും അവിടുന്ന് ഇന്ത്യന്‍ സര്‍ക്കറിന് കീഴിലേക്ക് കോട്ടയുടെ അധികാരം വന്നെത്തി. ഇന്ന് കര്‍ണാടക സര്‍ക്കാറിന് കീഴിലാണ് കോട്ട.

chithradurga

ഒനക്ക ഒബവ്വ

നിരവധി തവണ ആക്രമിച്ചെങ്കിലും കോട്ടയ്ക്കത്തേക്ക് പ്രവേശിക്കാന്‍ ഹൈദരാലിയുടെ സൈന്യത്തിന് തുടക്കത്തില്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ മലകള്‍ക്കിടയിലൂടെ ഒരു ദ്വാരത്തിലൂടെ കോട്ടയ്ക്ക് അകത്തേക്ക് പ്രവേശിക്കാമെന്ന് ഹൈദരാലിയുടെ സൈന്യം കണ്ടെത്തി. ആ പ്രദേശത്തിന്റെ കാവല്‍ക്കാരനായ സൈനികന്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയം നോക്കി ഓരോ സൈനികരായി ഈ വഴി കോട്ടയ്ക്ക് അകത്തേക്ക് പ്രവേശിക്കാനായിരുന്നു തീരുമാനം.

സൈനികരുടെ നീക്കം ആദ്യം കാണുന്നത് കാവല്‍ക്കാരന്റെ ഭാര്യയായ ഒബവ്വയാണ്. ഭര്‍ത്താവിനെ വിവരം അറിയിക്കാന്‍ പോയാല്‍ കൂടുതല്‍ സൈനികര്‍ കോട്ടയ്ക്ക് അകത്തേക്കും കയറും.. അത് പാടില്ല.. ഒട്ടും പതറാതെ ഒബവ്വ തന്റെ കയ്യിലുള്ള ഉലക്കയുമായി ദ്വാരം വഴി കയറിവരുന്ന ഓരോ സൈനികനേയും നേരിട്ടു. പിന്നീട് കാവല്‍ക്കാരനായ ഭര്‍ത്താവ് എത്തി നോക്കുമ്പോള്‍ കാണുന്നത് മരിച്ചു കിടക്കുന്ന അനേകം ശത്രുസൈനികരേയും അവരുടെ പ്രതിരോധത്തില്‍ പരിക്കേറ്റ് കിടക്കുന്ന തന്റെ ഭാര്യയേയുമാണ്. ഇവർ പിന്നീട് ഒനക്ക (ഉലക്ക) ഒബവ്വ എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഹൈദരാലിയുടെ സൈന്യത്തെ ഒബവ്വ അടിച്ചു വീഴിത്തിയെന്ന് പറയുന്ന, ഒരാള്‍ക്ക് മാത്രം കയറിവരാവുന്ന ആ വഴി കോട്ടയ്ക്ക് അകത്ത് ഇപ്പോഴും കാണാന്‍ കഴിയും.

chithradurga

പുരാണങ്ങളിലെ ചിത്രദുര്‍ഗ്ഗ

പുരാണങ്ങളില്‍ രാക്ഷസ സഹോദരങ്ങളായ ഹിഡുംബേശ്വരന്റേയും ഹിഡുംബിയുടേയും വാസ പ്രദേശമാണ് ചിത്രദുര്‍ഗ്ഗ. അരക്കില്ലത്തില്‍ നിന്ന് രക്ഷപ്പെട്ട് കുന്തിയും പാണ്ഡവസഹോദരങ്ങളും ഇവിടെയിത്തിയപ്പോള്‍ നരഭോജിയായ ഹിഡുംബേശ്വരന്‍ അവരെ അക്രമിക്കാന്‍ തുനിഞ്ഞു. സഹോദരങ്ങളേയും അമ്മയേയും രക്ഷിക്കാന്‍ ഹിഡുംബേശ്വരനുമായി മല്ലയുദ്ധത്തില്‍ ഏര്‍പ്പെട്ടത് ഭീമനായിരുന്നു. മല്ലയുദ്ധത്തില്‍ സഹോദരനായ ഹിഡുംബേശ്വരനെ വധിച്ചവനാണെങ്കിലും രാക്ഷസിയായ ഹിഡുംബിക്ക് ഭീമനില്‍ അനുരാഗം വിടര്‍ന്നു.

ഇരുവരുടേയും വിവാഹം കഴിഞ്ഞെങ്കിലും ഹിഡുംബിയെ കൊട്ടാരത്തില്‍ നിലനിര്‍ത്താന്‍ കുന്തി തയ്യാറായില്ല. ഒരു കുഞ്ഞ് ജനിക്കുന്നത് വരെയുള്ള സമയമായിരുന്നു ഭീമനോടൊത്തുള്ള ദാമ്പത്യ ജീവിതത്തിന് കുന്തി നിശ്ചയിച്ച കാലാവധി. ഒടുവില്‍ ഘടോല്‍കചന്‍ പിറന്നപ്പോള്‍ ഹുഡുംബി ഭര്‍തൃവിരഹ ദുഃഖവും പേറി ചിത്രദുര്‍ഗ്ഗയിലെ വനാന്തരങ്ങളിലേക്ക് മടങ്ങിയത്തെി..

'ഗതകാല സ്മൃതികളില്‍ ശവകുടീരങ്ങളുടെ മൗനം പേറുന്ന കൊട്ടാരങ്ങളില്‍ ദ്രുപതിന്റെ വിറയാര്‍ന്ന വേദന കേള്‍ക്കാം ചെവിയോര്‍ത്താല്‍'എന്ന് ആറാംതമ്പുരാനില്‍ ജഗന്നാഥന്‍ പറഞ്ഞതുപോലെ.. ഒന്ന് ചെവിയോര്‍ത്താല്‍ ചിത്രദുര്‍ഗ്ഗയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ എവിടെനിന്നോ ഇപ്പോഴും ഹിഡുംബിയുടെ വിലാപം നമുക്ക് കേള്‍ക്കാന്‍ കഴിയും.. നരഭോജിയായ രാക്ഷസത്രീയല്ല ഹിഡുംബി.. പ്രണയം കൊണ്ട് മുറിവേറ്റ പെണ്ണാണവള്‍.

ചിത്രദുർഗ്ഗ യാത്രാവിവരണത്തിന്റെ ആദ്യ ഭാഗം വായിക്കാം: ചിത്രദുർഗ്ഗ കോട്ടയിലെ ക്ഷേത്രങ്ങളും തങ്ക അങ്കി ഹോണ്ടകളും: പിന്നെ തിരുശേഷിപ്പായി മാറിയ കൊട്ടാരവും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+