കുമരകം യാത്ര വെറൈറ്റി ആക്കിയാലോ? അരുവിക്കുഴി കൂടി കണ്ടുവരാം, നാടൻ കൊഞ്ചും കരിമീനും കഴിക്കാം
ഒരു ചെറിയ അവധിക്കാലം കിട്ടിയാൽ പോലും അത് യാത്രയിലൂടെ ആഘോഷിക്കാൻ ആഗഹിക്കുന്നവരാണ് മലയാളികൾ. വലിയ വലിയ യാത്രകൾക്ക് ഒപ്പം തന്നെ ഇത്തരം ചെറിയ യാത്രകളും ധാരാളമായി നമ്മൾ നടത്താറുണ്ട്. അങ്ങനെ ഈ മൺസൂൺ കാലത്ത് ഒരു കായൽക്കരയിലെ ശാന്തമായ അന്തരീക്ഷവും ഒരു വെള്ളച്ചാട്ടത്തിന്റെ കുളിർമയും ഒരുമിച്ചറിയണമെന്ന് ആഗ്രഹം തോന്നിയാൽ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല.
അങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പറ്റിയ രണ്ട് കിടിലൻ സ്പോട്ടുകളുണ്ട്. അധികം ദൂരയല്ലാത്ത ഈ ഇടങ്ങൾ രണ്ടും കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഒന്ന് നമ്മുടെ സ്വന്തം കുമരകവും മറ്റൊന്ന് അരുവിക്കുഴി വെള്ളച്ചാട്ടവുമാണ്. കോട്ടയത്തെത്തുന്ന വിനോദ സഞ്ചാരികൾ ഭൂരിഭാഗവും കുമരകം ലക്ഷ്യമിട്ട് വരുന്നവരാണ്.

എന്നാൽ അരുവിക്കുഴി അത്രത്തോളം പ്രശസ്‌തമായിട്ടില്ല, ജില്ലയ്ക്ക് പുറത്ത് പേരെടുത്ത് തുടങ്ങുന്ന ഈ വെള്ളച്ചാട്ടത്തിന് അതിനൊത്ത ഭംഗിയും മനോഹാരിതയും ഒക്കെയുണ്ടെന്ന് നേരിട്ട് കണ്ടാൽ നിങ്ങൾക്ക് മനസിലാവും. അക്ഷരങ്ങളുടെ നഗരമായ കോട്ടയത്തുള്ള ഈ രണ്ട് അടിപൊളി സ്ഥലങ്ങളെ കുറിച്ചും കൂടുതലറിയാം.
കുമരകം കായൽ ടൂറിസം
കുട്ടനാട് മേഖലയുടെ ഭാഗമായ വേമ്പനാട് കായലിലെ ചെറിയ ദ്വീപുകളുടെ ഒരു കൂട്ടമാണ് കുമരകം എന്ന ഗ്രാമം. 14 ഏക്കറിൽ പരന്നുകിടക്കുന്ന ഇവിടെയുള്ള പക്ഷിസങ്കേതം ദേശാടനപക്ഷികളുടെ ഇഷ്ടകേന്ദ്രമാണ്, അതുകൊണ്ട് തന്നെ സഞ്ചാരികളിൽ ഏറിയ പങ്കും ഈ പക്ഷിസങ്കേതം കാണാതെ മടങ്ങാറില്ല. ഈഗ്രേറ്റ്‌സ്, ഡാർട്ടേഴ്‌സ്, ഹെറോൺസ്, ടീൽസ്, വാട്ടർഫൗൾസ്, കാക്ക, കാട്ടുതാറാവ്, സൈബീരിയൻ സ്റ്റോർക്ക് പോലുള്ള ദേശാടന പക്ഷികൾ കൂട്ടത്തോടെ ഇവിടെയെത്താറുണ്ട്.
കുമരകത്തെ ഏറ്റവും വലിയ പ്രത്യേകത വേമ്പനാട് കായൽ പരപ്പിലൂടെയുള്ള ബോട്ടിംഗ് തന്നെയാണ്. പരമ്പരാഗതമായ നടൻ വള്ളങ്ങൾ മുതൽ ഹൗസ് ബോട്ടുകൾ വരെയുള്ള സംവിധാനങ്ങൾ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. കായലിലൂടെയുള്ള യാത്രാ വേളയിൽ നിങ്ങൾക്ക് മീൻപിടിത്തത്തിൽ പങ്ക് ചേരാനും അത് നേരിട്ടറിയാനും സാധിക്കും എന്ന പ്രത്യേകത കൂടിയുണ്ട്.
കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കായൽ റിസോർട്ടായ വാട്ടർസ്‌കേപ്‌സിൽ തെങ്ങിൻ തോപ്പുകൾക്കിടയിൽ കായലുകളുടെ വിശാലദൃശ്യം പ്രദാനം ചെയ്യുന്ന ഒട്ടേറെ കോട്ടേജുകൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. മൺസൂൺ കാലമായതിനാൽ പുഴ മത്സ്യങ്ങൾ ധാരാളമായി ലഭിക്കുന്നത് കൊണ്ട് തന്നെ ഒരിക്കലും അക്കാര്യം വിട്ടുകളയരുത്. കുമരകത്തെ നാടൻ കൊഞ്ചും കരിമീനും ഒക്കെ കൂട്ടിയുള്ള ഭക്ഷണം കഴിക്കാതെ പോയാൽ നഷ്‌ടം നമുക്ക് തന്നെയാവും.
അരുവിക്കുഴി
കുമാരകത്തു നിന്ന് ഏതാണ്ട് മുപ്പത് കിലോമീറ്റർ അകലെയായി പാമ്പാടിക്ക് അടുത്തയാണ് അരുവിക്കുഴി സ്ഥിതി ചെയ്യുന്നത്. ഒറ്റ യാത്രയിൽ തന്നെ ഈ രണ്ട് ഇടങ്ങളും കാണാൻ ശ്രമിക്കുക. കോട്ടയത്തെ സ്വാഭാവികമായ റബ്ബർ തോട്ടങ്ങൾക്ക് ഇടയിലൂടെ വേണം അരുവിക്കുഴി എന്ന ചെറുതെങ്കിലും മനോഹരമായ വെള്ളച്ചാട്ടത്തിലേക്ക് എത്താൻ.
100 അടിയിലധികം ഉയരത്തിൽ നിന്ന് താഴേക്ക് ഒഴുകുന്ന, പാറക്കെട്ടുകളിൽ പാൽ വെള്ള നിറത്തിൽ നിറയുന്ന ജലത്തിന്റെ അതിമനോഹരമായ കാഴ്‌ച നിങ്ങളെ ആനന്ദിപ്പിക്കും. ജൂൺ മാസം മുതൽ സെപ്റ്റംബർ വരെയാണ് ഇവിടേക്ക് വരാൻ ഏറ്റവും അനുയോജ്യമായ സമയം. നല്ല തണുത്ത വെള്ളത്തിൽ അസ്സൽ കുളിയും കഴിഞ്ഞാൽ അരുവിക്കുഴി യാത്ര പൂർണം.












Click it and Unblock the Notifications