താമരശ്ശേരി ചുരം കയറിയാൽ രണ്ട് ലക്ഷ്യങ്ങൾ; ഒന്ന് കൂർഗും മറ്റൊന്ന് ചിക്കമംഗളൂരും, ശരീരവും മനസും തണുപ്പിക്കാം
നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ധാരാളം സഞ്ചരിക്കുന്നവരാണ്. ഏതൊരു അവധി കിട്ടിയാലും കടുംബത്തോടൊപ്പവും സുഹൃത്തുകൾക്ക് ഒപ്പവും ഒക്കെ യാത്ര ചെയ്യാൻ നമ്മൾ ഏറെ ഇഷ്‌ടപ്പെടുന്നു. അങ്ങനെയുള്ളവർക്ക് ഈ വേനലവധിയും ഒരു മികച്ച അവസരമാണ്. കേരളത്തിലെ കാലാവസ്ഥയിലെ പ്രകടമായ മാറ്റം കൊണ്ട് തന്നെ പുറത്തേക്കാണ് കൂടുതൽ പേരും ഇത്തവണ പോവാൻ ഒരുങ്ങുന്നത്.
അങ്ങനെ നിങ്ങൾ കേരളത്തിന് പുറത്തേക്ക് പോവാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്തിന് അധിക ദൂരം പോവണം എന്നതാണ് ചോദ്യം. നമുക്ക് തൊട്ട് അടുത്ത് തന്നെ മനോഹരമായ ഇടങ്ങൾ ഉള്ളപ്പോൾ പുറത്തേക്ക് പോവണ്ട ആവശ്യം ഇല്ലെന്നതാണ് സത്യം. അത്തരത്തിൽ കേരളത്തോട് ചേർന്ന് കിടക്കുന്ന കർണാടകയിലെ രണ്ട് ടൂറിസം കേന്ദ്രങ്ങളാണ് കൂർഗും ചിക്കമംഗളൂരുവും.

കർണാടകയിലെ തന്നെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രങ്ങളാണ് ഇവ എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇവ തമ്മിൽ നൂറ് കിലോമീറ്ററിൽ അധികം ദൂര വ്യത്യാസമുണ്ട്. എങ്കിലും ഒരൊറ്റ യാത്രയിൽ സുഖമായി നമുക്ക് ഇവിടങ്ങൾ കറങ്ങാം എന്നതാണ് പ്രത്യേകത. കന്നഡ മണ്ണിന്റെ ഭൂപ്രകൃതിയിൽ സവിശേഷമായ സ്ഥാനമുള്ള ഇടങ്ങളായ കൂർഗും, ചിക്കമംഗളൂരുവും എന്തൊക്കെ പ്രത്യേകതകളാണ് കാത്ത് വെച്ചിരിക്കുന്നത് നോക്കാം.
ഇവിടുത്തെ ഏറ്റവും പ്രധാന ഹിൽ സ്‌റ്റേഷനുകളിൽ ഒന്നാണ് കൂർഗ് എന്ന് എടുത്ത് പറയേണ്ട കാര്യമില്ലലോ. പ്രകൃതി ഭംഗി കൊണ്ടും സുഗന്ധ വ്യഞ്ജന തോട്ടങ്ങളുടെ സാന്നിധ്യം കൊണ്ടും സമ്പന്നമാണ് ഇവിടം. ധാരാളം മലയാളികൾ കഴിയുന്ന ഒരിടം കൂടിയാണ് കൂർഗ്. ഇവിടുത്തെ കാപ്പി തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും ഒക്കെ മനോഹര കാഴ്‌ചയാണ്.
മടിക്കേരിയാണ് കൂർഗിലെ ഏറ്റവും പ്രധാനപ്പെട്ട കാണേണ്ട ഇടങ്ങളിൽ ഒന്ന്. അബ്ബെ വെള്ളച്ചാട്ടം, മണ്ഡൽപാട്ടി, കോഫീ പ്ലാന്റേഷൻ, ഗോൾഡൻ ടെമ്പിൾ, ദുബാരെ എലിഫന്റ് ക്യാമ്പ് എന്നിവ ഇവിടുത്തെ പ്രധാന കേന്ദ്രങ്ങളും കാഴ്‌ചകളുമാണ്. ഇവിടെ കഴിയാൻ ധാരാളം ഹോം സ്‌റ്റേകളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
അടുത്ത ലക്ഷ്യ സ്ഥാനമായ ചിക്കമംഗളൂരുവും ഭംഗിയിൽ ഒട്ടും പിന്നിലല്ല. ധാരാളം പ്രത്യേകതകളുള്ള ഒരു ഹിൽ സ്‌റ്റേഷൻ കൂടിയാണിത്. ട്രെക്കിംഗ് പ്രേമികൾക്ക് ഇതിൽപരം സന്തോഷം കിട്ടുന്ന മറ്റൊരു യാത്ര ഉണ്ടാവില്ല എന്നതാണ് സവിശേഷമായ കാര്യം. ഹെബ്ബ വെള്ളച്ചാട്ടം, ബാബാ ബുന്ദഗിരി, ബല്ലാലരായണ ദുർഗ കോട്ട, കാപ്പി മ്യൂസിയൻ എന്നിവയാണ് ഇവിടുത്തെ കാഴ്‌ചകൾ.












Click it and Unblock the Notifications