ഇടുക്കിയിലെ മറ്റൊരു മിടുക്കി; പീരുമേട് ഹിൽ സ്‌റ്റേഷൻ കാണാത്തവരുണ്ടോ? ധൈര്യമായി കേറിപ്പോര്
മലയാള സിനിമയിൽ ന്യൂ ജനറേഷൻ റിയലിസ്‌റ്റിക് പരിവേഷം ചാർത്തി നൽകിയ ദിലീഷ് പോത്തൻ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം, അതിന്റെ പ്രധാന ലൊക്കേഷൻ ആവട്ടെ ഇടുക്കിയും. ആ ചിത്രത്തിലെ ഏതൊരു ഫ്രെയിം എടുത്ത് നോക്കിയാൽ നിങ്ങൾക്ക് ഇടുക്കിയുടെ ഒരു പൊതുചിത്രം മനസിലാവും. അത്രത്തോളം മനോഹരമാണ് ഈ മലയോര ജില്ല.
'ഇവിടുത്തെ കാറ്റാണ് കാറ്റ്, മല മൂടും മഞ്ഞാണ് മഞ്ഞ്' എന്ന് വെറുതെ പറഞ്ഞതല്ല, അത് ശരിക്കും സത്യമാണെന്ന് തെളിയിക്കാൻ ഒരുപാട് യാത്ര ചെയ്യുകയൊന്നും വേണ്ട. മൂന്നാറും വട്ടവടയും ഒക്കെ പലവട്ടം കറങ്ങി മടുത്തവർക്ക്, പുത്തൻ അനുഭവമാകുന്ന ഒരു ഇടമാണ് പീരുമേട് ഹിൽസ്. അതെ ഇടുക്കിയുടെ സകല സൗന്ദര്യവും ആവാഹിച്ച ഒരു ഹിൽസ്‌റ്റേഷൻ.

ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്ന് 40 കിലോമീറ്റർ അകലെയായി സമുദ്രനിരപ്പിൽ നിന്ന് 915 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഇടമാണ് പീരുമേട്. പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ മേഖകളിൽ ഒന്നാണിതെന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ആവില്ല. പെരിയാർ കടുവാ സങ്കേതത്തിലേക്ക് യാത്രാമധ്യേ വിനോദസഞ്ചാരികൾക്ക് കാണാൻ പറ്റിയ, ചെലവഴിക്കാൻ പറ്റിയ ഇടമാണിത്.
തിരുവിതാംകൂറിലെ പഴയ രാജകുടുംബത്തിന്റെ അടുത്തയാളും സൂഫി സന്യാസിയുമായ പീർ മുഹമ്മദിൽ നിന്നാണ് പ്രശസ്‌തമായ തോട്ടം പട്ടണത്തിന് ഈ പേര് ലഭിച്ചത്. തേയില, ഏലം, റബ്ബർ, കാപ്പിത്തോട്ടങ്ങൾ എന്നിവയുടെ വിശാലമായ കാഴ്‌ചകൾ കൊണ്ട് സമ്പന്നമായ ഭൂമിയാണ് പീരുമേട്. നോക്കെത്താ ദൂരത്തോളം കിടക്കുന്ന പുൽമേടുകൾ, മൂടൽമഞ്ഞ് മൂടിയ കുന്നിൻ മുകൾ എന്നിവയൊക്കെയും പീരുമേടിനെ അവിസ്‌മരണീയമായ ഒരു അനുഭവമാക്കി മാറ്റുന്നു.
തിരുവിതാംകൂറിലെ പഴയ രാജാക്കന്മാരുടെ വേനൽക്കാല വസതി ഇന്ന് ഇവിടെ ഒരു പ്രധാന സ്‌മാരകമാണ്. വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള സർക്കാർ അതിഥി മന്ദിരമായി മാറിയ വേനൽക്കാല വസതി സഞ്ചാരികൾക്ക് സുഖപ്രദമായ താമസസൗകര്യം പ്രദാനം ചെയ്യുന്നു. പീരുമേടും പരിസര പ്രദേശങ്ങളും ട്രക്കിംഗിനും സൈക്കിൾ സവാരിക്കും കുതിര സവാരിക്കും അനുയോജ്യമാണ്.
സാഹസിക വിനോദസഞ്ചാരത്തിനും ട്രെക്കിംഗിനും പേരുകേട്ട ഇടമായ കുട്ടിക്കാനം പീരുമേട്ടിൽ നിന്ന് വെറും 3 കിലോമീറ്റർ മാത്രം അകലെയാണ്. 4 കിലോമീറ്റർ അകലെയുള്ള തൃശങ്കു കുന്നുകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഉരുണ്ടുകൂടിയ കുന്നുകളും മനോഹരമായ ഭൂപ്രകൃതിയും ഇവിടുത്തെ മറ്റൊരു വ്യത്യസ്‌തമായ അനുഭൂതി പകരുന്ന ഇടങ്ങളാക്കി മാറ്റുന്നു.












Click it and Unblock the Notifications