' 55 ഗ്രാം പോപ്‌കോണിന് 460 രൂപ, ഒരു പെപ്‌സിക്ക് 360'; ബില്ലുകണ്ടപ്പോള്‍ കണ്ണുതള്ളി
അവധി ഉള്ള ഒരു ദിവസം കുടുംബസമേതം തിയറ്ററിൽ പോകാനും സിനിമ കാണാനും ആഗ്രഹമില്ലാത്ത ആളുകൾ കുറവായിരിക്കും. ഒടിടിയിൽ സിനിമ കാണുമ്പോൾ ലഭിക്കുന്ന അനുഭവവുംതിയറ്ററിൽ പോയി സിനിമ കാണുമ്പോൾ ലഭിക്കുന്ന അനുഭവവും രണ്ടും രണ്ടാണ്.
സിനിമയുടെ ഇടവേള സമയത്ത് പോയി കുടിക്കുന്ന ചായക്കും ശീതളപാനിയത്തിനും കൊറിക്കാൻ വാങ്ങുന്ന പോപ്‌കോണിനും ഒരു പ്രത്യേക രുചിയായിരിക്കും. എന്നാൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഈ ബില്ലുകണ്ടാൽ തിയറ്ററിൽ നിന്ന് പോപ്‌കോൺ വാങ്ങുമ്പോൾ നിങ്ങളൊന്ന് ശങ്കിക്കും. പോപ്‌കോൺ മാത്രമല്ല പെപ്‌സി കണ്ടാലും ഒന്ന് ഭയക്കും.

സിനിമ തിയറ്ററിൽ നിന്ന് ഉള്ള ബില്ലാണ് സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നത്. ഒരു ട്വിറ്റർ ഉപയോക്താവ് ആണ് ഈ ബിൽ പങ്കുവെച്ചത്. ചീസ് പോപ്‌കോണും പെപ്‌സിയും ആണ് ട്രിദിപ് കെ മണ്ഡൽ എന്ന ആൾ വാങ്ങിച്ചത്. 55 ഗ്രാം ചീസ് പോപ്‌കോണിന് വില 460 രൂപയും പെപ്‌സിക്ക് 360 രൂപയുമാണ്. മൊത്തം ബില്ലായത് 820 രൂപ. ടിക്കറ്റ് ബില്ല് ഇതിന് പുറമെ ഉണ്ട്. നോയിഡയിലെ ഒരു കോംപ്ലക്‌സിൽ നിന്നുള്ളതാണ് ഈ ബിൽ.
'55 ഗ്രാം ചീസ് പോപ്കോണിന് 460 രൂപ, 600 മില്ലി പെപ്സിക്ക് 360 രൂപ. നോയിഡ പിവിആർ സിനിമാസിൽ ആകെ ഇതിനായത് 820 രൂപ. ഇത് പ്രൈം വീഡിയോയുടെ വാർഷിക സബ്സ്‌ക്രിപ്ഷന് തുല്യമാണ്. ആളുകൾ തിയറ്ററിൽ പോകാത്തതിൽ അതിശയിക്കാനില്ല. കുടുംബത്തോടൊപ്പം സിനിമ കാണാൻ പോകുന്നത് താങ്ങാൻ പറ്റില്ല,' എന്ന അടിക്കുറിപ്പോടെയാണ് ബിൽ പങ്കിട്ടത്.
നിരവധിപേരാണ് പോസ്റ്റിന് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. ചിലർ യുവാവിനെ പിന്തുണയ്ക്കുമ്പോൾ ചിലർ വിമർശിക്കുന്നുമുണ്ട്. ഇത്രയും അമിതമായ വില ഞങ്ങൾക്ക് എങ്ങനെ താങ്ങാൻ കഴിയും? ആളുകൾ തിയേറ്ററുകളിൽ പോകുന്നത് നിർത്തുന്നതിൽ അതിശയിക്കാനില്ല എന്നാണ് ഒരാളുടെ കമന്റ്.
"മൾട്ടിപ്ലക്‌സ് 1-ൽ ചെയ്യേണ്ട കാര്യങ്ങൾ, പോപ്‌കോൺ വാങ്ങാതെ പണം ലാഭിക്കൂ, സിനിമ കഴിഞ്ഞ് നല്ല ഭക്ഷണം കഴിക്കൂ," മറ്റൊരാൾ പറഞ്ഞു. എന്നാൽ പോപ്‌കോണും പാനീയങ്ങളും വാങ്ങുന്നത് പൂർണ്ണമായും ഓപ്ഷണൽ ആണെന്നും ആരും അത് വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിക്കുന്നില്ലെന്നും ആണ് ചിലർ പറയുന്നത്.
ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ അല്ല തിയറ്റിൽ പോകുന്നത്, സിനിമ കാണാനാണ്, അവിടെയിരുന്ന് ലഘുഭക്ഷണത്തിന്റെ വിലയെക്കുറിച്ച് പരാതി പറയുന്നത് മണ്ടത്തരമാണ് എന്നാണ് ചിലർ പറയുന്നത്. ഇപ്പോഴും ഈ ബിൽ തന്നെയാണ് സോഷ്യൽ മീഡിയയിലെ ചൂടുപിടിച്ച ചർച്ച.












Click it and Unblock the Notifications