രാജ്യസഭ വൈസ് ചെയർപേഴ്സൺ പാനൽ പുനഃസംഘടിപ്പിച്ചു; ഇനി മുതൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം
ഡൽഹി: രാജ്യസഭ വൈസ് ചെയർപേഴ്സൺ പാനൽ പുനഃസംഘടിപ്പിച്ചു. പാനലിൽ 50 ശതമാനം അംഗങ്ങളും സ്ത്രീകളായിരിക്കുമെന്ന് രാജ്യസഭ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻകർ വ്യക്തമാക്കി. ഇതോടെ എട്ടംഗ പാനലിൽ 4 പേർ വനിതകളായിരിക്കും.
പുതിയ പാനലിലെ നാല് വനിതകളിൽ മൂന്ന് പേർ ബി ജെ പി അംഗങ്ങളാണ്. കാന്ത കർദം, സുമിത്ര ഭൗമിക്, ഗീത അലിയാസ് ചന്ദ്രപ്രഭ എന്ന എന്നിവരാണ് ബി ജെ പിയിൽ നിന്നുള്ളവർ. ബി ജു ജനതാദൾ അംഗം മമത മൊഹന്തയാണ് നാലാമത്തെ വനിതാ എംപി.

കൂടാതെ കോൺഗ്രസിന്റെ അഖിലേഷ് പ്രസാദ് സിംഗ്, ആം ആദ്മി പാർട്ടിയുടെ നരേൻ ദാസ് ഗുപ്ത, വൈ എസ് ആർ സി പിയുടെ വി വിജയസായി റെഡ്ഡി, തൃണമൂൽ കോൺഗ്രസിലെ സന്താനു സെൻ എന്നിവരാണ് മറ്റ് സമിതി അംഗങ്ങൾ. പുതിയ പാനൽ സെപ്റ്റംബർ 13 മുതൽ മുൻകാല പ്രാബല്യത്തോടെയായിരിക്കും പ്രവർത്തിക്കുകയെന്ന് ധൻകർ വ്യക്തമാക്കി.
ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്ന ദിവസം വിദൂരമല്ലെന്ന് ജയ്പൂരിൽ ഒരു പരിപാടിയിൽ സംസാരിക്കവെ നേരത്തേ ധൻകർ പറഞ്ഞിരുന്നു. പാർലമെന്റിലും നിയമനിർമ്മാണ സഭകളിലും സ്ത്രീകൾക്ക് തുല്യപങ്കാളിത്തം നൽകുന്ന ഭരണഘടനാ മാറ്റം ഉടൻ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സ്ത്രീകൾക്ക് സംവരണം ഉടൻ ലഭിച്ചാൽ 2047ന് മുമ്പ് ഇന്ത്യ ലോകശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചെയർമാന്റെയോ ഡെപ്യൂട്ടി ചെയർമാന്റെയോ അഭാവത്തിൽ വൈസ് ചെയർപേഴ്‌സൺമാരായിരിക്കും സഭ നിയന്ത്രിക്കുക. കഴിഞ്ഞ തവണ പിടി ഉഷ പാനലിൽ ഉൾപ്പെട്ടിരുന്നു.












Click it and Unblock the Notifications