Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികള്‍ക്കിനി മുട്ടമതി, പാലുവേണ്ടെന്ന് മില്‍മ

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇനി മുട്ടകഴിച്ചാല്‍ മതി. തല്‍ക്കാലം പാല്‍ കുടിക്കേണ്ടെന്നാണ് മില്‍മയുടെ തീരുമാനം. ഇത്രയും നാള്‍ വാങ്ങിക്കുടിച്ച പാലിന്റെ കാശുകൊടുത്തെങ്കില്‍ മാത്രമേ ഇനി പാല്‍ തരൂ എന്നാണ് മില്‍മയുടെ നിലപാട്. കുട്ടികള്‍ക്ക് പോഷകങ്ങള്‍ കിട്ടട്ടെയെന്ന് കരുതിയാണ് സര്‍ക്കാര്‍ മുട്ടയും പാലും കൊടുത്തു തുടങ്ങിയതെങ്കില്‍ കാശുതന്നില്ലെങ്കില്‍ ഇനിയൊരുത്തനും പാലുകുടിക്കേണ്ടെന്ന നിലപാടാണ് വാദം. മില്‍മയും സര്‍ക്കാരും തമ്മില്‍ ബന്ധമൊന്നുമില്ലേ എന്നുതോന്നും ഈ പിടിവാശി കണ്ടാല്‍.

കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും പാലും കൊടുത്തുവരുന്നുണ്ട്. സംസ്ഥാനത്ത് മൊത്തം 27 ലക്ഷം കുട്ടികള്‍ക്കാണ് ചൊവ്വാഴ്ചയും വ്യാഴാഴ്ചയും മുട്ടയും പാലും കിട്ടിക്കൊണ്ടിരിക്കുന്നത്. മില്‍മയ്ക്ക് പ്രതിവര്‍ഷം പാലുകൊടുക്കുന്ന വകയില്‍ 58 കോടി രൂപയാണ് വിദ്യാഭ്യാസവകുപ്പ് നല്‍കുന്നത്. ഇപ്പോള്‍ 15 കോടി രൂപയുടെ കുടിശിക വന്നതോടെയാണ് മില്‍മ സ്‌കൂളുകളിലേക്കുള്ള പാല്‍വിതരണം നിര്‍ത്തിയത്. കുടിശികപ്പണം കിട്ടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കത്തെഴുതി മടുത്തിട്ടാണ് പാല്‍വിതരണം നിര്‍ത്തിയതെന്ന വിശദീകരണമാണ് മില്‍മയുടേത്.

കേരളത്തില്‍ ക്ഷീരവിപ്ലവം സാധ്യമാക്കിയ പ്രസ്ഥാനമാണ് മില്‍മ. മില്‍മ തുടങ്ങിയ കാലത്ത് കേരളത്തില്‍ പാലുതരുന്ന പശുക്കള്‍ ധാരാളമുണ്ടായിരുന്നു. പാല്‍ വേണ്ടിയവരുടെ എണ്ണം കുറവുമായിരുന്നു. എല്ലാവീട്ടിലും പശുവുള്ളതുകൊണ്ട് നഗരകേന്ദ്രീകൃത കച്ചവടമായിരുന്നു മില്‍ മടത്തിയിരുന്നത്. ഇന്ന് ഏത് ഓണം കേറാമൂലയിലും രാവിലെ ചായ ഇടണമെങ്കില്‍ മില്‍മയുടെ കവര്‍ എത്തണമെന്നായിട്ടുണ്ട്. അതിനുമാത്രം പാലുതരാന്‍ പശുക്കളുമില്ല. ആവശ്യക്കാര്‍ക്ക് പാലുകൊടുത്തെത്തിക്കാന്‍ മില്‍മ പെടാപ്പാട് പെടുകയുമാണ്. 'നാഴിയുരി പാലുകൊണ്ട് നാടാകെ കല്യാണം' എന്ന സിനിമാഗാനത്തിന്റെ വരിപോലെയാണ് ഇപ്പോള്‍ മില്‍മ. അന്യസംസ്ഥാനത്തുനിന്ന് പാല്‍വണ്ടിയെത്തിയില്ലെങ്കില്‍ മില്‍മയുടെ പാക്കിംഗ് സ്തംഭിക്കുന്ന അവസ്ഥയാണ്. ഇടയ്ക്ക് പാല്‍ക്ഷാമം അതിരൂക്ഷമായപ്പോള്‍ പാല്‍പ്പൊടി വാങ്ങി കലക്കി പാലാക്കി വിറ്റുകാശാക്കുന്ന വിദ്യയും മില്‍മ വിജയകരമായി പരീക്ഷിച്ചു. ഇതാണ് ലാഭമെന്ന് കരുതി കച്ചവടം പൊടിപൊടിച്ചപ്പോള്‍ കോടതി ഇടപെട്ടു. പാല്‍പ്പൊടി കലക്കി പാലുകുടിക്കാന്‍ മില്‍മ ഇടനിലനില്‍ക്കണോ?

പശുവില്ലെങ്കിലും പാലില്ലെങ്കിലും മില്‍മയ്ക്ക് നിലനിന്നല്ലേ പറ്റൂ? അതിനാല്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും ആന്ധ്രയില്‍ നിന്നും പാലുവണ്ടികള്‍ കേരളത്തിലേക്ക് കുതിച്ചെത്തുകയാണ്. ഈ വരുന്നതെല്ലാം പാലാണോ എന്ന് ചോദിച്ചാല്‍ മില്‍മയ്ക്ക് തന്നെ ഉത്തരം പറയാന്‍ സമയമില്ല, അത്രയ്ക്ക് ഡിമാന്റാണ് മില്‍മ പാലിന്. അതായത് കേരളത്തില്‍ പാലുകച്ചവടത്തിന്റെ കുത്തക മില്‍മയ്ക്ക് തന്നെയാണ്.

പാലിന്റെ നിറം മാറാത്തതുപോലെ ഏത് സര്‍ക്കാര്‍ മാറിയാലും മില്‍മയ്ക്കും മാറ്റമൊന്നുമുണ്ടാകില്ല. മില്‍മ കോണ്‍ഗ്രസുകാരുടെ കുത്തകയാണ്. ഇതുകൊണ്ട് പശുവളര്‍ത്തുന്നവരെല്ലാം ബൂര്‍ഷ്വകളാണെന്ന് കരുതരുത്. മില്‍മയുടെ മൂന്ന് മേഖലകളും വര്‍ഷങ്ങളായി നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളായ സഹകാരികളാണ്. ലോക വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്നത് ഇടതുകക്ഷികളാണെങ്കിലും കേരളത്തില്‍ ക്ഷീരവിപ്ലവത്തിന്റെ പ്രായോജകര്‍ വലതന്മാര്‍ തന്നെയാണ്. വേണ്ടിവന്നാല്‍ കക്ഷി നോക്കാതെ സര്‍ക്കാരുമായും മില്‍മ ഏറ്റുമുട്ടും. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പാല്‍വില കൂട്ടണമെന്ന മില്‍മയുടെ ആവശ്യത്തിന് സര്‍ക്കാര്‍ ഇടങ്കോലിട്ടത് വലിയ വാര്‍ത്തയായിരുന്നു. മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പിനെ പുറത്താക്കാന്‍ ആവുന്നത്ര പണികള്‍ ഇടതുസര്‍ക്കാര്‍ നോക്കിയതുമാണ്.

മില്‍മയുടെ രാഷ്ട്രീയമല്ല ഇവിടെ വിഷയമെങ്കിലും മില്‍മയുടെ അവസ്ഥ വ്യക്തമാക്കണമല്ലോ! ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ പാലില്ലാതെ മില്‍മ വലയുമ്പോഴാണ് കാശുകൊടുക്കാതെ വിദ്യാഭ്യാസ വകുപ്പ് കുട്ടികളെ കുടിപ്പിക്കാന്‍ പാല് വാങ്ങിക്കൂട്ടുന്നത്. ഇതിനുള്ള ചുട്ട മറുപടിയാണ് ഇനി സ്‌കൂളിനകത്തേയ്ക്ക് പാല്‍വണ്ടി കയറിപ്പോയേക്കരുതെന്ന മില്‍മ ചെയര്‍മാന്റെ ഉത്തരവ്. രൊക്കം പണം കിട്ടിയാല്‍ നാട്ടിലെ പിള്ളേര്‍ പാലുകുടിക്കും. പാലുകുടിച്ച് വളരുന്ന മിടുക്കന്മാരായ ഭാവിതലമുറയെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ മില്‍മയ്ക്ക് കുടിശിക കാശ് കൊടുക്കുക തന്നെ വേണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+