Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആറാട്ടണ്ണന് പ്രിവിലേജ് ഇല്ലേ'? ജാമ്യം കിട്ടി ജയിലിനു പുറത്തേക്ക്; കോടതി പറഞ്ഞത ഇങ്ങനെ

കൊച്ചി: ചലച്ചിത്ര നടിമാരെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ സന്തോഷ് വര്‍ക്കിക്ക് ജാമ്യം. ഇത്തരത്തിലുള്ള കുറ്റകൃത്യം ഇനി ആവര്‍ത്തിക്കരുതെന്ന താക്കീതോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രഥമ ദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുണ്ടെങ്കിലും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എന്‍ബി സ്‌നേഹലത ജാമ്യം അനുവദിച്ചത്.

സിനിമാ നിരൂപണത്തിലൂടെയാണ് ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി ആദ്യം ശ്രദ്ധേയനായത്. തുടര്‍ന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു നല്‍കുന്ന അഭിമുഖങ്ങളില്‍ നടിമാരെ അധിക്ഷേപിച്ചു സംസാരിക്കുന്നത് പതിവായി. ഇടപ്പള്ളി വനിത-വിനീത തിയറ്ററില്‍ എത്തുന്ന നടിമാരെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നതും സന്തോഷ് വര്‍ക്കിയുടെ ശീലമായിരുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെ ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ മുഴുവന്‍ മോശക്കാരാണെന്ന് സംസാരിച്ചതാണ് വിനയായി മാറിയത്.

santhosh varkey

ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍, ഉഷ ഹസീന എന്നിവരാണ് സന്തോഷ് വര്‍ക്കിക്ക് എതിരേ പരാതിയുമായി രംഗത്തുവന്നത്. ഇവരുടെ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. ഇന്ന് കേസ് പരിഗണിച്ച കോടതി സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി.

കൊച്ചിയിലെ സിനിമാ തീയറ്ററുകളില്‍ നടിമാര്‍ക്ക് പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും രാത്രി ഇവര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തുകയും ചെയ്യുന്ന സന്തോഷ് വര്‍ക്കിയുടെ വീഡിയോകള്‍ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്ന സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശമാണ് കേസ് എടുക്കുന്നതിലേക്കു നയിച്ചത്.

നടി നിത്യാ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. സിനിമാ നിരൂപണത്തിന്റെ മറവില്‍ സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിച്ചതിന് ഇയാളെ പാലാരിവട്ടം പോലീസ് ഒരിക്കല്‍ താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. ഈ താക്കീത് അവഗണിച്ചാണ് സന്തോഷ് വര്‍ക്കി സമാനമായ വീഡിയോകള്‍ തുടര്‍ച്ചയായി ചെയ്തിരുന്നത്. പലപ്പോഴും അധിക്ഷേപങ്ങള്‍ക്കെതിരേ നടിമാര്‍ പരാതിപ്പെടാതിരുന്നതാണ് ഇയാള്‍ക്ക് രക്ഷയായത്. ഏറ്റവും ഒടുവിലാണിപ്പോള്‍ മൂന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്തുവന്നത്.

ആലപ്പുഴ ഡിവൈഎസ്പിക്കാണ് ഉഷ ഹസീന പരാതി നല്‍കിയിരിക്കുന്നത്. സന്തോഷ് വര്‍ക്കി സമൂഹ മാധ്യമങ്ങളില്‍ നിരന്തരം നടത്തുന്ന പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും തന്നെ വ്യക്തിപരമായി വേദനിപ്പിച്ചതായും ചൂണ്ടിക്കാട്ടിയാണ് ഉഷ ഹസീന പരാതി നല്‍കിയത്. ഭാഗ്യലക്ഷ്മിയും കുക്കു പരമേശ്വരനും തിരുവനന്തപുരത്ത് പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നായിരുന്നു മൂവരുടെയും ആവശ്യം. സമീപകാലത്ത് ബസൂക്ക എന്ന സിനിമയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

ജാമ്യം കിട്ടി പുറത്തിറങ്ങുമ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വിഭാഗം ആറാട്ടണ്ണനെ പിന്തുണയ്ക്കുന്നുണ്ട്. ആറാട്ടണ്ണന്‍ ചെയ്ത കുറ്റകൃത്യം ഗൗരവമുള്ളതാണെന്ന് സമ്മതിക്കുമ്പോഴും സമീപ കാലത്ത് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ളവരോട് പൊലീസ് സ്വീകരിച്ച നിലപാടാണ് വിമര്‍ശനത്തിന് കാരണം. പ്രവിലേജ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും രണ്ട് നീതി എന്ന വിമര്‍ശനമാണ് ഉയരുന്നത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ അടുത്തിടെ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്ത് വിട്ടയച്ചതാണ് ഈ വിമര്‍ശനത്തിന് കാരണം.

അതില്‍ നിരവധി പേര്‍ ഷെയര്‍ ചെയ്ത ഒരു ഫേസ് ബുക്ക് പോസ്റ്റ് ഇതാണ്: - 'ആറാട്ടണ്ണന് 14 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചത് ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ ഇട്ടതിനാണ്. എന്നാൽ അതേ കുറ്റം ചെയ്ത ഷാജൻ സക്കറിയ 2 മണിക്കൂർ കഴിഞ്ഞപ്പോ പുറത്തിറങ്ങി. കഞ്ചാവും പുലി പല്ലും പെണ്ണ് കേസും വരെ ഉള്ളവൻ ഗവണ്മെന്റ് പരിപാടിയിൽ പാടുന്നു. ഇതെല്ലാം വ്യക്തമാകുന്നത് ഇവിടെ രണ്ട് തരത്തിലുള്ള മനുഷ്യരെ ഉള്ളു എന്നാണ്. "പ്രിവിലേജ് ഉള്ളവനും അത് ഇല്ലാത്തവനും'.

ആറാട്ടണ്ണനെ പിന്തുണച്ച് ചെകുത്താന്‍ എന്നറിയപ്പെടുന്ന വ്‌ളോഗര്‍ അജു അലക്സും രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ഉഷാ ഹസീന ചെകുത്താനെതിരേയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+