"ഉണ്ണി മുകുന്ദൻ ബേസിക് മര്യാദ കാണിക്കണ്ടേ? എനിക്ക് അഭിപ്രായം പറയാൻ മമ്മൂട്ടിയെ പേടിക്കേണ്ട കാര്യമില്ല"
മലയാള സിനിമാ ലോകത്ത് നടനായും സംവിധായകനായും തന്റേതായ ഇടം നേടിയ വ്യക്തിത്വമാണ് പി. ശ്രീകുമാറിന്റേത്. 1966 മുതൽ സിനിമാരംഗത്ത് സജീവമാണ്. 150-ൽ അധികം സിനിമകളിൽ അഭിനയിച്ച ശ്രീകുമാർ, തിരക്കഥാകൃത്തും നിർമ്മാതാവുമായും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാർ ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും ഉണ്ണി മുകുന്ദനുമായി തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ചും മനസ് തുറക്കുകയാണ്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
പി ശ്രീകുമാറിന്റെ വാക്കുകൾ
തിരുവനന്തപുരത്ത് ഒന്ന് രണ്ട് പടങ്ങൾ ചെയ്‌തു നിൽക്കുകയായിരുന്നു. അപ്പോഴാണ് അടൂർ സാർ വിളിക്കുന്നത്. മമ്മൂട്ടി പ്രൊഡ്യൂസ് ചെയ്‌ത പടം, പദയാത്ര. കെവി മോഹൻകുമാറിന്റെ നോവലിനെ ബേസ് ചെയ്‌തുള്ള ഒരു സ്ക്രിപ്റ്റ്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. അതിൽ തോട്ടത്തിൽ ഗോവിന്ദൻ നായർ എന്ന ഒരു കഥാപാത്രമായിരുന്നു ഞാൻ ചെയ്‌തത്. അഭിനയ മുഹൂർത്തങ്ങൾ ഉള്ള ഒരു റോൾ ആയിരുന്നു അത്.

എന്നോട് ആരും കഥയൊന്നും പറഞ്ഞിട്ടില്ല. എനിക്ക് അഭിനയിക്കാൻ അത്യാവശ്യം വേണ്ട കാര്യങ്ങൾ മാത്രമാണ് പറഞ്ഞു തന്നിട്ടുള്ളത്. പൂർണമായി എനിക്ക് അതുകൊണ്ട് കാര്യങ്ങൾ അറിഞ്ഞിട്ടില്ല. മമ്മൂട്ടിക്ക് വളരെ നല്ല റോളാണ്, അടുത്ത നാഷണൽ അവാർഡ് അദ്ദേഹത്തിന് കിട്ടാൻ സാധ്യതയുള്ള റോളാണ് ആ ചിത്രത്തിലേത് എന്നാണ് തോന്നുന്നത്. സ്നേഹം ചൊരിഞ്ഞു നടക്കുന്ന ആളുടെ റോൾ ആണെന്നാണ് അറിയാൻ കഴിഞ്ഞത്.
ഞാൻ പ്രൊഡ്യൂസ് ചെയ്തോളാം എന്ന് പറഞ്ഞു ഏറ്റെടുക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ആ സ്ക്രിപ്റ്റിന് അകത്ത് എന്തെങ്കിലും കാണണമല്ലോ. ആ പ്രൊഡക്ഷനിൽ പോയി അഭിനയിച്ചപ്പോഴാണ് പലതും അറിഞ്ഞത്. സംവിധായകന് എന്താണ് വേണ്ടതെന്ന് കൃത്യമായി കൊടുക്കും. പ്രൊഡക്ഷൻ ഡിസൈൻ എന്താണെന്ന് നമുക്ക് പഠിക്കാം.
അന്ന് ഉണ്ണിമുകുന്ദൻ തിരക്കഥ കൊടുത്തയക്കണമെന്ന് ആവശ്യപ്പെട്ടത് എനിക്ക് ദുഃഖം ഒന്നും ഉണ്ടാക്കിയിട്ടില്ല. എന്തിനാണ് ഞാൻ ദുഃഖിക്കുന്നത്? അത് അയാളുടെ വിവരക്കേട്. പിന്നെ അനാദരവ് തോന്നില്ലേ. എന്നേക്കാൾ എത്രയോ ശേഷം സിനിമയിലേക്ക് വന്ന ആളാണ്. ഞാൻ 1966ൽ വന്നയാളാണ്. അയാൾ എപ്പോഴാണ് വന്നത്. വളരെയധികം വ്യത്യാസം ഉണ്ട് ഞങ്ങൾ തമ്മിൽ. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചവരാണ്.
വളരെ കാര്യമായി നടന്ന ആളാണ്, വിജയരാഘവൻ വിളിച്ചു പറഞ്ഞത് കൊണ്ടാണ് ഞാൻ കഥ വായിച്ചു കേൾപ്പിക്കാമെന്ന് സമ്മതിച്ചത്. തിരുവനന്തപുരത്ത് വരുമ്പോൾ വിളിക്കാൻ ഞാൻ പറഞ്ഞു. ആ സമയത്താണ് ശബരിമലയുടെ ആ സിനിമ, മാളികപ്പുറം നല്ല രീതിയിൽ സക്‌സസ് ആയത്. അപ്പോൾ പുള്ളി പറഞ്ഞു എനിക്ക് അങ്ങോട്ട് വരാൻ ടൈം ഇല്ല, ഞാൻ ഒരാളെ അങ്ങോട്ട് വിടാം സ്ക്രിപ്റ്റ് കൊടുത്ത് അയക്കൂ.
ഇത്രയും വർഷം കുത്തിയിരുന്ന് ഉണ്ടാക്കിയത് ആരെങ്കിലും വരുമ്പോൾ എടുത്ത് കൊടുക്കാൻ ഉള്ളതാണോ? ആ മര്യാദ അയാൾക്ക് തോന്നിയില്ല. എനിക്ക് അതിൽ ദുഃഖവും ഇല്ല വിഷമവുമില്ല. പക്ഷേ, അങ്ങനെയൊന്നും ഒരിക്കലും ആവരുത്. അതാണ് ഇന്നത്തെ തലമുറയുടെ ഒരു പ്രശ്‌നം. പണ്ടൊക്കെ സീനിയേഴ്‌സിനെ വല്യ ബഹുമാനം ഉണ്ടായിരുന്നു. അതൊക്കെ കുറഞ്ഞു കുറഞ്ഞു വരികയാണ്.
മമ്മൂട്ടി എനിക്ക് സ്വാതന്ത്ര്യം തന്നിട്ടുണ്ടായിരിക്കാം ഇല്ലായിരിക്കാം, ഞാൻ അതൊന്നുമല്ല പറയുന്നത്. എനിക്ക് പറയാനുള്ളത് ഞാൻ പറയും. അതേസമയം തന്നെ ഞാൻ അദ്ദേഹത്തോട് കടപ്പെട്ട ആള് കൂടിയാണ്. ആ കടപ്പാട് ഞാൻ സൂക്ഷിക്കുകയും ചെയ്യും. പക്ഷേ ഒരു അഭിപ്രായം പറയാൻ അങ്ങേരുടെ അനുവാദമൊന്നും എനിക്ക് വേണ്ട. കാരണം അനാവശ്യമായ ഒരു കൈമണി അടിക്കലും പരിപാടിയും ഒന്നും എനിക്ക് താൽപര്യമില്ല.














Click it and Unblock the Notifications