കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍പിആറിന് എഴുപത്തഞ്ച്

  • By Staff
Google Oneindia Malayalam News

ചങ്ങനാശേരി: എല്‍പിആര്‍ വര്‍മ്മയ്ക്ക് മുഖവുര ആവശ്യമില്ല. ഗായകന്‍ ജയചന്ദ്രന്‍ അനശ്വരമാക്കിയ ഉപാസന... ഉപാസന എന്ന ഒറ്റഗാനം മതി എല്‍പിആറിന്റെ മഹത്വമറിയാന്‍. വയലാറിന്റെ ഗാനത്തിന് സംഗീതം നല്കിയത് എല്‍പിആര്‍.

സംഗീതസംവിധായകനെന്ന നിലയിലും ഗായകനെന്ന നിലയിലും കേരളത്തിലെ സംഗീതരംഗത്ത് തിളങ്ങിയ എല്‍പിആര്‍ എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷിച്ചത് ഈയിടെ. സംഗീതസമൃദ്ധമായ ഒരു പിറന്നാള്‍ ആഘോഷം.

പക്ഷെ ഇപ്പോള്‍ സംഗീത ഗവേഷണത്തില്‍ മുഴുകിയിരിക്കുന്നതിനാല്‍ എല്‍പിആറിന് പിറന്നാള്‍ ആഘോഷത്തിനും വേണ്ടത്ര സമയം കിട്ടിയോ എന്ന് സംശയം. കേരളസംഗീതത്തിന്റെ ആലാപനശൈലികളെപ്പറ്റിയുള്ള പ്രബന്ധരചനയിലാണ് അദ്ദേഹമിപ്പോള്‍. ആറു മാസത്തിനകം ഗവേഷണം പൂര്‍ത്തിയാക്കണമെന്ന ദൃഢനിശ്ചയത്തിലുമാണ് എല്‍പിആര്‍.

വയലാറുമായി ചേര്‍ന്ന് ഇദ്ദേഹമൊരുക്കിയ മറ്റൊരു അനശ്വരഗാനം കൂടിയുണ്ട്. അജ്ഞാതസഖീ... ആത്മസഖീ എന്ന ഗാനം. വയലാര്‍ മരിക്കുന്നതിന്റെ തലേനാള്‍ എല്‍പിആറിന്റെ വീട്ടിലായിരുന്നു വിശ്രമം. വയലാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോളും എല്‍പിആറിന് ചങ്കുകലങ്ങും.

ലക്ഷ്മീപുരം കൊട്ടാരത്തില്‍ പൂരം നാളില്‍ പിറന്ന ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് രവിവര്‍മ്മ. സംഗീതസംവിധാനത്തിന്റെ പേരില്‍ ഇദ്ദേഹത്തെ തേടിവരാത്ത അവാര്‍ഡുകളില്ല. 69ല്‍ ദേശീയ പുരസ്കാരം, 85ല്‍ സംസ്ഥാന അവാര്‍ഡ്, 78ല്‍ സംഗീതനാടകഅക്കാദമി അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു.

വടക്കാഞ്ചേരി വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും ലക്ഷമീപുരം കൊട്ടാരത്തില്‍ മംഗലാഭായിത്തമ്പുരാട്ടിയുടെയും മകനായിപ്പിറന്ന രാജകുമാരന്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരത്തേക്ക് വണ്ടികയറിയത് സംഗീതത്തിന് വേണ്ടി. സ്വാതിതിരുനാള്‍ സംഗീതഅക്കാദമിയില്‍ മാവേലിക്കര വി. രമണി അയ്യരുടെ ശിഷ്യനായി സംഗീതത്തിന്റെ ആത്മാവറിഞ്ഞു.

30 വയസ്സില്‍ സ്ത്രീ ഹൃദയം എന്ന സിനിമയ്ക്കുവേണ്ടിയാണ് ആദ്യമായി സംഗീതം ചിട്ടപ്പെടുത്തിയത്.

പ്രേംകുമാര്‍(ബിസിനസ്സ്, കൊച്ചി), ശോഭാ നന്ദനവര്‍മ്മ(കൊച്ചി), ബീന(തൃപ്പൂണിത്തുറ), രാജ്കുമാര്‍(ഗള്‍ഫ്) എന്നിവര്‍ മക്കളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X