• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കണ്‍മുന്നില്‍ അവളങ്ങ് ഇല്ലാതായി, മാലാഖയെ പോലെ അണിയിച്ചൊരുക്കി, ശരണ്യയെ കുറിച്ച് സീമ ജി നായര്‍

Google Oneindia Malayalam News

നടി ശരണ്യയുടെ വിയോഗത്തില്‍ ഏറ്റവും പ്രയാസം അനുഭവിച്ച വ്യക്തിയായിരുന്നു സീമ ജി നായര്‍. നേരത്തെ ശരണ്യയുടെ രോഗവിവരങ്ങളെ കുറിച്ച് കൃത്യമായി വീഡിയോയിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നതും സീമയായിരുന്നു. ശരണ്യയുടെ വിയോഗ ശേഷം അമ്മ ആകെ തകര്‍ന്നിരിക്കുകയാണെന്ന് സീമയുടെ മകനും പറഞ്ഞിരുന്നു.

ഒടുവില്‍ ശരണ്യയുടെ അവസാന നിമിഷങ്ങളെ കുറിച്ച് പറഞ്ഞ് സീമ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. മാലാഖയെ പോലെ അണിയിച്ചൊരുക്കിയാണ് ശരണ്യയെ തങ്ങള്‍ യാത്രയാക്കിയതെന്നും, അവളുടെ അമ്മയെ ഓര്‍ത്ത് വല്ലാത്ത ആശങ്കയുണ്ടായിരുന്നുവെന്നും സീമ പറയുന്നു. യുട്യൂബ് ചാനലിലായിരുന്നു സീമയുടെ തുറന്ന് പറച്ചില്‍.

1

ശരണ്യയുടെ വിയോഗത്തിന് മുമ്പ് ഞാന്‍ തിരുവനന്തപുരത്തില്ലായിരുന്നു. ശരണ്യയുടെ സഹോദരിയാണ് എന്നോട് എത്രയും പെട്ടെന്ന് തിരുവനന്തപുരത്തെത്താന്‍ പറഞ്ഞത്. ക്രിട്ടിക്കല്‍ കണ്ടീഷനാണെന്നായിരുന്നു പറഞ്ഞത്. പക്ഷേ അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. സ്ഥിരമായി പറയുന്നതാണ് ശരണ്യയുടെ സാഹചര്യം മോശമാണെന്ന കാര്യം. അതിനോടെല്ലാം പൊരുതി ശരണ്യ തിരിച്ചുവന്നിട്ടുമുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതീക്ഷയ്ക്ക് വകയില്ലാത്ത കാര്യങ്ങളായിരുന്നു പറഞ്ഞത്. അതുകൊണ്ട് ഭയത്തോടെയാണ് തിരുവനന്തപുരത്തേക്ക് ഓടിയെത്തിയത്. യാത്രയില്‍ പല തരം ചിന്തകളാണ് മനസ്സില്‍ എത്തിയതെന്നും സീമ പറയുന്നു.

2

തിരുവനന്തപുരത്തേക്ക് യാത്രയില്‍ വണ്ടിയില്‍ പോകുമ്പോള്‍ കാറിന് സ്പീഡ് പോരെന്ന ചിന്തയായിരുന്നു മനസ്സില്‍. എത്ര വേഗത്തില്‍ പോയിട്ടും അത് പോരെന്ന ഭയമുണ്ടായിരുന്നു. പോകാന്‍ ഇറങ്ങിയപ്പോള്‍ തന്നെ വണ്ടിയുടെ ഹോണ്‍ വര്‍ക്കാവാതെ പോയി. ഏറെ ട്രാഫിക്കും അന്നുണ്ടായിരുന്നു. ശരണ്യയുടെ നാത്തൂന്റെ ഫോണ്‍ കോളുകള്‍ തുടരെ വന്ന് കൊണ്ടിരിക്കുകയായിരുന്നു ആ സമയം. ആലപ്പുഴ എത്തിയാല്‍ ചേര്‍ത്തല എത്തിയെന്നും, ചേര്‍ത്തല എത്തിയാല്‍ കായംകുളം എത്തിയെന്നും, ആ കുട്ടിയെ ആശ്വസിപ്പിക്കാനായി ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു. താന്‍ ഇവിടെ നിന്ന് ചെല്ലുമ്പോള്‍ തന്നെ വളരെ സീരിയസായ കണ്ടീഷനിലായിരുന്നു ശരണ്യ.

3

ഓടിയെത്തിയ ദിവസം ദൈവഭാഗ്യം പോലെ വലിയ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല. ഐസിയിവില്‍ കയറി കാണുകയും ചെയ്തു. എന്നാല്‍ അവിടെ നിന്ന് മാറാന്‍ തോന്നിയില്ല. നിങ്ങള്‍ താഴെ പോയി ഇരുന്നോ എന്നെല്ലാം പറയുന്നുണ്ടായിരുന്നു. എന്നാല്‍ ശരണ്യ തനിച്ചായി പോകുമല്ലോ എന്ന് കരുതി അതിന്റെ വാതില്‍ക്കല്‍ തന്നെ ഞാനിരുന്നു. അവളുടെ സഹോദരനും ഭാര്യയും ഉണ്ടായിരുന്നു. അതിനിടയ്ക്ക് ശരണ്യയുടെ വിവരങ്ങള്‍ അറിയാനായി അമ്മയും വന്നിരുന്നു. എന്നാല്‍ ശരണ്യ ആശുപത്രിയില്‍ അങ്ങനെ കാണുന്നത് അമ്മയ്ക്ക് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. അതുകൊണ്ട് അവര്‍ അവിടെ അധിക നേരം നിന്നില്ലെന്നും സീമ പറയുന്നു.

4

രാവിലെ ശരണ്യക്ക് ട്യൂബില്‍ കൂടി കൊടുക്കാനുള്ള ഭക്ഷണവുമായിട്ടാണ് അമ്മ വന്നത്. എന്നാല്‍ ഐസിയുവില്‍ കയറി കാണാന്‍ നില്‍ക്കാതെയാണ് ഗീത ചേച്ചി മടങ്ങിയത്. വൈകീട്ട് തിരിച്ചുവരാമെന്ന് പറഞ്ഞായിരുന്നു മടക്കം. പലപ്പോഴും ശരണ്യയുടെ അമ്മയെ ഫേസ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്റെ മുഖമൊന്ന് വല്ലാതായാല്‍ അതില്‍ നിന്ന് അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവും. പിന്നെ ഉത്തരം പറയാനാവാത്ത അവസ്ഥയുണ്ടാവും. അതാണ് താന്‍ അവരെ കാണാതിരിക്കാന്‍ ശ്രമിച്ചതിന് കാരണം. ഗീത ചേച്ചി പോയ ശേഷം ആളുകളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ ഐസിയുവിന്റെ വാതിലില്‍ നിന്നും പുറത്തേക്ക് കടന്നു. ആ നിമിഷം തന്നെ അവിടെ നിന്നും വിളി വന്നു. തിരികെ എത്തിയപ്പോഴേക്കും ശരണ്യയുടെ സ്ഥിതിയാകെ മാറി. വളരെ മോശം ആരോഗ്യസ്ഥിതിയിലേക്കാണ് അവള്‍ വീണതെന്നും സീമ വ്യക്തമാക്കി.

5

15 മിനുട്ട് നെഞ്ചില്‍ പ്രസ് ചെയ്യുകയാണെന്ന് ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞു. ജീവന്‍ തിരിച്ചുകിട്ടാന്‍ അതാണ് മാര്‍ഗമെന്നും അവര്‍ പറഞ്ഞു. 12.40ന് ഡോക്ടര്‍മാര്‍ പറഞ്ഞു ശരണ്യ പോയെന്ന്, അത് എനിക്ക് വിവരിക്കാന്‍ പോലും പറ്റാത്ത സംഭവമാണെന്ന് സീമ പറയുന്നു. നമ്മുടെ കണ്‍മുമ്പില്‍ വെച്ച് തന്നെ ആളിങ്ങനെ വഴുതി പോവുകയാണ്. അപ്പോഴേക്കും വിവരങ്ങള്‍ പുറത്തായി. മീഡിയ മൊത്തം അറിഞ്ഞു. ഞാന്‍ ഫോണ്‍ ഒക്കെ മാറ്റിവെച്ചു. എന്റെ ടെന്‍ഷന്‍ മുഴുവന്‍ ശരണ്യയുടെ മാതാവിനെ ഇക്കാര്യമെങ്ങനെ അറിയിക്കുമെന്നായിരുന്നു. കാരണം വൈകീട്ട് മകള്‍ക്കുള്ള ഭക്ഷണവുമായി വരാമെന്ന് പറഞ്ഞാണ് അവര്‍ പോയത്. കുറച്ച് നേരത്തെ വിളിച്ചപ്പോഴും പ്രശ്‌നമില്ലെന്നാണ് അവരോട് പറഞ്ഞിരുന്നത്.

6

പിന്നീട് ശരണ്യയുടെ വീട്ടില്‍ പോയി അമ്മയോട് കാര്യം പറയാനായിരുന്നു കരുതിയത്. ആര്‍ക്കും ഫോണിലൂടെ പറയാന്‍ ധൈര്യമില്ലായിരുന്നു. ഇതിനിടയിലാണ് ശരണ്യയെ ധരിപ്പിക്കാനായി വസ്ത്രം വേണമെന്ന് പറയുന്നത്. ആ വസ്ത്രം വാങ്ങാന്‍ ഞാനാണ് പോയത്. വെള്ളയില്‍ ചുവന്ന പൂക്കളുള്ള നിറയെ കല്ലുവെച്ച ഒരു ഗൗണാണ് ശരണ്യക്ക് അവസാനമായി വാങ്ങിയത്. മാലാഖയെ പോലെ അവളെ യാത്രയാക്കണം എന്നുണ്ടായിരുന്നു. ശരണ്യക്കും ഒരുങ്ങാന്‍ വലിയ ഇഷ്ടമായിരുന്നു. അവള്‍ക്ക് ഒരുങ്ങാനുള്ള മേക്കപ്പ് സാധനങ്ങളെല്ലാം ഞാന്‍ വാങ്ങിയിരുന്നു. ഏറ്റവും നന്നായി ഒരുക്കിയിട്ട് വേണം അവളെ തരാനെന്ന് നഴ്‌സുമാരോട് ഞാന്‍ പറയുകയും ചെയ്തു.

7

നല്ലത് പോലെ ഒരുക്കിയാണ് നഴ്‌സുമാര്‍ അവളരെ ഞങ്ങള്‍ക്ക് തന്നത്. രാജകുമാരിയെ പോലെയാണ് അവളെ യാത്രയാക്കിയത്. ശരണ്യയുടെ അമ്മയെ വിവരം അറിയിക്കാന്‍ ഞങ്ങള്‍ തീരുമാനം എടുത്തപ്പോഴേക്കും, വിവരങ്ങളൊക്കെ അവര്‍ സോഷ്യല്‍ മീഡിയ വഴി അറിഞ്ഞിരുന്നു. ആ നിമിഷം കൂടി മകള്‍ക്ക് എങ്ങനെ ഉണ്ടെന്ന് വിളിച്ച് ചോദിച്ച് കുഴപ്പം ഇല്ലെന്ന് ഞങ്ങള്‍ പറഞ്ഞുവെച്ചതായിരുന്നു. അതേ ഫോണിലൂടെ എവിടെ നിന്നോ ശരണ്യക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന സന്ദേശം ആ അമ്മയുടെ കാതുകളിലേക്ക് എത്തി. ആ നിമിഷം ആ അമ്മ സഹിച്ച കാര്യങ്ങള്‍, നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്നും സീമ പറഞ്ഞു.

cmsvideo
  Actress Seema G Nair about late actress Saranya Sasi
  8

  വളരെ സങ്കടകരമായ സാഹചര്യങ്ങളിലൂടെയാണ് അവര്‍ കടന്നുപോയതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇപ്പോഴും അവര്‍ മരുന്നൊക്കെ കഴിച്ച് ആരോഗ്യ നില വീണ്ടെടുത്ത് വരുന്നതേയുള്ളൂ. പഴയ രീതിയിലേക്ക് ശരണ്യയുടെ അമ്മയെ കൊണ്ടുവരാനാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ ശരണ്യയുടെ കൂടെയുണ്ട്. ആരൊക്കെ എന്തൊക്കെ എന്നെ പറ്റി വിമര്‍ശിച്ചാലും പ്രശ്‌നമില്ല. ശരണ്യ ആഗ്രഹിച്ചതൊക്കെ നേടികൊടുക്കാനും, ലോകത്തുള്ള എല്ലാ മലയാളികളുടെ സഹായത്തോടെ എനിക്ക് സാധിച്ചിട്ടുണ്ട്. പൈസ ഇല്ല എന്നതിന്റെ പേരില്‍ ഒരു ചികിത്സയും ശരണ്യക്ക് മുടങ്ങിയിട്ടില്ല. കൊടുക്കാന്‍ സാധിക്കുന്നതിന്റെ ഏറ്റവും മികച്ച ചികിത്സയാണ് നല്‍കിയത്. അതില്ല എന്ന പേരില്‍ ശരണ്യ ഞങ്ങളില്‍ നിന്ന് പോകരുതെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നുവെന്നും സീമ പറഞ്ഞു.

  English summary
  actress seema g nair reveals saranya sasi's days in hospital and helping her goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X