പൃഥ്വിരാജിനെതിരെ പോസ്റ്റിട്ടയാള്‍ക്ക് ഞങ്ങളുമായി യാതൊരു ബന്ധവുമില്ല: സിനിമ വരട്ടേയെന്നും വിഎച്ച്പി
പൃഥ്വിരാജ്-ബേസില്‍ ജോസഫ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂർ അമ്പല നടയില്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിടുകയും ചെയ്തിരുന്നു. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് നിർമ്മിക്കുന്നത്.
അതേസമയം, ചിത്രത്തിനെതിരെ തീവ്ര ഹിന്ദുത്വ വക്താവ് പ്രതീഷ് വിശ്വനാഥ് രംഗത്തെത്തിയത് വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് വഴി തുറന്നത്. വിശ്വ ഹിന്ദുപരിഷത്ത് പൃഥ്വിരാജ് സിനിമയ്ക്കെതിരെ രംഗത്ത് വന്നുവെന്ന തരത്തിലായിരുന്നു ഈ സംഭവം ചർച്ചയായത്. ഇന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ വിഷ്വ ഹിന്ദു പരിഷത്ത് നേതാക്കള്‍ നിഷേധിക്കുകയാണ്.

ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പൃഥിരാജിനെതിരെ ഭീഷണിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് വ്യക്തമാക്കുന്നത്. പൃഥിരാജിനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട പ്രതീഷ് വിശ്വനാഥിന് സംഘടനയുമായി യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നും വി എച്ച് പി സംസ്ഥാന അധ്യക്ഷനും സംവിധായകനുമായ വിജിതമ്പി,ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍ എന്നിവര്‍ വ്യക്തമാക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി എച്ച് പിയില്‍ നിന്നും
പുറത്താക്കപ്പെട്ട വ്യക്തിയാണ് പൃഥ്വിരാജിനെതിരെ പോസ്റ്റിട്ടത്. ഒരു സിനിമ ജനിക്കുന്നതിന് മുമ്പ് അതിന്റെ ജാതകം എഴുതാന്‍ അത്ര ബുദ്ധിയില്ലാത്തവരല്ല. ഏത് സിനിമയാണെങ്കിലും അത് പുറത്ത് വരണം എന്നുള്ളതാണ് ഞങ്ങളുടെ നിലപാടെന്നും വിജി തമ്പി അഭിപ്രായപ്പെടുന്നു.

സിനിമ വന്നതിനു ശേഷം അതില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ആ സമയത്ത് സംഘടനയുടെ പ്രതികരണം ഉണ്ടാകും. ഈ വിവാദവുമായി വിശ്വഹിന്ദു പരിഷത്തിന് യാതൊരു വിധ ബന്ധവുമില്ലെന്നും അനാവശ്യമായി വിശ്വ ഹിന്ദു പരിഷത്തിനെ ഇതിലേക്ക് വലിച്ചിഴച്ചത് പ്രതിഷേധാര്‍ഹമാണെന്നും വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ കൂട്ടിച്ചേർത്തു.
Hair Care: അകാല നരയാണോ അലട്ടുന്നത്: ഡൈ വേണമെന്നില്ല, പരിഹാരം നിങ്ങള്‍ വിചാരിച്ചാല്‍ നടക്കും

അതേസമയം, ഞാൻ വിശ്വഹിന്ദു പരിഷത്ത് നേതാവല്ലെന്ന് പ്രതീഷ് വിശ്വനാഥും വ്യക്തമാക്കി. ഒരു സാധാരണ ഹിന്ദു പ്രവർത്തകൻ മാത്രമാണ് . എത്ര വലിയ മാധ്യമം ആയാലും തെറ്റായ വാർത്തകൾ കൊടുക്കുന്നത് മാധ്യമധർമമല്ലെന്നും ഇത് സംബന്ധിച്ച് തെറ്റായി വന്ന വാർത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് പ്രതീഷ് വിശ്വനാഥ് കൂട്ടിച്ചേർത്തു.

പൃഥ്വിരാജ് സുകുമാരന്‍ എന്ന നടനെ പലരും പരിഹസിച്ചിരുന്ന, തഴഞ്ഞിരുന്ന സമയത്ത് അയാള്‍ക്ക് വലിയ പിന്തുണ നല്‍കുകയും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കാര്യമായ ബൂസ്റ്റിംഗ് നടത്തുകയും ചെയ്തിരുന്ന ഒരു വലിയ വിഭാഗമുണ്ടായിരുന്നു. അവരിന്ന് അയാള്‍ക്ക് എതിരാണ്. പകരം കുറച്ച് സുഡാപ്പികളുടെ പിന്തുണ അയാള്‍ക്ക് ലഭിക്കുന്നുണ്ട് എന്നത് സത്യം. പക്ഷേ അവിടെ അയാള്‍ രണ്ടാംകിടക്കാരനാണ് എന്നത് അയാള്‍ക്ക് മനസ്സിലാകുംബോഴേക്കും ഏറെ വൈകിയിട്ടുണ്ടാകുമെന്നുമായിരുന്നു പ്രതീഷ് വിശ്വനാഥ് നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇന്ത്യന്‍ പൗരന്‍മാരെ ഒരു തരത്തിലും ബാധിക്കില്ല എന്നുറപ്പുള്ള സി എ എയ്ക്കെതിരെ ആരുടെയോ നാവായി നുണ പ്രചരിപ്പിച്ചു കൊണ്ടാണയാള്‍ ആ സര്‍ക്കിളിലേക്ക് കാലെടുത്ത് വച്ചത്. പിന്നാലെ വാര്യന്‍കുന്നന്‍റെ പ്രഖ്യാപനം. ശേഷം ലക്ഷദ്വീപ് വിഷയം. എല്ലാം പോരാഞ്ഞ് നോട്ട് നിരോധനം തുടങ്ങി സര്‍വതിനെയും തന്‍റെ സിനിമകളിലൂടെ അപഹസിക്കല്‍. പൃഥ്വിരാജിന് തോന്നുന്നുണ്ടാകും താങ്കള്‍ക്കെതിരെ ചിലര്‍ പ്രചരണം നടത്തുന്നു, താങ്കളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേല്‍ കൈ വയ്ക്കുന്നു എന്നൊക്കെ. സുഹൃത്തേ മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ നോക്കുക. ഒരു സീരീസായി താങ്കള്‍ ചെയ്ത കാര്യങ്ങളാണത്. പ്രത്യക്ഷത്തില്‍ തന്നെ ഒരു വിഭാഗത്തിനെതിരെ സെലക്ടീവായി നുണ പ്രചരിപ്പിക്കുക. സ്വാഭാവികമായും ഈ ഭാഗത്ത് നിന്നും റിയാക്ഷനുണ്ടാകും.

ഇനി ഇത് താങ്കള്‍ അറിയാതെ ഇത്തരം സംഭവങ്ങളില്‍ പെട്ടു പോകുന്നതാണെങ്കിലോ, അല്ലെങ്കില്‍ ചുറ്റുമുള്ളവര്‍ പെടുത്തുന്നതാണെങ്കിലോ താങ്കള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ അറിയാതെ നിങ്ങളാരുടെയൊക്കെയോ ചട്ടുകമാകുകയാണെന്ന് തിരിച്ചറിയുക. അറിഞ്ഞുകൊണ്ടാണെങ്കില്‍ ഒട്ടും മടിക്കാതെ ഇങ്ങനെ തന്നെ മുന്നോട്ട് പോകുക. ബാക്കിയൊക്കെ അയ്യപ്പൻ തീരുമാനിക്കും പോലെ നടക്കട്ടെയെന്നുമായിരുന്നു പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ കുറിച്ചത്.












Click it and Unblock the Notifications